Cover StoryFrom the EditorNationalNews

ഇന്ത്യക്കിനി ഭയക്കേണ്ട,ഫാസിസം വളരുമ്പോൾ പ്രതിരോധവും വളരുമെന്ന പ്രത്യാശക്ക് ബംഗാളിൽ നിന്നൊരു പെൺരൂപം

അമേരിക്കയിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുളള പോസ്റ്ററിൽ വ്യക്തമാക്കുന്ന ഫാസിസത്തിന്‍റെ ആദ്യകാല ലക്ഷണങ്ങൾ ഇന്ത്യയിലും കണ്ടു തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പ്രസംഗം ആരംഭിച്ചത്.ലോക്സഭയിലെ മൊയ്ത്രയുടെ ആദ്യപ്രസംഗം പക്ഷെ ജനാധിപത്യ ഇന്ത്യയുടെ അതിജീവനകാഹളമായാണ് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ദേശീയതയുടെ ആധിക്യമാണ് ഹോളോകോസ്റ്റ് മ്യൂസിയത്തിലെ പോസ്റ്ററിൽ പറയുന്ന ഫാസിസത്തിന്‍റെ ആദ്യലക്ഷണം.കോളേജിൽ പഠിച്ച് ബിരുദമുണ്ടെന്ന് പറയുന്ന മന്ത്രിമാർക്ക് ബിരുദ സർട്ടിഫിക്കറ്റ് കാണിക്കാനാകാത്ത രാജ്യമാണ് ഇന്ന് ഇന്ത്യ.എന്നാൽ പാവങ്ങളിൽ പാവങ്ങളോട് നിങ്ങൾ ഇന്ത്യക്കാരൻ ആണെന്നതിന് എന്ത് തെളിവാണ് ഉളളതെന്ന് ചോദിക്കുന്നു.-മൊയ്ത്ര പ്രസംഗം തുടങ്ങി.

മനുഷ്യാവകാശങ്ങൾക്കു മേലുളള ആക്രമണമാണ് ഫാസിസത്തിന്‍റെ രണ്ടാം ലക്ഷണം.അഞ്ച് കൊല്ലത്തിനുളളിൽ വെറുപ്പുകൊലപാതകങ്ങളുടെ എണ്ണം പത്ത് മടങ്ങ് വർധിച്ചു.രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് മാധ്യമങ്ങൾ നിയന്ത്രിക്കുന്നത് ഒരു വ്യക്തിയാണ്.മാധ്യമങ്ങൾ ഭരണകൂടത്തിന്‍റെ സ്തുതിപാഠകർ ആകുന്നു.

ദേശസുരക്ഷാ മുദ്രാവാക്യങ്ങളാണ് അടുത്ത ലക്ഷണം.എങ്ങും പേടി വിതക്കപ്പെടുന്നു.സൈന്യത്തിന്‍റെ നേട്ടം ഒരാളുടേതാക്കി ചിത്രീകരിക്കപ്പെടുന്നു.മതവും ഭരണകൂടവും തമ്മിൽ വേർത്തിരിവ് ഇല്ലാതാവുന്നു എന്നതാണ് അടുത്ത ലക്ഷണം.പ്രശ്നങ്ങൾക്കെല്ലാം കാരണം ഒരു മതമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.2.77 ഏക്കർ ഭൂമിയിലാണ് പാർലമെന്‍റിലെ ഭൂരിഭാഗത്തിനും താത്പര്യം.എന്നാൽ ബാക്കി 812 ദശലക്ഷം ഏക്കർ ഭൂമിയിൽ ജീവിക്കുന്നവരെ അവർ മറന്നു പോകുന്നു.

കലകളോടും ബുദ്ധിജീവികളോടുമുളള പുച്ഛമാണ് അടുത്ത ലക്ഷണം.വിയോജിപ്പുകൾക്ക് സ്ഥാനമേയില്ല.ശാസ്ത്രത്തെ ചവറ്റുകുട്ടയിലിട്ട് രാജ്യത്തെ അന്ധകാരത്തേക്ക് കൊണ്ടു പോകുന്നു.തെരഞ്ഞെടുപ്പ് സംവിധാനം തകർക്കുന്നുവെന്നതാണ് അടുത്ത ലക്ഷണം.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ജോലി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ മാത്രമുളള ഏജൻസിയായി മാറിയിരിക്കുന്നു.

60,000 കോടി രൂപയാണ് ഇക്ക‍ഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെലവ‍ഴിക്കപ്പെട്ടത്.അതിൽ 27,000 കോടി രൂപയും ചെലവിട്ടത് ഒറ്റ പാർട്ടിയാണ് എന്ന് വെളിവാകുമ്പോൾ ഇന്ത്യൻ ജനാധിപത്യം എത്തി നിൽക്കുന്ന അവസ്ഥ വ്യക്തമാവും.

“എല്ലാ ജനവിഭാഗങ്ങളുടേയും രക്തം ഈ മണ്ണിലുണ്ട്.ആരുടേയും പൈതൃക സ്വത്തല്ല ഇന്ത്യ” എന്ന് അർത്ഥം വരുന്ന കവിത ചൊല്ലിയാണ് മോയ്ത്ര കന്നിപ്രസംഗം അവതരിപ്പിച്ചത്.2016ൽ ബംഗാളിലെ കരിമ്പൂരിൽ നിന്ന് മൊയ്ത്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇപ്പോ‍ഴിതാ ലോക്സഭയിൽ കൊടുങ്കാറ്റായി അവർ അവതരിച്ചിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close