Cover StoryFrom the EditorNationalNews

ബിജെപിയിൽ ചേരാമോ എന്ന് അമിത് ഷാ, പറ്റില്ലെന്ന് സിപിഐഎം എംപി

ത്രിപുരയില്‍ നിന്നുളള ഏക രാജ്യസഭാംഗമാണ് ജര്‍ണ ദാസ്. സംസ്ഥാനത്ത് ബിജെപി അഴിച്ച് വിടുന്ന അക്രമങ്ങളില്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടാനാണ് ജര്‍ണ ദാസ് ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് എത്തിയത്. വൈകിട്ട് അഞ്ച് മണിക്കാണ് സിപിഎമ്മിന്റെ വനിതാ എംപിക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് കിട്ടിയത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നീരജ് ശേഖര്‍ എംപി അടക്കമുളളവരുമായുളള ഷായുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഏഴ് മണിക്കാണ് ജര്‍ണയ്ക്ക് ആഭ്യന്തര മന്ത്രിയെ കാണാന്‍ സാധിച്ചത്. ബിജെപിയുടെ രാജ്യസഭാ എംപിയായ ഭൂപേന്ദര്‍ യാദവും ജര്‍ണാ ദാസിന് ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയില്‍ ജര്‍ണാ ദാസിനോട് സിപിഎം വിട്ട് ബിജെപിയില്‍ ചേരാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവസാനിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ അമിത് ഷാ നിങ്ങള്‍ എന്തിന് ആ പാര്‍ട്ടിയില്‍ തുടരണമെന്ന് ചോദിക്കുകയും പിന്നാലെ ബിജെപിയില്‍ ചേരാന്‍ ക്ഷണിക്കുകയുമായിരുന്നു . എന്നാല്‍ ബിജെപി അധ്യക്ഷനെ ഞെട്ടിച്ച മറുപടിയാണ് സിപിഎം എംപി നല്‍കിയത്.

ബിജെപി അധ്യക്ഷനെ കാണാനല്ല താന്‍ വന്നിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെ കാണാനാണ് എന്നാണ് ജര്‍ണാ ദാസ് അമിത് ഷായ്ക്ക് മറുപടി നല്‍കിയത് . ബിജെപിയുടെ ആശയവുമായി തനിക്ക് യാതൊരു യോജിപ്പും ഇല്ലെന്നും ജര്‍ണാ ദാസ് തുറന്നടിച്ചു. ‘താന്‍ ഏക എംപിയായിരിക്കും. ഒരാള്‍ മാത്രമാണെങ്കിലും താങ്കളുടെ പാര്‍ട്ടിക്കെതിരെ ആശയപരമായി പൊരുതും. സിപിഎമ്മിലെ അവസാന ആളും പാര്‍ട്ടിയില്‍ ഉണ്ടാകുന്നത് വരെ താനുമുണ്ടാകും’ എന്നാണ് ജര്‍ണ ദാസ് മറുപടി നല്‍കിയത്.തുടര്‍ന്ന് എന്താണ് നിങ്ങളുടെ പ്രശ്നങ്ങള്‍ എന്നും ആഭ്യന്തര മന്ത്രി ചോദിച്ചു. ത്രിപുരയിലെ ക്രമസമാധാന പ്രശ്നങ്ങള്‍ എംപി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണമെന്നും സംസ്ഥാനം സന്ദര്‍ശിക്കണം എന്നും ജര്‍ണാ ദാസ് അമിത് ഷായോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് അടക്കമുളള പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തി ജര്‍ണാ ദാസ് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കിയാണ് മടങ്ങിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close