From the EditorTrending

2019ൽ തിരിച്ചു വരവു നടത്താൻ കോൺഗ്രസിന് ശക്തിയുണ്ടോ ?

വിശ്വജിത്ത്

2013ൽ ഇപ്പോ‍ഴത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു പ്രസ്താവന നടത്തുകയുണ്ടായി.അതിങ്ങനെയാണ്,”ഇന്ത്യ ഒരു കമ്പ്യൂട്ടറാണെങ്കിൽ കോൺഗ്രസ് അതിന്‍റെ അടിസ്ഥാന പ്രോഗ്രാം ആണ്.”വ്യാപക വിമർശനം ഈ പ്രസ്താവനക്കെതിരെയുണ്ടായി.എന്നാൽ രാഹുലിന്‍റെ പ്രസ്താവന തികച്ചും അവാസ്തവത്തിൽ നിന്ന് പിറന്നതല്ല.2013 വരെ കോൺഗ്രസിന് കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടത് മൂന്ന് തവണ മാത്രമാണ്:1977,1989,1996.ഇതിൽ രണ്ട് തവണ മെച്ചപ്പെട്ട വോട്ട് ഷെയറും കോൺഗ്രസിനുണ്ടായിരുന്നു(1977ൽ 34.5%,1989ൽ 39.5%).കോൺഗ്രസ് മാത്രമല്ലാത്ത ഒരു സർക്കാർ അഞ്ച് വർഷം തികയ്ക്കുന്നത് 2004ൽ ആണ്.അതു മാത്രമല്ല ഒരു കോൺഗ്രസിതര സർക്കാർ ഇതു വരെ രണ്ട് തവണ തുടർച്ചയായി അധികാരത്തിൽ വന്നിട്ടുമില്ല.

അതുകൊണ്ട് തന്നെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത ഒരാഗ്രഹമാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപി ആഗ്രഹിക്കുന്നത്.തുടർഭരണമെന്ന ചിന്ത.2004ൽ കോൺഗ്രസ് തിരിച്ചു വരുമെന്ന് കടുത്ത വലതു രാഷ്ട്രീയ വിദഗ്ധർ പോലും പ്രവചിച്ചില്ല.ബിജെപിയാകട്ടെ അവരുെട ഏറ്റവും ജനപ്രിയ നേതാവ് അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ യുദ്ധോന്മാദത്തിൽ.എന്നിട്ടും കോൺഗ്രസ് തരിച്ചു വന്നു.2004ൽ ജയിച്ചു കയറി 2009ൽ സീറ്റ്നില മെച്ചപ്പെടുത്തി.ഈ ചരിത്രമുളള പാർട്ടി 2019ൽ അധികാരത്തിലേറുമോ?

ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ കോൺഗ്രസിന്‍റെ രണ്ട് കാലഘട്ടങ്ങളിലെ പ്രകടനം വിലയിരുത്തണം.a)1952-84 b)1989-2014.ആദ്യഘട്ടം തീർച്ചയായും കോൺഗ്രസ് പൂർണമായും അരങ്ങു വാ‍ഴുന്ന കാലഘട്ടം.ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനം കോൺഗ്രസിനു ലഭിച്ച 1977ൽ പോലും 34.5% വോട്ട് കോൺഗ്രസിനുണ്ടായിരുന്നു.1984ൽ അത് 48.1% ആയി ഉയർന്നു.എന്നാൽ രണ്ടാം ഘട്ടത്തിൽ കോൺഗ്രസിന്‍റെ വോട്ടോഹരി കുത്തനെ ഇടിഞ്ഞു.

2004 അല്ല കോൺഗ്രസ് ഏറ്റവും കൂടുതൽ വോട്ടു കൂട്ടി തിരിച്ചു വന്ന വർഷം.1980ൽ 8.2% വോട്ടാണ് കോൺഗ്രസ് ഒറ്റയടിക്ക് വർധിപ്പിച്ചത്.എന്നാൽ എതിരാളികളായ ജനതാ പാർട്ടി ചിന്നഭിന്നമാകുന്ന സമയമായിരുന്നു അത്.പക്ഷെ 2019ൽ എതിരാളിയുടെ പൂർണമായ തകർച്ച കോൺഗ്രസിനു പ്രതീക്ഷിക്കാനാവില്ല.പക്ഷെ 1971,1984,2009 വർഷങ്ങളിലെ സീറ്റ് വർധന കോൺഗ്രസിന് ചരിത്രത്തിന്‍റെ പിന്തുണ നൽകുന്നു.യഥാക്രമം 69,62,61 സീറ്റുകളാണ് ഈ വർഷങ്ങളിൽ വർധിച്ചത്.

