Cover StoryFrom the EditorNationalNews

പ്രിയങ്ക ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷയാകണം, കൂടുതൽ നേതാക്കൾ രംഗത്ത്

രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് ശേഷം കഴിഞ്ഞ ഒന്നരമാസത്തിലേറെയായി നാഥനില്ലാതെ തുടരുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. രാഹുലിന് പകരനക്കാരനായി പല പേരുകളും ഉയര്‍ന്നുകേട്ടെങ്കിലും ഒരു തീരുമാനത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ പ്രസിഡന്റ് ആയേക്കുമെന്ന രീതിയിലായിരുന്നു ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നത്. സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെഹ്ലോട്ട് എന്നിവര്‍ തുടങ്ങി എകെ ആന്റണിയുടേയും കെസി വേണുഗോപാലന്റെയും പേരുകള്‍ വരെ ചര്‍ച്ചയില്‍ ഇടംപിടിച്ചു. ഒരുമാസം കഴിഞ്ഞിട്ടും നേതൃത്വത്തിന്റെ കാര്യത്തില്‍ തീരുമാനമൊന്നും ആവാതെ വന്നതോടെ ചര്‍ച്ചകള്‍ വീണ്ടും നെഹ്രു കുടുംബത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. സോണിയ ഗാന്ധി ഇടക്കാലത്തേക്കെങ്കിലും അധ്യക്ഷ പദവി ഏറ്റെടുക്കണെന്നായിരുന്നു നേതാക്കളുടെ ആവശ്യം. എന്നാല്‍ അധികാരം ഏറ്റെടുക്കാനില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതോടെ രാഹുലിന്റെ പിന്‍ഗാമിയായി പ്രിയങ്ക ഗാന്ധിയെ നിയോഗിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി തുടങ്ങി.

പ്രിയങ്ക ഗാന്ധിയെ എഐസിസി അധ്യക്ഷയാക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവരാണ് രംഗത്ത് എത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും മുന്‍പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകനുമായ അനില്‍ ശാസ്ത്രി, ശ്രീപ്രകാശ് ജയ്‌സ്വാള്‍, മുന്‍ എംപി അഭിജിത് മുഖര്‍ജി, ഒഡീഷയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഭക്തചരണ്‍ ദാസ് എന്നിവരാണ് പ്രിയങ്കയെ എഐസിസിയെ അധ്യക്ഷയാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുള്ളത്. എത്രയും വേഗം പുതിയ പ്രസിഡന്റിനെ കണ്ടത്തണെമെന്നും നിലവിലെ സാഹചര്യത്തില്‍ അതിന് ഏറ്റവും അനുയോജ്യമായ നേതാവ് പ്രിയങ്കയാണെന്നും അനില്‍ ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ രക്ഷപ്പെടുത്തണമെന്നും രാജ്യത്താകമാനുള്ള ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം അവഗണിക്കാന്‍ പ്രിയങ്കക്ക് കഴിയില്ലെന്നുമാണ് അഭിജിത്ത് മുഖര്‍ജി അഭിപ്രായപ്പെട്ടത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസിന്റെ മുന്‍ എംപിയുമാണ് അഭിജിത്ത് മുഖര്‍ജി.

മുത്തശ്ശി ഇന്ദിരാഗാന്ധിയെപ്പോലെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് സാധിക്കും. നിലവില്‍ അതിജീവന പ്രശ്‌നം നേരിടുന്ന കോണ്‍ഗ്രസിന് കരുത്തുറ്റ നേതൃത്വം ആവശ്യമാണ്. ഈ ഉത്തരവാദിത്വം പ്രിയങ്ക ഏറ്റെടുക്കുകയും പാര്‍ട്ടിയുടെ നഷ്ടപ്പെട്ട സുവർണകാലം തിരികെ കൊണ്ടുവരണമെന്നും അഭിജിത്ത് മുഖര്‍ജ്ജി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ നയിക്കാനുള്ള യോഗ്യത പ്രിയങ്ക ഗാന്ധിക്കുണ്ടെന്നാണ് മുന്‍കേന്ദ്രന്ത്രിയായ ശ്രീപ്രകാശ് ജൈസ്വാളും അഭിപ്രായപ്പെട്ടത്. രാഹുലിന്റെ അഭാവത്തില്‍ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ് ഗാന്ധിയെയാണ് കാത്തിരിക്കുന്നതെന്നാണ് ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മൂന്ന് തവണ പാര്‍ലമെന്റ് അംഗവുമായി ഭക്തചരണ്‍ ദാസ് അഭിപ്രായപ്പെട്ടത്. നേതൃസ്ഥാനത്തേക്ക് പ്രിയങ്ക വരണമെന്ന് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെ ആഗ്രഹിക്കുന്നുണ്ട്. പ്രിയങ്ക നേതൃസ്ഥാനത്ത് വന്നാല്‍ ഒരു നല്ല ടീമായിരിക്കും. രാഹുല്‍ജി രാജിതീരുമാനത്തില്‍ നിന്ന് പിന്മാറുന്നില്ലെങ്കില്‍ പ്രിയങ്കയെ തന്നെ തെരഞ്ഞെടുക്കണമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close