Cover StoryFrom the EditorNationalNews

അധ്യക്ഷ സ്ഥാനത്ത് തുടരില്ല, രാഹുൽ ഗാന്ധി ഉറച്ചു തന്നെ

കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജിയിൽ ഉറച്ച് നിന്ന് കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കൾ അടക്കം സമ്മർദ്ദം ചെലുത്തിയിട്ടും തന്റെ രാജിയിൽ നിന്ന് മാറാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല.

മുൻ അധ്യക്ഷയും പാർട്ടി പാർലമെന്ററി പാർട്ടി ചെയർപേഴ്സണുമായ സോണിയ ഗാന്ധി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടു. രാഹുൽ ഗാന്ധി തുടരണമെന്ന് ശശി തരൂരും മനീഷ് തിവാരിയും യോഗത്തിൽ ആവശ്യപ്പെട്ടു. തോൽവിയുടെ ഉത്തരവാദിത്തം ഒരാൾക്ക് മാത്രം അല്ലെന്നു ഇരുവരും വ്യക്തമാക്കി. എന്നാൽ താൻ മാനസികമായി തയ്യാറായി എന്നും ഇനി പിന്നോട്ടില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ചയിൽ ആയിരുന്നു. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന അഭ്യൂഹങ്ങൾക്ക് ഇത് കാരണമായി. രാഹുൽ ഗാന്ധി തൽസ്ഥാനത്ത് തുടരാൻ നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ മുതിർന്ന നേതാക്കളുടെ യോഗത്തിൽ തീരുമാനം ആയിരുന്നു .

മെയ്‌ 25 ന് നടന്ന പ്രവർത്തക സമിതി യോഗത്തിൽ ആണ് രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഇത്. മുതിർന്ന നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, കമൽനാഥ്, പി ചിദംബരം എന്നിവരെ പേരെടുത്ത് വിമർശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനം. എന്നാൽ രാജി സന്നദ്ധത പ്രവർത്തക സമിതി ഏകകണ്ഠമായി തള്ളി. പക്ഷെ തീരുമാനം മാറ്റാൻ രാഹുൽ ഗാന്ധി തയ്യാറായില്ല.

രാഹുൽ ഗാന്ധി തുടരണമെന്നാണ് ആഗ്രഹമെങ്കിലും അദ്ദേഹത്തെ നിർബന്ധിക്കേണ്ടതില്ല എന്ന് മുതിർന്ന നേതാവ് മണിശങ്കർ അയ്യർ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ നെഹ്‌റു കുടുംബം കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ സജീവമായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close