Cover StoryFrom the EditorNationalNews

കർണാടക സർക്കാർ വീണാലും ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകില്ല

കര്‍ണാടകയിലെ വിമത എം എല്‍ എമാര്‍ അത്ര വലിയ ഭീഷണി അല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവര്‍ രാജിവച്ചാലോ, അവരെ അയോഗ്യരാക്കിയാലോ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വകയുണ്ട്. വിമത പക്ഷത്തുള്ള പലരും നേരിയ ഭൂരിപക്ഷത്തിലായിരുന്നു 2018 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വിമതരുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ആളാണ് മസ്‌കി മണ്ഡലത്തില്‍ നിന്നുള്ള പ്രതാപ് ഗൗഡ പാട്ടീല്‍. 2008 ല്‍ മസ്‌കി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയിരുന്നു പ്രതാപ്. പിന്നീട് പാര്‍ട്ടിയിലെ വിമതനാവുകയും യെദ്യൂരപ്പയുടെ കര്‍ണാടക ജനപക്ഷ പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. അതിന് ശേഷം 2013 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മസ്‌കി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു.

2019 ല്‍ അത്ര എളുപ്പമായിരുന്നില്ല പ്രതാപ് ഗൗഡയുടെ വിജയം. വെറും 213 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ഗൗഡയ്ക്ക് ലഭിച്ചത്. 0.16 ശതമാനം വോട്ടുകളുടെ മാത്രം ഭൂരിപക്ഷം. ഈ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അത്ര എളുപ്പമൊന്നും ആകില്ല. പക്ഷേ, ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഗൗഡയെ മസ്‌കി മണ്ഡലത്തില്‍ തുരത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി 11,392 വോട്ടുകള്‍ നേടിയിരുന്നു എന്നത് കൂടി പരിഗണിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.ഭൂരിപക്ഷം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിമത എംഎല്‍എ ആണ് ഹിരേകെരുര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിസി പട്ടീല്‍ ആണ്. 555 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ഇദ്ദേഹത്തിന് 2018 ല്‍ ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയെ ആയിരുന്നു ബിസി പട്ടീല്‍ ഹിരേകെരൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ തോല്‍പിച്ചത്. ഈ 2013 ല്‍ പക്ഷേ, ഈ മണ്ഡലം കോണ്‍ഗ്രസിന് കിട്ടിയിരുന്നില്ല. ഹിരേകെരൂരിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു. 3,597 വോട്ടുകളാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി ഇവിടെ പിടിച്ചത്.

മറ്റൊരു വിമത കോണ്‍ഗ്രസ് എംഎല്‍എ ആണ് യെല്ലാപൂരില്‍ നിന്നുള്ള അര്‍ബെയില്‍ ഹെബ്ബാര്‍ ശിവറാം. 1,483 വോട്ടുകളുടെ ഭൂരിപക്ഷം മാത്രം ആയിരുന്നു ഹെബ്ബാറിന് കഴിഞ്ഞ തവണ ലഭിച്ചത്. ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥി മത്സരിച്ചിരുന്നു. 4.5 ശതമാനം വോട്ടും നേടിയിരുന്നു. അതുകൊണ്ട് തന്നെ ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ മണ്ഡലം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനൊപ്പം നില്‍ക്കാനാണ് സാധ്യത. ശക്തമായ മത്സരം നടന്ന മണ്ഡലം ആയിരുന്നു അത്താനി നിയമസഭ മണ്ഡലം. ഇപ്പോള്‍ വിമതനായി നില്‍ക്കുന്ന മഹേഷ് ഇരണഗൗഡ കുമത്തള്ളി 2,331 വോട്ടുകള്‍ക്കായിരുന്നു ഇവിടെ ജയിച്ചത്. അതായത് വെറും 1.4 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം. ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥി 3,381 വോട്ടുകളായിരുന്നു കഴിഞ്ഞ തവണ നേടിയത്. കോണ്‍ഗ്രസും ജെഡിഎസും സഖ്യമായി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഈ മണ്ഡലവും തിരിച്ചുപിടിക്കാവുന്നതേയുള്ളു.

വിമത എംഎല്‍എമാരില്‍ ഒരാളായ എസ്ടി സോമശേഖരന്‍ തിരഞ്ഞെടുക്കപ്പെട്ടത് യശ്വന്ത്പുര മണ്ഡലത്തില്‍ നിന്നായിരുന്നു. ഇവിടെ കഴിഞ്ഞ തവണ ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയത് ജെഡിഎസിന്റെ ടിഎന്‍ ജാവറായി ഗൗഡയും. ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തീരെ ഭയക്കേണ്ടതില്ലാത്ത മണ്ഡലം ആണിത്. ജെഡിഎസ് വിമതന്‍ ജയിച്ച ഹുന്‍സൂര്‍ മണ്ഡലവും സഖ്യ സര്‍ക്കാരിന് പ്രതീക്ഷ അര്‍പിക്കാവുന്ന ഒന്നാണ്. ഇവിടെ കഴിഞ്ഞ തവണ ജെഡിഎസും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു മത്സരം. വോട്ട് വ്യത്യാസം വെറും 4.6 ശതമാനം ആയിരുന്നു. ഒരുമിച്ച് നിന്നാല്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ തിരിച്ചുപിടിക്കാവുന്ന മണ്ഡലം ആണ് ഹുന്‍സുര്‍. ഹോസകോട്ടെയാണ് പ്രതീക്ഷിക്കാവുന്ന മറ്റൊരു മണ്ഡലം. ഏറ്റവും ധനികനായ എംഎല്‍എയും വിമതനും ആയ എംടിബി നാഗരാജ് ആണ് കഴിഞ്ഞ തവണ ഇവിടെ നിന്ന് ജയിച്ചത്. ഇവിടെ പക്ഷേ, ജെഡിഎസിന് അത്ര സ്വാധീനമില്ല. പക്ഷേ, ശക്തമായ മത്സരം കാഴ്ചവച്ചാല്‍ തിരിച്ചുപിടിക്കാവുന്ന മണ്ഡലം തന്നെയാണിത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വെറും പത്ത് ശതമാനത്തില്‍ താഴെ മാത്രം ആയ ആളുകള്‍ ഇനിയും ഉണ്ട് വിമത പക്ഷത്ത്. വിജയനഗരത്തില്‍ നിന്നുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങിന്റെ ഭൂരിപക്ഷം 5.67 ശതമാനം മാത്രം ആയിരുന്നു. ഗോകക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് വിമതന്‍ രമേശ് ലക്ഷ്മണ്‍ റാവു 8.2 ശതമാനത്തിന്റെ ഭൂരിപക്ഷവും രാജരാജേശ്വരി നഗര്‍ എംഎല്‍എ മുനിരത്ന 9.94 ശതമാനത്തിന്റെ ഭൂരിപക്ഷവും മാത്രമാണ് നേടിയിരുന്നത്. കൃഷ്ണരാജ്പേട്ടില്‍ നിന്നുള്ള വിമത ജെഡിഎസ് എംഎല്‍എ നാരായണ ഗൗഡയ്ക്ക് കഴിഞ്ഞ തവണ കിട്ടിയത് 9.84 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close