HealthKeralaNews

‘സാഹസികമാസം’ പദ്ധതിക്ക് കണ്ണൂരില്‍ തുടക്കം

തിരുവനന്തപുരം: കേരളത്തിലെയും പ്രത്യേകിച്ച് കണ്ണൂരിലെയും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കാനുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ സാഹസിക മാസം (മന്‍ത് ഓഫ് അഡ്വഞ്ചര്‍) പദ്ധതിക്ക് മേയ് ആറിന് തുടക്കും കുറിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പൊതുജനസമൂഹത്തെ ഒരു കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ട് നാലു ഞായറാഴ്ചകളിലായി നാലു സാഹസിക യജ്ഞങ്ങള്‍ക്കാണ് സാരഥ്യം വഹിക്കുന്ന്. ഇന്ത്യയില്‍ ഒരു ജില്ലാ ഭരണകൂടവും മുന്‍കൈയെടുത്തിട്ടില്ലാത്ത ഈ തുടര്‍ പദ്ധതി, വ്യായാമവും മാനസികോല്ലാസവും ചേര്‍ത്തിണക്കി ജനസമൂഹത്തെ ഒരുമിപ്പിക്കും. ആരോഗ്യപരമായ ജീവിതശൈലിയിലേയ്ക്കു മാറാനാഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഒരു പ്രോത്സാഹനം കൂടിയാണ് ഈ സാഹസികപരിപാടികള്‍ കൊണ്ട് ഉന്നം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സാഹസിക മാസം പദ്ധതിയുടെ വിശദാംശങ്ങള്‍ മന്ത്രി വ്യക്തമാക്കിയത്. തുറമുഖ, പുരാവസ്തു വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദ് അലി ഐ.എ.എസ്. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ടൂറിസത്തിന്റെ സാധ്യതകളും വിനിയോഗിച്ചുകൊണ്ടുള്ള ഈ ചതുര്‍ദിനപരിപാടി, കണ്ണൂരിന്റെ ചരിത്രവും സംസ്‌കാരവും അടുത്തറിയുവാനും ഉപകരിക്കുന്നതാണ്. ‘മന്‍ത് ഓഫ് അഡ്വഞ്ചറി’ന് ആവേശം ഇരട്ടിയാക്കാന്‍ പാകത്തില്‍ ‘ഗിഫ്റ്റ് എ സൈക്കിള്‍’ പ്രചാരണവും ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുന്നുണ്ട്. പ്രിയപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും സൈക്കിള്‍ ദാനം ചെയ്യാന്‍ ആര്‍ക്കും അവസരമൊരുക്കുന്ന പദ്ധതി, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി ഐ.എ.എസ്, കണ്ണൂരില്‍ നാലിന് ഉദ്ഘാടനം ചെയ്യും.

സൈക്കിള്‍യജ്ഞം, മാരത്തോണ്‍ ഓട്ടം, നീന്തല്‍, കയാക്കിംഗ് എന്നിങ്ങനെ സാഹസികര്‍ക്കും കായികപ്രേമികള്‍ക്കും ആവേശമുണര്‍ത്തുന്ന ചേരുവകളുമായാണ് ജില്ലാ ഭരണകൂടം ഇക്കുറി യുവത്വത്തിന്റെ കുതിപ്പാവുന്നത്. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി ഐ.എ.എസിന്റെ ആശയത്തിന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ആതിഥ്യം പകരും.

യുവാക്കള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കുവാന്‍ പാകത്തിലാണ് മേയ് മാസത്തിലെ അവധിക്കാലം തന്നെ ഈ പരിപാടിക്കായി തെരഞ്ഞെടുത്തത്. ഒരിക്കല്‍ അവസരം നഷ്ടപ്പെട്ടാല്‍ മറ്റൊരു ദിനം കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യവും നാലു ഞായറാഴ്ചകളിലെ പരിപാടികള്‍ക്കു പിന്നിലുണ്ട്.

കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ നീളുന്ന സൈക്കിള്‍യജ്ഞത്തോടെയാണ് ‘സാഹസികമാസ’ത്തിന് ആറിന് തുടക്കമാവുക. സൈക്കിളുമായി വരുന്ന ആര്‍ക്കും സൈക്കിള്‍സവാരിയില്‍ പങ്കാളികളാകാം. മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് സൈക്കിള്‍ സവാരി സംഘടിപ്പിക്കുന്നത്.

