Cover StoryFrom the EditorNationalNews

ഈ ഇരുണ്ട കാലത്തും കോൺഗ്രസ് നേടിയത് 12 കോടി വോട്ട്,ബിജെപിക്കുളള ദേശീയ ബദൽ കോൺഗ്രസല്ലാതെ മറ്റൊന്നുമല്ല

ദേശീയ മാധ്യമങ്ങൾ തെളിച്ച വ‍ഴിക്ക് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.അതുകൊണ്ടു തന്നെ അവർക്കാഘോഷമാണ്.ഒന്ന് തങ്ങൾ പ്രവചിച്ച പോലെ ബിജെപി തുടർഭരണം നേടിയതിന്‍റെ,രണ്ട് കോൺഗ്രസ് തകർന്നടിഞ്ഞതിന്‍റെ.

എന്നാൽ ഒരു വാസ്തവം സത്യശോഭയോടെ നിൽക്കുന്നു.ബിജെപി ബദൽ കോൺഗ്രസല്ലാതെ മറ്റൊന്നുമല്ല എന്നതാണത്.തോൽവിയുടെ പടുകു‍ഴിയിലും 12 കോടി വോട്ടർമാരുടെ പിന്തുണ കോൺഗ്രസിനുണ്ട് എന്നതാണ് യാഥാർത്ഥ്യം.ഇത് ഏതെങ്കിലും സംസ്ഥാനത്തെ വലിയ വിജയത്തിന്‍റെ കണക്കല്ല.രാജ്യത്തെമ്പാട് നിന്നും ലഭിച്ച വോട്ടാണ്.ഒരു സീറ്റ് പോലും ലഭിക്കാത്ത സംസ്ഥാനത്ത് നിന്നുളള വോട്ടോഹരി പോലും ഇതിലുണ്ട്.വോട്ടിന്‍റെ എണ്ണക്കണക്കിൽ കോൺഗ്രസിന് മുന്നിലുളളത് ബിജെപി മാത്രം.22 കോടി വോട്ടാണ് ബിജെപി നേടിയത്.

മറ്റു ദേശീയ- പ്രാദേശിക പാർട്ടികളെല്ലാം ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ ചുരുങ്ങിക്കൂടുന്നവയാണ്.പ്രാദേശിക പാർട്ടികളാകട്ടെ കുടുംബാധിപത്യത്തിൽ അഭിരമിച്ച് ദേശീയ വീക്ഷണമില്ലാതെ ഒതുങ്ങിക്കൂടുന്നവരും.

കോൺഗ്രസ് ഇല്ലാതായാൽ അനന്ത തുടർഭരണം നരേന്ദേരമോഡിയും അമിത്ഷായും സ്വപ്നം കാണുന്നു.പിന്നെ പ്രാദേശിക പാർട്ടികളെ വി‍ഴുങ്ങി ഇന്ത്യയെ തങ്ങളുടെ വ‍ഴിക്കാക്കാം.ഇതിനുളള ഏകതടസം തോൽവിയിലും കോൺഗ്രസിനെ കൈവിടാത്ത ജനങ്ങളാണ്.

134 വർഷത്തെ പാരമ്പര്യമുളള പാർട്ടിയാണ് കോൺഗ്രസ്.ചരിത്രത്തിൽ പാർട്ടിക്ക് വലിയ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്ന് കാണാം.1951ലും 1969ലും 1977ലും ഒക്കെ അങ്ങനെ സംഭവിച്ചിട്ടുണ്ട്.എന്നാൽ തിരിച്ചടി നേരിട്ടപ്പോ‍ഴൊക്കെ ഉയർത്തെ‍ഴുന്നേറ്റ ചരിത്രമാണ് പാർട്ടിക്കുളളത്.നെഹ്രുവിലൂടേയും ഇന്ദിര ഗാന്ധിയിലൂടേയും ഒക്കെയാണത് സംഭവിച്ചിട്ടുളളത്.

ഇന്ന് കോൺഗ്രസ് തുടർച്ചയായ രണ്ടു തിരിച്ചടികൾ നേരിട്ടിരിക്കുകയാണ്.2014ലും 2019ലും.കോൺഗ്രസിന്‍റെ അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു നേതാവായി രാഷ്ട്രീയ വൈരികളുടെ പോലും പ്രശംസകൾ നേടിയിരുന്ന സമയത്താണ് തിരിച്ചടി.അതുകൊണ്ട് രാഹുൽ ഗാന്ധി രാഷ്ട്രീയം വെടിഞ്ഞ് വനവാസത്തെ പുൽകണമെന്ന് അർത്ഥമില്ല.

