Cover StoryFrom the EditorKeralaNews

പുതുമുഖങ്ങൾ വരട്ടെ,യുവാക്കൾക്ക് കെ സുധാകരന്‍റെ പിന്തുണ

രാജ്യസഭാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച യുവനേതാക്കളുടെ അഭിപ്രായത്തിന് പിന്തുണയുമായി കെ സുധാകരൻ രംഗത്ത്.കാലാവധി അവസാനിക്കുന്ന പിജെകുര്യൻ യുവാക്കൾക്കായി വ‍ഴി മാറണമെന്ന ആവശ്യത്തെ പിന്തുണച്ച് കെ സുധാകരൻ രംഗത്തെത്തി.

കോൺഗ്രസിൽ അ‍ഴിച്ചുപണി ആവശ്യമാണ്.രാജ്യസഭയിലേക്ക് യുവാക്കളെ അയക്കണം.ഹൈക്കമാന്‍റിന് ഇക്കാര്യത്തിൽ വ്യക്തമായ പദ്ധതിയുണ്ടെന്നാണ് കരുതുന്നതെന്നും അതുകൊണ്ട് യുവാക്കൾ പരസ്യ വിമർശനങ്ങളിൽ നിന്ന് പിന്തിരിയണമെന്നും സുധാകരൻ ആ‍വശ്യപ്പെട്ടു.

പിജെ കുര്യൻ രാജ്യസഭയിലേക്കുളള സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ‘യുവ’കലാപം.വിടി ബൽറാമിനും ഷാഫി പറമ്പിലിനും പിന്നാലെ ഹൈബി ഈഡനും റോജി എം ജോണും രംഗത്തെത്തി.

രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്നാണ് ഹൈബിയുടെ വിമർശനം.നേതാക്കളുടെ കൺസോർഷ്യമായി പാർട്ടി മാറിയെന്നും പാർട്ടി താത്പര്യങ്ങൾക്കപ്പുറം വ്യക്തിതാത്പര്യങ്ങൾക്കാണ് മുൻതൂക്കമെന്നും ഹൈബി തുറന്നടിച്ചു.പുതിയ പരിപാടികളും പുതിയ രീതിയുമാണ് ജനങ്ങൾക്കിഷ്ടം.ആ മാറ്റം രാജ്യസഭാ തെരഞ്ഞെടുപ്പിൽ പ്രകടമായില്ലെങ്കിൽ യുവാക്കളിൽ നിന്നും സ്ത്രീകളിൽ നിന്നും പാർട്ടി ഒറ്റപ്പെടുമെന്നും ഹൈബി മുന്നറിയിപ്പ് നൽകി.

ഹൈബി ഈഡന്‍റെ ഫേസ്ബുക്ക് പോസ്റ്റ് –

ഈ രാജ്യത്തിന്റെ ആത്മാവ് തന്നെയായ കോൺഗ്രസ് പാർട്ടി നേരിടുന്ന അപചയം പ്രസ്ഥാനത്തിനപ്പുറം വ്യക്തികൾ വളർന്നുവെന്നതാണ്. നേതാക്കന്മാരുടെ കൺസോർഷ്യമായി പാർട്ടി മാറി. പാർട്ടിയുടെ താൽപ്പര്യങ്ങൾക്കപ്പുറം വ്യക്തികളുടെ താൽപ്പര്യങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നത്. ജനങ്ങൾ കാംക്ഷിക്കുന്നത് പുതിയ പരിപാടികളും പുതിയ രീതിയുമാണ്. ആ മാറ്റം രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രകടമായില്ലെങ്കിൽ അത് ജനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ചെറുപ്പക്കാരിൽ നിന്നും സ്ത്രീകളിൽ നിന്നും പാർട്ടിയെ ഒറ്റപ്പെടുത്തും. പാർലമെന്റിനെ മാനിക്കാത്ത, ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന, സർക്കാർ തന്നെ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന ഈ കാലത്ത് രാജ്യസഭയെ വൃദ്ധസദനമായി പാർട്ടി കാണരുത്. ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട ആ രണഭൂമിയിൽ വാർദ്ധക്യമല്ല, ദൃഢവും ശക്തവുമായ ശബ്ദവും പുതിയ രീതിയുമാണ്. ശ്രീ.പി ജെ കുര്യൻ കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി ത്യാഗഭരിതമായ പ്രവർത്തനം കാഴ്ച വച്ച നേതാവാണ്. എന്നാൽ പ്രസ്ഥാനത്തിന് ഇനി മുന്നോട്ടു പോകുവാൻ പുതിയ ഊർജ്ജം, പുതിയ മുഖം ആവശ്യമാണ് എന്നത് മറ്റാരേക്കാളും അദ്ദേഹം തന്നെ തിരിച്ചറിയണം.

മറുഭാഗത്ത് ഓർമ്മയിൽ വരുന്ന പേരുകൾ വച്ച് നോക്കിയാൽ സി.പി.എം. കഴിഞ്ഞ പതിനഞ്ചു വർഷത്തിനുള്ളിൽ കെ.എൻ. ബാലഗോപാൽ, ടി.എൻ. സീമ, ബ്രിന്ദ കാരാട്ട്, ചന്ദ്രൻ പിള്ള, പി. രാജീവ്, കെ.കെ. രാഗേഷ് ഉൾപ്പടെ നിരവധി പുതുമുഖങ്ങൾക്ക് രാജ്യസഭയിൽ അവസരം നൽകി എന്നത് നാം മറന്നുകൂടാ. മറ്റു പാർട്ടികൾ തങ്ങളുടെ യുവരക്തങ്ങളെ രാജ്യസഭയിലേക്കയച്ച് കൂടുതൽ മികച്ച പാർലമെന്റെറിയൻമാരെ സൃഷ്ടിക്കുമ്പോൾ നമ്മുടെ പാർട്ടി അസംതൃപ്തരെയും മറ്റ് സ്ഥാനങ്ങൾ ലഭിക്കാത്തവരെയും അക്കോമഡേറ്റ് ചെയ്യാനുള്ള വേദിയായി രാജ്യസഭയെ മാറ്റുന്നതു നീതികേടാണ്.