മേയ് പതിമൂന്നിനുള്ള ‘തലശേരി ഹെരിറ്റേജ് മാരത്തോണ്‍’ ചരിത്രത്തിലേയ്ക്കുള്ള ഒരു ഓട്ടമത്സരമായി മാറും. ആയിരത്തോളം വര്‍ഷത്തിന്റെ ചരിത്രം പേറുന്ന തലശേരിയുടെ മണ്ണിലൂടെയുള്ള 10.5 കിലോമീറ്റര്‍ മാരത്തോണ്‍, ചരിത്രത്തെ അടുത്തറിയാനുള്ള ഒരു അവസരം കൂടിയാകും. തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്‌സ് ചര്‍ച്ച് തുടങ്ങിയ പൈതൃകസ്മാരകങ്ങള്‍ തൊട്ടറിയാന്‍ പാകത്തില്‍ ‘സെല്‍ഫീ പോയിന്റു’കളും ഈ വീഥിയില്‍ ഒരുക്കിയിട്ടുണ്ടാവും.

നീന്തല്‍പ്രേമികള്‍ക്ക് വളപട്ടണം പുഴ കടക്കുവാനുള്ള അവിസ്മരണീയ ദിനമാണ് മേയ് 20. നീന്തല്‍യജ്ഞത്തിന്റെ സാഹസികതയും മനോഹാരിതയും ഒത്തിണങ്ങിയ ‘പറശിനി ക്രോസ്’, 20-ന് കണ്ണൂര്‍ നിവാസികളെ പറശിനിക്കടവിലേയ്ക്ക് ആനയിക്കും. 570 മീറ്റര്‍ വീതിയുള്ള ‘പറശിനിക്രോസ്’ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കിയിട്ടുണ്ട്. നീന്തല്‍ പരിശീലനത്തിനുള്ള അവസരവും അന്നേ ദിനം ഉണ്ടാവും.

കയാക്കിംഗ് എന്തെന്ന് അറിയാത്തവര്‍ക്കും, കയാക്കിംഗ് കാണാനും ആസ്വദിക്കുവാനും കൂടിയുള്ള അവസരമാണ് മേയ് 27-നുള്ള അവസാന ഞായറാഴ്ച ഒരുങ്ങുന്നത്. പയ്യന്നൂരിനടുത്തുള്ള കവ്വായിയില്‍ ക്രമീകരിച്ചിരിക്കുന്ന കയാക്കിംഗ് യജ്ഞം, ടൂറിസം രംഗത്ത് ഒരു പുത്തന്‍ പ്രദേശത്തെക്കൂടി പരിചയപ്പെടുത്തുകയാവും. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ മനോഹരമായ കവ്വായി തടാകപ്രദേശത്തെ ഈ സാഹസിക പരിപാടി, കായികപ്രേമികള്‍ക്ക് തികച്ചും അസുലഭമായ ഒരു അനുഭവം തന്നെയായി മാറും.

ഓരോ ഞായറാഴ്ചയും രാവിലെ മുതല്‍ സജീവമാകുന്ന സാഹസികദിനത്തില്‍, കേരളത്തില്‍ എവിടെ നിന്നും എത്തുന്നവര്‍ക്കും പങ്കാളികളാകാന്‍ പാകത്തിലാണ് ജില്ലാ ഭരണകൂടം സാഹചര്യങ്ങള്‍ ഒരുക്കുന്നത്.

കണ്ണൂരില്‍ നിന്നും പുറത്തുനിന്നുമുള്ള വിവിധ രംഗത്തെ പ്രതിഭകളും സിനിമാ-കായിക താരങ്ങളും ഓരോ ഞായറാഴ്ചയിലെയും പരിപാടികളില്‍ പങ്കെടുക്കും. സാഹസികമാസത്തിന്റെ വന്‍ വിജയത്തിനായി വിപുലമായ രീതിയിലുള്ള പ്രചാരണപരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഓരോ ഞായറാഴ്ചയുമുള്ള സാഹസികപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. www.wearekannur.com എന്ന വെബ്‌സൈറ്റിലും രജിസ്‌ട്രേഷന് അവസരമുണ്ട്. സംശയങ്ങള്‍ക്ക് 9645 454500 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നാണ്.

വിവിധ സാഹസിക പരിപാടികളുടെ ലോഗോയും ഇതോടൊപ്പം പ്രകാശനം ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close