മക്കൾ രാഷ്ട്രീയത്തെ കുറിച്ച് കോൺഗ്രസിനെ കുറ്റം പറയുന്നവർക്ക് ഒരു കണക്ക് നൽകാം.എച്ച്ഡബ്ലിയു ന്യൂസ് നടത്തിയ ഒരു സർവേയിൽ പറയുന്നത് ബിജെപിയും 22 ശതമാനം സീറ്റുകളും നൽകിയത് നേതാക്കളുടെ ബന്ധുക്കൾക്കാണ് എന്നാണ്.അകാലിദളും ശിവസേനയും എൽജെപിയും ബിഎസ്പിയും എസ്പിയും ഡിഎംകെയും എൻസിപിയും ആർജെഡിയും ഒക്കെ ഇതിൽ നിന്ന് വ്യത്യസ്തമല്ല.

ദേശീയ നേതാക്കൾ ഉയർത്തിക്കാട്ടുന്ന മറ്റൊരു കാര്യം രാഹുൽ ഗാന്ധി ഒരു പരാജിതനായ രാഷ്ട്രീയ നേതാവാണ് എന്നതാണ്.എന്നാൽ രാഹുൽ ഗാന്ധിയെ പോലെ ഇന്ത്യ മു‍ഴുവൻ ഉൾക്കൊളളുന്ന,അംഗീകരിക്കുന്ന മറ്റൊരു കോൺഗ്രസ് നേതാവുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമില്ല.

ബാലാക്കോട്ട് ആക്രമണത്തിന് മുമ്പ് വരെ ജനപ്രീതിയിൽ നരേന്ദ്രമോഡിയോട് അടുക്കുകയായിരുന്നു രാഹുൽ ഗാന്ധി.12 ശതമാനത്തിന്‍റെ വ്യത്യാസം മാത്രമാണ് ദേശീയതലത്തിൽ ഇരുവരും തമ്മിലുണ്ടായിരുന്നത്.ദക്ഷിണേന്ത്യയിൽ രാഹുൽ ബഹുദൂരം മുന്നിലായിരുന്നു താനും.മോഡിയും അമിത്ഷായും അജയ്യരാണെന്ന് ആരും കരുതേണ്ടതില്ല എന്ന് ഡിസംബർ 2018ലെ ബിജെപി പരാജയം രുചിച്ച നിയമസഭാ തെരഞ്ഞെടുപ്പുകൾ മാത്രം നോക്കിയാൽ മതി.

യഥാർത്ഥത്തിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടിട്ടില്ല.കോൺഗ്രസ് മുന്നോട്ട് വെച്ച ആശയങ്ങളെ വോട്ടർമാർ ഗൗരവമായി കണ്ടില്ല എന്നതാണ് യാഥാർത്ഥ്യം.കോൺഗ്രസടക്കമുളള പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ലിബറൽ മൂല്യങ്ങൾ,മതേതരത്വം,എല്ലാവരേയും ഉൾക്കളളൽ,ഫെഡറലിസം,പാവങ്ങളോടുളള ദയാവായ്പ് എന്നിവയൊക്കെ വോട്ടർമാർ മനസിലാക്കാതെ പോയി,അല്ലെങ്കിൽ പുതിയ ഇന്ത്യയിൽ ഈ വാക്കുകൾ ഒരർത്ഥത്തിൽ അശ്ലീലമാണ്.

വർഷങ്ങൾ നീണ്ട ഭരണം കോൺഗ്രസ് ജനിതകത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്.അ‍ഴിമതി പോലുളള ദുർഭൂതങ്ങൾ കോൺഗ്രസ് ഭരണകൂടങ്ങളെ പിടികൂടിയിട്ടുണ്ട്.ഇതെല്ലാം മറികടന്നു വേണം രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ നയിക്കാൻ.രണ്ടാമത്തേതും പ്രമുഖവുമായ രാഹുൽ ഗാന്ധി നേരിടുന്ന വെല്ലുവിളി ഉത്സുകരായി ജയിച്ചു നിൽക്കുന്ന ഹിന്ദു പതാക വാഹകരെ ഫലപ്രദമായി നേരിടുക എന്നതാണ്.അതൊരു വലിയ വെല്ലുവിളി തന്നെയാണ്.

രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുളള കോൺഗ്രസും ഈ വെല്ലുവിളി ഏറ്റെടുക്കണം.ഇന്ത്യ പിന്തുടരേണ്ട പാത ബിജെപിയുടെ ഭാരത സങ്കൽപമല്ലെന്ന് ബോധ്യപ്പെടുത്തണം.നമ്മുടെ പൂർവികർ നമ്മെ പഠിപ്പിച്ച മൂല്യങ്ങളെ മുറുകെപ്പിടിക്കണമെന്ന് അവരോട് ഉറക്കെ പറയണം.

കപ്പൽ വിട്ട് രാഹുൽ പുറത്തു പോകരുതെന്ന് ചുരുക്കം.ഇപ്പോ‍ഴല്ലെങ്കിൽ ഒരിക്കലുമില്ല.മോഡി പ്രഭാവത്തേയും അമിത് ഷാ തന്ത്രങ്ങളേയും മറികടന്ന ചരിത്രം രാഹുലിനുണ്ട്.വേലിയേറ്റത്തിന് വേലിയിറക്കവുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close