Cover StoryFrom the EditorNationalNews

ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രധാനം 15 സംസ്ഥാനങ്ങൾ, കോൺഗ്രസിന്‍റെ മാസ്റ്റർപ്ലാൻ

2019ലെ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ മഹസഖ്യത്തിന്‍റെ സാധ്യതകൾ കുറഞ്ഞുവരികയാണ്.എന്നാൽ പ്രധാന സംസ്ഥാനങ്ങളിൽ സഖ്യത്തിനാണ് പ്രതിപക്ഷത്തെ പ്രധാന പാർട്ടിയായ കോൺഗ്രസിന്‍റെ ശ്രമം.ഇന്ത്യയിലെ 15 വലിയ സംസ്ഥാനങ്ങളിലാണ് ലോകസഭാ സീറ്റിന്‍റെ 85%വും ഉളളത്.ഈ സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നത് എന്ന് നോക്കാം.

1.ഗൂജറാത്ത്-സീറ്റുകളുടെ എണ്ണം 26

ലോകസഭയിലേക്ക് 26 സീറ്റുകൾ.ഇവിടെ കോൺഗ്രസ്-ബിജെപി നേരിട്ടുളള ഏറ്റുമുട്ടൽ ആണ്.2014ൽ ബിജെപി 60ശതമാനം വോട്ടും കോൺഗ്രസ് 33.5 ശതമാനം വോട്ടുമാണ് നേടിയത്.നിയമസഭാ തെരഞ്ഞെടുപ്പിലെ വർധിത വീര്യത്തിന്‍റെ അടിസ്ഥാനത്തിൽ ഇവിടെ നില മെച്ചപ്പെടുത്താമെന്ന് കോൺഗ്രസ് കരുതുന്നു.പ്രാദേശിക നേതാക്കളും നിർണായക സാമൂഹിക സംഘടനകളും കോൺഗ്രസിന്‍റെ ഒപ്പമുണ്ട്.

2.മധ്യപ്രദേശ് -സീറ്റുകളുടെ എണ്ണം 29

ക‍ഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 55 ശതമാനം വോട്ട്.കോൺഗ്രസ് നേടിയത് 36 ശതമാനം വോട്ട്.ബിഎസ്പിക്കുളളത് 3.9 ശതമാനം വോട്ട്.പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടേയും അഭിപ്രായ സർവേകളുടേയും പശ്ചാത്തലത്തിൽ കോൺഗ്രസ് ഇവിടെ വിജയം മണക്കുന്നു.

3.രാജസ്ഥാൻ – സീറ്റുകളുടെ എണ്ണം 25

ക‍ഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 56 ശതമാനം വോട്ടും കോൺഗ്രസ് 31 ശതമാനം വോട്ടുമാണ് നേടിയത്.2.4 ശതമാനം വോട്ടുളള ബിഎസ്പിയാണ് മൂന്നാം സ്ഥാനത്ത്.ഇവിടെ കോൺഗ്രസ് വിജയം പ്രതീക്ഷിക്കുന്നു.സർവേകൾ ഇത് ശരിവെക്കുന്നു.

4.ആന്ധ്രപ്രദേശ് – സീറ്റുകളുടെ എണ്ണം 25

പ്രാദേശിക പാർട്ടികൾക്ക് മേൽക്കൈയുളള സംസ്ഥാനം.2014ൽ തെലുങ്ക്ദേശം പാർട്ടി 29ശതമാനവും വൈഎസ്ആർ കോൺഗ്രസ് 28.9 ശതമാനം വോട്ടും നേടി.കോൺഗ്രസ് കരസ്ഥമാക്കിയത് 11.5 ശതമാനം വോട്ടും ബിജെപി 9.5 ശതമാനം വോട്ടും നേടി.തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപിയുടെ സഖ്യകക്ഷിയാണ് കോൺഗ്രസ്.ലോകസഭയിലും അത് ആവർത്തിക്കുമെന്ന് കരുതുന്നു.

