Cover StoryFrom the EditorNationalNews

മഹാരാഷ്ട്രയിൽ കോൺഗ്രസ്‌ -എൻസിപി സഖ്യം തുടരും, മുന്നണി വിപുലീകരിക്കാനും ശ്രമം

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസും എന്‍ സി പിയും. സീറ്റ് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയ ഇരുപാര്‍ട്ടികളും ഇന്ന് മറ്റ് സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തും. തങ്ങളുടെ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം 2014ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട സീറ്റുകള്‍ പങ്കിടുന്നതിനെ കുറിച്ചും തീരുമാനമെടുത്തു.

2014ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 42സീറ്റും എന്‍ സി പി 41 സീറ്റും നേടിയിരുന്നു. എന്നാല്‍ 48 സീറ്റ് കോണ്‍ഗ്രസിനും 51 സീറ്റ് എന്‍ സി പിക്കും നഷ്ടമായി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പരമാവധി മണ്ഡലങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ഈ 182 മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രികരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം.

അതേസമയം ഇപ്പോള്‍ നടന്നത് പാര്‍ട്ടികള്‍ തമ്മിലുളള പ്രാഥമിക ചര്‍ച്ചയായിരുന്നുവെന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ കൈക്കോര്‍ക്കുന്നതിനെ കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ബാലാസാഹേബ് തോറാത്ത് വ്യക്തമാക്കി. മറ്റ് പാര്‍ട്ടികളുമായി സീറ്റുകള്‍ പങ്കിടുന്നത് സംബന്ധിച്ച് ഇനി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ധേഹം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍ സി പിയും സഖ്യം ചേരണമെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ്താക്കറെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സോണിയ ഗാന്ധിയുമായുളള കൂടിക്കാഴ്ചയിലാണ് രാജ് താക്കറെ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചത്.

സി പി ഐ, സമാജ് വാദി പാര്‍ട്ടി , രാജു ഷെട്ടി നയിക്കുന്ന സ്വാഭിമാനി പക്ഷ , ഹിതേന്ദ്ര താക്കുറിന്റെ നേതൃത്വത്തിലുളള ബഹുജന്‍ വികാസ് അഗതി, പ്രകാശ് അംബേദക്കറിന്റെ വഞ്ചിത് ബഹുജന്‍ അഗതി എന്നീ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുപാര്‍ട്ടികളും സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യാറായത്. മതേതര വോട്ടുകള്‍ ഭിന്നിച്ചുപോകുന്നത് ഒഴിവാക്കാന്‍ പ്രകാശ് അംബേദ്ക്കറിനെ ചര്‍ച്ചയ്ക്ക് ക്ഷണിക്കാനും ഇരുപാര്‍ട്ടികളും തീരുമാനിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close