കോൺഗ്രസിന്‍റെ വിജയ സാധ്യതകൾ പരിശോധിക്കുമ്പോൾ നാല് കാര്യങ്ങൾ വിലയിരുത്തണം.ആദ്യത്തേത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 20%ൽ താ‍ഴെ വോട്ടോഹരി കോൺഗ്രസിന് ലഭിക്കുന്നത് ഇതാദ്യമാണ്.1952-84 കാലഘട്ടത്തിൽ ഏറ്റവും കുറഞ്ഞ വോട്ടോഹരി 34%ആയിരുന്നു.1984നും 2009നും ഇടയിൽ 25%ത്തിൽ താ‍ഴേക്ക് കോൺഗ്രസിന്‍റെ വോട്ടോഹരി പോയിട്ടില്ല.കോപിച്ചിരിക്കുന്ന സമുദ്രത്തിലെ കപ്പലാണ് കോൺഗ്രസ്.കപ്പിത്താൻ രാഹുൽ ഗാന്ധിക്ക് കപ്പലിനെ രക്ഷപ്പെടുത്താനാവുമോ എന്നാണ് ചോദ്യം.

1980ലൊ‍ഴികെ കോൺഗ്രസിനു തിരിച്ചു വരവിൽ 70 സീറ്റുകളിൽ കൂടുതൽ കിട്ടിയിട്ടില്ല.എന്നാൽ ഇപ്പോൾ കോൺഗ്രസ്,പാർട്ടി ഏറ്റവും താ‍ഴ്ന്ന വോട്ടുശതമാനത്തിലും സീറ്റിലുമാണ്.അതു കൊണ്ടുതന്നെ തിരിച്ചു വരവ് സാധ്യതയുണ്ടാകുമ്പോൾ സീറ്റുകളുടെ അധിക നേട്ടം നൂറിനു മുകളിൽ പോയാലും അത്ഭുതമില്ല.

നാലാമത്തെ കാര്യമെന്നത് ബിജെപിയെ നേരിടാൻ ആരൊക്കെ കോൺഗ്രസിന്‍റെ സഖ്യകക്ഷികളാകുമെന്നതാണ്.2015ലെ ബിഹാർ തെരഞ്ഞെടുപ്പ് മോഡിക്ക് വൻതിരിച്ചടിയായിരുന്നു.എന്നാൽ മഹാസഖ്യത്തെ തകർത്ത് മോഡി പിന്നീട് നിതീഷ് കുമാറിനെ കൂടെ കൂട്ടി.മഹാസഖ്യമുണ്ടാക്കാനാകാതെ ഉത്തർപ്രദേശ് മറ്റു പാർട്ടികൾ ബിജെപിയ്ക്ക് നൽകി.ഇടതു പാർട്ടികളിൽ താരതമ്യേന ശക്തിയുളള സിപിഐഎം ആകട്ടെ കോൺഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടെന്ന് തീരുമാനിച്ചു ക‍ഴിഞ്ഞു.

2014ലെ പ്രകടനം 2019ൽ ആവർത്തിക്കാൻ ബിജെപിക്കാവില്ലെന്ന് ഏതാണ്ട് ഉറപ്പായി ക‍ഴിഞ്ഞു.ഉത്തർപ്രദേശിലും ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും പ‍ഴയ പ്രകടനം ആവർത്തിക്കാൻ ബിജെപിക്കാവില്ല.വടക്കു കി‍ഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും പശ്ചിമബംഗാളിൽ നിന്നും ഒഡിഷയിൽ നിന്നും അധികം കിട്ടുന്ന സീറ്റുകൾ ബിജെപിക്ക് ഈ വിടവ് നികത്തുകയുമില്ല.2014ലെ 282 സീറ്റ് പ്രകടനം ഇപ്പോൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ചിന്നഭിന്നമാകുന്ന പ്രതിപക്ഷത്തിലാണ് ബിജെപിയുടെ പ്രതീക്ഷ.

കർണാടക,രാജസ്ഥാൻ,മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനെ ബിജെപി ഭയപ്പാടോടെയാണ് കാണുന്നത്.കർണാടക തിരിച്ചു പിടിക്കാൻ ബിജെപിക്കായില്ലെങ്കിൽ നേരത്തെ ലോകസഭ തെരഞ്ഞെടുപ്പ് വന്നേക്കും.അങ്ങിനെയെങ്കിൽ നരേന്ദ്ര മോഡി തന്നെയാവണമെന്നില്ല എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി.സഖ്യ കക്ഷികളെ പിണക്കാതെ കൊണ്ടു പോകുന്ന ഒരാളെയാവും ബിജെപിക്കാവശ്യം.

ഇതുവരെ പരീക്ഷിച്ച രീതികളിലാവില്ല കോൺഗ്രസിന്‍റെ ഇനിയുളള നാളുകൾ.ബിജെപിയെ 200 സീറ്റിനുളളിൽ നിർത്താനായാൽ കേന്ദ്ര ഭരണം കോൺഗ്രസിന് അപ്രാപ്യമാവില്ല.രാഹുൽ 2013ൽ പറഞ്ഞ പോലെ ഇപ്പോൾ കോൺഗ്രസ് ഇന്ത്യയെന്ന കമ്പ്യൂട്ടറിന്‍റെ അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റമല്ല.എന്നാൽ ആ സിസ്റ്റത്തിൽ നിന്ന് കോൺഗ്രസ് ഇല്ലാതായിട്ടില്ലെന്ന് മാത്രമല്ല ആ സിസ്റ്റത്തിലേക്ക് പൂർണമായി കയറിപ്പറ്റാൻ ബിജെപിക്ക് ആയിട്ടുമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close