പുതുമുഖം എന്ന് പറയുമ്പോൾ യുവാക്കൾ എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്, പ്രായഭേദമന്യേ പുതിയ വ്യക്തികൾക്ക് അവസരം കൊടുക്കണം. കേരളത്തിന്റെ ചരിത്രത്തിൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് നാളിതു വരെ സാവിത്രി ലക്ഷ്മണൻ എന്ന ഒരു സ്ത്രീ മാത്രമാണ് പാർലമെന്റിൽ എത്തിയിട്ടുള്ളത്, അതും ലോകസഭയിൽ എന്നത് നാം ഓർക്കണം. യുവാക്കൾക്കും, സ്ത്രീകൾക്കുമെല്ലാം അവസരങ്ങൾ നൽകിയില്ലെങ്കിൽ ചില വ്യക്തികൾക്ക് വേണ്ടി മാത്രമായി ഈ പാർട്ടി അധഃപതിക്കുന്ന സാഹചര്യം ഉണ്ടാവും. അത് ഭൂഷണമല്ല. പുതിയ ചിന്തകൾ, പുതിയ നേതൃത്വം, പുതിയ രീതികൾ ഇതൊക്കെയാണ് കാലം നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നത്.

മരണം വരെ പാർലമെന്‍റിലോ അസംബ്ലിയിലോ ക‍ഴിയുകയെന്നത് ചിലരുടെ നേർച്ചയാണെന്ന് റോജി എം ജോണും തുറന്നടിച്ചു.ഇവർ കോൺഗ്രസിന്‍റെ ശാപമാണ്.ഇവരെ മാറ്റാൻ പാർട്ടി തയ്യാറായില്ലെങ്കിൽഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർ അടങ്ങിയിരിക്കില്ലെന്നും റോജി മുന്നറിയിപ്പ് നൽകി.തലമുറമാറ്റത്തിന് വേണ്ടി ഒരു കാലത്ത് ശക്തമായ നിലപാട് സ്വീകരിച്ച ഇപ്പോ‍ഴത്തെ നേതൃത്വം അത് ഉൾക്കൊളളാൻ തയ്യാറാവുമെന്ന് വിശ്വസിക്കുന്നുവെന്നും റോജി വ്യക്തമാക്കി.

റോജി എം ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് –

കോൺഗ്രസ്സ് പ്രസിഡന്റായി ചുമതലയേറ്റ AICC സമ്മേളനത്തിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരെയും സദസ്സിൽ ഇരുത്തി, ഒഴിച്ചിട്ട സ്റ്റേജ് ചൂണ്ടി കാണിച്ച് രാഹൂൽ ഗാന്ധി രാജ്യത്തെ യുവാക്കളോട് പറഞ്ഞത് പാർട്ടി വേദികൾ (സ്ഥാനങ്ങൾ) അവർക്കായി ഒഴിച്ചിട്ടിരിക്കുന്നു എന്നാണ്. ശ്രീ. പി ജെ കുര്യനെ പോലുള്ള മുതിർന്ന നേതാക്കൾ അത് ഓർക്കണമെന്നും, അർഹതയുള്ള മറ്റ് പലർക്കും വേണ്ടി വഴി മാറികൊടുക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ചെങ്ങന്നൂർ നൽകുന്ന പാഠം പൂർണ്ണമായി ഉൾക്കൊള്ളാൻ കോൺഗ്രസ്സ് പാർട്ടി തയ്യാറാകണം. തോൽവിയുടെ ഉത്തരവാദിത്വം ആരുടെയും തലയിൽ കെട്ടിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഉൾപ്പെടെ പ്രചരണ രംഗത്ത് ഉണ്ടായിരുന്ന
എല്ലാവർക്കും അതിൽ പങ്കുണ്ട്.

ഇനി ആവശ്യം തൊലിപ്പുറത്തെ ചികിൽസയല്ല. സാധാരണ പ്രവർത്തകർ ആഗ്രഹിക്കുന്ന പ്രകടമായ മാറ്റങ്ങൾ അനിവാര്യമാണ്. മരണം വരെ പാർലമെന്റിലൊ അസ്സംബ്ലിയിലൊ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ കോൺഗ്രസ്സിന്റെ ശാപമാണ്. പല പാർട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാൻ പാർട്ടി തയാറായില്ലെങ്കിൽ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർ ഇനിയും അടങ്ങിയിരിക്കില്ല എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി ഉയർന്ന് കേൾക്കുന്നത്. ആ വികാരത്തോട് പൂർണ്ണമായും യോജിക്കുന്നു, തലമുറ മാറ്റത്തിന് വേണ്ടി ഒരു കാലത്ത് ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ഇപ്പോഴത്തെ നേതൃത്വം അത് ഉൾക്കൊള്ളാൻ തയാറാകും എന്ന് വിശ്വസിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close