5.ഒഡിഷ – സീറ്റുകളുടെ എണ്ണം 21

ബിജു ജനതാദൾ ക‍ഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയത് 45 ശതമാനം വോട്ട്.26 ശതമാനം വോട്ടുമായി കോൺഗ്രസ് രണ്ടാം സ്ഥാനത്ത്.ബിജെപി 22 ശതമാനം.അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ തൃകോണ മത്സരം.

6.പശ്ചിമ ബംഗാൾ – സീറ്റുകളുടെ എണ്ണം 42

ക‍ഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടുകളുമായി ത്രിണമൂൽ കോൺഗ്രസ് മുന്നിൽ.രണ്ടാം സ്ഥാനത്ത് 23 ശതമാനം വോട്ടുമായി സിപിഐഎമ്മാണ് ഉളളത്.17 ശതമാനം വോട്ടോടെ ബിജെപി മൂന്നാം സ്ഥാനത്ത്.ഇവിടെ സഖ്യ സാധ്യതകൾ പ്രവചനാതീതമാണ്.

7.ബിഹാർ – സീറ്റുകളുടെ എണ്ണം 40

2014ൽ ഇവിടെ ഒന്നാം സ്ഥാനത്ത് ബിജെപിയാണ്.30 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്.20 ശതമാനം വോട്ടോടെ ആർജെഡിയാണ് രണ്ടാം സ്ഥാനത്ത്.16 ശതമാനം വോട്ട് നിതീഷ് കുമാറിന്‍റെ ജനതാദൾ യുണൈറ്റഡിന് ഉണ്ട്.കോൺഗ്രസിന് 8.6 ശതമാനം വോട്ടും ലോകജനശക്തിക്ക് 6.5ശതമാനം വോട്ടുമുണ്ട്.ബിജെപി-ജെഡിയു-എൽജെപി സഖ്യത്തെ ആർജെഡിയുമായുളള കൂട്ടുകെട്ടിലൂടെ മറികടക്കാമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.

8.അസം – സീറ്റുകളുടെ എണ്ണം 14

2014ൽ ബിജെപി 37 ശതമാനം വോട്ടും കോൺഗ്രസ് 30 ശതമാനം വോട്ടും നേടി.ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 15 ശതമാനം വോട്ട് നേടി.കോൺഗ്രസും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിൽ സഖ്യസാധ്യത ഏറെയാണ്.അങ്ങിനെയെങ്കിൽ ബിജെപിയെ അനായാസം മറി കടക്കാൻ കോൺഗ്രസിനാവും.

9.ജാർഖണ്ഡ്- സീറ്റുകളുടെ എണ്ണം 14

2014ൽ ബിജെപി നേടിയത് 41 ശതമാനം വോട്ട്.കോൺഗ്രസ് നേടിയതാകട്ടെ 13 ശതമാനം വോട്ടും.പ്രാദേശിക പാർട്ടികളായ ജെവിസിക്ക് 12 ശതമാനം വോട്ടും ജെഎംഎമ്മിന് 9 ശതമാനം വോട്ടുമുണ്ട്.2019ലെ തെരഞ്ഞെടുപ്പിൽ ഈ രണ്ട് പാർട്ടികളും കോൺഗ്രസിനൊപ്പമാണ്.ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്താനാവുമെന്നർത്ഥം.

10.കർണാടക- സീറ്റുകളുടെ എണ്ണം 28

2014ൽ ബിജെപി 43 ശതമാനം വോട്ടും കോൺഗ്രസ് 41 ശതമാനം വോട്ടും നേടി.ജെഡിഎസ് 11 ശതമാനം വോട്ട് നേടി.കോൺഗ്രസ്-ജെഡിഎസ് സഖ്യം നിലനിൽക്കുകയാണെങ്കിൽ കർണാടകയിൽ ബിജെപി നിലംപരിശാകും.

