Cover StoryLifeSpecial

പണത്തിന് മേൽ ഒന്നുമില്ലെന്ന് വിശ്വസിച്ചു, ശരവണ ഭവൻ രാജഗോപാലിന്റെ ജീവിതം സംഭവബഹുലം

അന്തരിച്ച ശരവണ ഭവൻ ഉടമ രാജഗോപാലിന്റെ ജീവിതം കറുപ്പും വെളുപ്പും നിറഞ്ഞതായിരുന്നു. പണത്തിന്റെ മേൽ പരുന്തും പറക്കില്ലെന്നു വിശ്വസിച്ച കോടീശ്വരൻ ഒടുവിൽ സമ്പത്ത് ബാക്കിയാക്കി മടങ്ങി.

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് രാജഗോപാൽ. ഹോട്ടൽ ജീവനക്കാരന്റെ മകളെ കല്യാണം കഴിക്കാനായി ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന കേസിലാണ് പി രാജഗോപാൽ ശിക്ഷിക്കപ്പെട്ടത്.

ആരോഗ്യസ്ഥിതി മാനിച്ച് ഇക്കഴിഞ്ഞ ജൂലൈ 7ന് ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുന്നത് നീട്ടണമെന്ന് രാജഗോപാൽ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ നിരസിക്കപ്പെട്ടു. തുടർന്ന് രാജഗോപാൽ കീഴടങ്ങി. ആരോഗ്യപരമായ കാരണങ്ങളാൽ ആദ്യം സർക്കാർ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ചികിത്സക്കിടെ രണ്ടു തവണ ഹൃദയസ്തംഭനം ഉണ്ടായതായാണ് റിപ്പോർട്ട്‌.

കൊടുംക്രൂരതയുടെ പ്രതിരൂപം എന്ന് തന്നെ രാജഗോപാലിനെ വിളിക്കാം. ശരവണഭവൻ ജീവനക്കാരൻ ആയിരുന്ന പ്രിൻസ് ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ മൂന്നാം ഭാര്യ ആക്കാനുള്ള വ്യഗ്രതയിൽ രാജഗോപാൽ പ്രിൻസിനെ കൊന്നു കുഴിച്ചു മൂടുകയായിരുന്നു. കൊടൈക്കനാൽ കാടുകളിലെ പെരുമാൾമലയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പണം ഉള്ളതിനാൽ കേസിൽ നിന്ന് ഊരിപ്പോകാം എന്നായിരുന്നു രാജഗോപാൽ കരുതിയിരുന്നത്.

ഇന്ത്യയിൽ മാത്രം ശരവണഭവന് 25 ശാഖകൾ ഉണ്ട്. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ അടക്കം 20 രാജ്യങ്ങളിൽ ആയി പടർന്നു പന്തലിച്ചു കിടക്കുന്ന പ്രസ്ഥാനം ആണ് ശരവണഭവൻ. രാജഗോപാലിന്റെ ഹോട്ടലിൽ അസിസ്റ്റന്റ് മാനേജർ ആയിരുന്ന രാമസ്വാമിയുടെ മകൾ ആയിരുന്നു ജീവജ്യോതി. രാമസ്വാമിയുടെ മകന് ട്യൂഷൻ എടുക്കാൻ പ്രിൻസ് വീട്ടിൽ വന്നിരുന്നു. തുടർന്ന് ജീവജ്യോതിയും പ്രിൻസും പ്രണയത്തിൽ ആയി. അന്യമതസ്ഥനുമായുള്ള വിവാഹം രാമസ്വാമി എതിർത്തതിനെ തുടർന്ന് 1999ൽ പ്രിൻസും ജീവജ്യോതിയും രജിസ്റ്റർ വിവാഹം ചെയ്തു.

ഒരു ട്രാവൽ ഏജൻസി തുടങ്ങാൻ വായ്പക്കായി പ്രിൻസും ജീവജ്യോതിയും രാജഗോപാലിനെ കണ്ടു. ഇതിനു പിന്നാലെ രാജഗോപാൽ ജീവജ്യോതിയെ നിരന്തരം ഫോണിൽ വിളിക്കാൻ തുടങ്ങി. അന്ന് ജീവജ്യോതിക്ക് 20 വയസായിരുന്നു പ്രായം. രാജഗോപാൽ ജീവജ്യോതിയോടു തന്റെ ഭാര്യ ആകാൻ ആവശ്യപ്പെട്ടു. ഒരു ജ്യോൽസ്യൻ പറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ജീവജ്യോതി രാജഗോപാലിന്റെ ആവശ്യം നിരാകരിച്ചു. തുടർന്ന് പ്രിൻസിന് എച്ച് ഐ വി ബാധ ഉണ്ടെന്ന് രാജഗോപാൽ ഒരു ഡോക്ടറെ കൊണ്ട് പറയിപ്പിച്ചു.

ശല്യം സഹിക്കവയ്യാതായതോടെ 2001ൽ ജീവജ്യോതി പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു. എന്നാൽ പണം കൊടുത്ത് താൻ പോലീസിനെ തന്റെ പക്ഷത്ത് ആകുമെന്ന് രാജഗോപാൽ നിലപാടെടുത്തു. തുടർന്ന് ചെന്നൈ വിടാൻ പ്രിൻസും ജീവജ്യോതിയും തീരുമാനിച്ചു. രാജഗോപാൽ ഗുണ്ടകളെ വിട്ട് പ്രിൻസിനെ തല്ലിച്ചു. ഇതോടെ ദമ്പതികൾ പോലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് പ്രിൻസിനെ തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതും. കേസിലെ രണ്ടാം പ്രതി ഡാനിയേൽ ഇക്കാര്യങ്ങൾ പോലീസിനോട് തുറന്ന് പറഞ്ഞു.

കേസിൽ സെഷൻസ് കോടതി രാജഗോപാലിന് 10 വർഷം കഠിനതടവ് വിധിച്ചു. കേസ് മദ്രാസ് ഹൈക്കോടതിയിൽ എത്തി. ഹൈക്കോടതി ശിക്ഷ ജീവപര്യന്തം ആക്കി. ഇതോടെ ജയിലിൽ ആയ രാജഗോപാൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close