Cover StoryFrom the EditorNationalNews

കോൺഗ്രസിൽ പ്രിയങ്ക ഗാന്ധിക്കായി മുറവിളി, പ്രിയങ്ക അധ്യക്ഷ ആകണമെന്ന് ആവശ്യം

രാഹുൽ ഗാന്ധി രാജി വെച്ചതിനെ തുടർന്നുള്ള അനിശ്ചിതത്വത്തിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷ ആകണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആണ് പ്രിയങ്ക ഗാന്ധി.

മെയ്‌ 23 ലെ വോട്ടെണ്ണലിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു ശേഷം മെയ്‌ 25ന് നടന്ന പ്രവർത്തക സമിതി യോഗത്തിൽ ആണ് രാഹുൽ ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ വ്യക്തിയെ താൻ നിർദേശിക്കില്ലെന്നും എന്നാൽ നെഹ്‌റു കുടുംബത്തിൽ നിന്ന് ആരെയും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുതെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ച് രണ്ടു മാസം ആയിട്ടും കോൺഗ്രസിന് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താൻ ആയിട്ടില്ല. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ അഭിപ്രായ സമന്വയം ആകാത്തത് ആണ് തടസം. ഈ സാഹചര്യത്തിൽ ആണ് പ്രിയങ്ക ഗാന്ധിക്ക് വേണ്ടിയുള്ള മുറവിളി ഉയരുന്നത്. രാഹുൽ ഗാന്ധിയുടെ ആവശ്യം മുൻനിർത്തി ഇതുവരെ പ്രിയങ്കയ്ക്ക് വേണ്ടിയുള്ള ആവശ്യം പരസ്യമായി ഉയർന്നിട്ടില്ലെങ്കിൽ ഇപ്പോഴത് പരസ്യമായി ഉന്നയിക്കാൻ നേതാക്കൾ ധൈര്യം കാണിച്ചു തുടങ്ങി.

“ഇപ്പോൾ അത്‌ നിരവധി പേർ പറഞ്ഞു തുടങ്ങി. ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഊർജ്ജമുള്ള നേതാവാണ് പ്രിയങ്ക ഗാന്ധി. പാർട്ടിയെ നയിക്കാൻ പ്രിയങ്കയ്ക്ക് കരുത്ത് ഉണ്ട്. “മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ പറഞ്ഞു.

“ദശലക്ഷ കണക്കിന് വരുന്ന പ്രവർത്തകരും നേതാക്കളും ഈ ആവശ്യം ഉന്നയിക്കുകയാണ്. പ്രിയങ്ക ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷ ആകണം “മൂന്ന് തവണ എംപി ആയ ഭക്തചരൺ ദാസ് ആവശ്യപ്പെട്ടു.

“യഥാർത്ഥത്തിൽ ഈ ആവശ്യം കുറച്ചു ദിവസം ആയി ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാൽ എത്തേണ്ടിടത്ത് എത്തുന്നില്ല. രാഹുൽ ഗാന്ധി രാജി പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി ചുമതല ഏറ്റെടുക്കണം. പ്രിയങ്കയ്ക്ക് ഒപ്പം ഒരു ശക്തമായ ടീമും അണിനിരക്കണം “ദാസ് വ്യക്തമാക്കി.

കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ പ്രിയങ്ക നടത്തിയ പ്രസംഗം പാർട്ടിക്കുള്ളിൽ വലിയ ചർച്ച ആയിരുന്നു. ഒരു കൂട്ടം നേതാക്കൾ വെറുതെ ഇരുന്നു പാർട്ടിയെ കൊല്ലുമ്പോൾ തന്റെ സഹോദരൻ പാർട്ടിക്ക് വേണ്ടി കശ്മീർ മുതൽ കന്യാകുമാരി വരെ ഓടിനടന്നു അഹോരാത്രം പണിയെടുക്കുക ആയിരുന്നുവെന്നാണ് പ്രിയങ്ക വിമർശനം ഉന്നയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close