11.മഹാരാഷ്ട്ര – സീറ്റുകളുടെ എണ്ണം 48

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം.2014ൽ ബിജെപി 28ഉം,ശിവസേന 21ഉം,കോൺഗ്രസ് 19‍ഉം,എൻസിപി 18 ശതമാനം വോട്ട് നേടി.സഖ്യങ്ങൾ മാറാൻ ഇടയില്ലെങ്കിലും ബിജെപി -ശിവസേന ആഭ്യന്തര പ്രശ്നങ്ങളും ഭരണ വിരുദ്ധ വികാരവും കോൺഗ്രസിന് തുണയാവും.എന്നാൽ സഖ്യകക്ഷി എൻസിപിയുടെ ചാഞ്ചാട്ടം കോൺഗ്രസിന് തലവേദനയാണ്.

12.തെലങ്കാന – സീറ്റുകളുടെ എണ്ണം 17

ക‍ഴിഞ്ഞ തെരഞ്ഞെടുപ്പിൽ 34 ശതമാനം വോട്ടോടെ തെലങ്കാന രാഷ്ട്ര സമിതി ഒന്നാം സ്ഥാനത്ത്.21 ശതമാനം വോട്ടോടെ കോൺഗ്രസ് രണ്ടാം സ്ഥാനത്ത്.ബിജെപിക്ക് 8.5ഉം തെലുങ്ക്ദേശം പാർട്ടിക്കും വൈഎസ്ആർ കോൺഗ്രസിനും 3ഉം ശതമാനം വോട്ടുണ്ട്.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപിയുമായി കോൺഗ്രസ് സഖ്യം പ്രഖ്യാപിച്ചു ക‍ഴിഞ്ഞു.

13.ഉത്തർപ്രദേശ് – സീറ്റുകളുടെ എണ്ണം 80

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം.2014ൽ ബിജെപിക്ക് 43 ശതമാനം വോട്ട്.എസ്പിക്ക് 22ഉം ബിഎസ്പിക്ക് 20ഉം കോൺഗ്രസിന് 7.5 ശതമാനവും വോട്ടാണ് ഉളളത്.പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ പരീക്ഷണ ശാലയാണ് യുപി.എസ്പി-ബിഎസ്പി-കോൺഗ്രസ് സഖ്യം നിലനിന്നാൽ വാരാണസിയിൽ സാക്ഷാൽ മോഡി പോലും പരാജയം മണക്കും.

14.കേരളം – സീറ്റുകളുടെ എണ്ണം 20

ക‍ഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 31 ശതമാനം വോട്ടും സിപിഐഎമ്മിന് 22 ശതമാനം വോട്ടുമാണ് നേടാനായത്.മുന്നണിപരമാണെങ്കിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം നിൽക്കുന്ന സാഹചര്യം.എന്നാൽ ലോകസഭാ തെരഞ്ഞെടുപ്പാണ് എന്നുളളതിന്‍റെ ആനുകൂല്യം കോൺഗ്രസിനുണ്ട്.ബിജെപിക്കുളളത് 10 ശതമാനം വോട്ട്,അതവരുടെ റെക്കോർഡും.

15.തമി‍ഴ്നാട്- സീറ്റുകളുടെ എണ്ണം 39

രണ്ട് പ്രാദേശിക പാർട്ടികളുടെ ബലപരീക്ഷണം.2014ൽ ജയലളിതയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ 45 ശതമാനം വോട്ട് നേടി.ഡിഎംകെയ്ക്ക് 24 ശതമാനം വോട്ടാണ് ലഭിച്ചത്.ബിജെപിക്ക് 5.6 ശതമാനം വോട്ടും കോൺഗ്രസിന് 4.4 ശതമാനം വോട്ടുമാണുളളത്.കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് സാധ്യതയുണ്ട്.അങ്ങിനെയെങ്കിൽ കൂടുതൽ സീറ്റുകൾ സഖ്യത്തിനാവാൻ ജയലളിതയുടെ അഭാവത്തിൽ സാധ്യതയുണ്ട്.ടിടിവി ദിനകരൻ,വൈക്കോ,രജനീകാന്ത്,കമൽ ഹാസൻ എന്നിവരുെട സ്വാധീനം ട്രെന്‍റിനെ സ്വാധീനിച്ചേക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close