Cover StoryLifeMovies

ഉണ്ട- മമ്മൂട്ടിയുടെ മറ്റൊരു ക്ലാസിക് ചിത്രം

ബസ്തറിലെ മാവോയിസ്റ്റ് കേന്ദ്രത്തിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന എസ്ഐ മണികണ്ഠനും സംഘവും നേരിടുന്ന പ്രതിസന്ധികളും അതിജീവനുമാണ് ഉണ്ട എന്ന മമ്മൂട്ടി സിനിമയുടെ ഇതിവൃത്തം.വെറും ലാത്തിയും ഷീൽഡുകളും സാധാരണ തോക്കും കൊണ്ട് ഈ മേഘലയിൽ സുരക്ഷിതമായി ഇവർക്ക് ജോലി ചെയ്യാനാവുമോ എന്നാണ് സിനിമയുടെ പരിശോധന വിഷയം.

അനുരാഗ കരിക്കിൻ വെളളം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ ഇത്തവണ പ്രേക്ഷകരെ സമീപിക്കുന്നത് ഒരു പൊലീസ് സ്റ്റോറിയുമായാണ്.മെഗാസ്റ്റാർ മമ്മൂട്ടിയുടെ മറ്റൊരു മികച്ച പ്രകടനം ചിത്രത്തെ വ്യത്യസ്തമാക്കുന്നു.മമ്മൂട്ടി മാത്രമല്ല മികച്ച അഭിനയ ശേഷിയുളള യുവനിരയും ചിത്രത്തിന് മേന്മ കൂട്ടുന്നു.ഒരു വല്യേട്ടനോ നായർ സാബോ പ്രതീക്ഷിച്ചാണ് തിയ്യറ്ററുകളിലേക്ക് പോകുന്നതെങ്കിൽ നിരാശയാവും ഫലം.എന്നാൽ യഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്ന കഥാകഥന രീതി ചിത്രത്തെ എണ്ണം പറഞ്ഞ മലയാള ചിത്രങ്ങളിലൊന്നാക്കുന്നു.ഹർഷാദിനൊപ്പം ഖാലിദ് റഹ്മാൻ തന്നെയാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

പുതിയ ബാച്ച് പൊലീസുകാരുമായി നക്സൽ മേഖലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന സാധാരണ കേരള പൊലീസിന്‍റെ നിസഹായത മാത്രമല്ല ചിത്രം,അവരുടെ അതിജീവനത്തിന്‍റേത് മാത്രവുമല്ല,മറിച്ച് കേരള പൊലീസിനുളള ഒരു ബഹുമതി കൂടിയാണ് ചിത്രം.

രാജ്കുമാർ റാവുവിന്‍റെ ന്യൂട്ടനുമായി ചിത്രത്തെ താരതമ്യപ്പെടുത്തുന്നവർ ഉണ്ടായേക്കാം.ദേശീയതയിൽ മാത്രം ഊന്നിനിൽക്കുന്ന അവതരണത്തിന് പകരം പൊലീസ് സേനയുടെ ഉളള് കണ്ടറിഞ്ഞാണ് സിനിമയുടെ മുന്നോട്ട് പോക്ക്.സജിത്ത് പുരുഷന്‍റെ ഛായാഗ്രഹണവും പ്രശാന്ത് പിളളയുടെ സംഗീതവുമെല്ലാം ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു.

ഒരു സൂപ്പർ ഹീറോ പരിവേഷമല്ല മമ്മൂട്ടിക്ക് ഈ ചിത്രത്തിലുളളത്.ഭയമില്ലാത്ത അമാനുഷികനുമല്ല ഈ പൊലീസ് ഓഫീസർ.എന്നാൽ സ്വന്തം കടമ നിറവേറ്റാൻ ഉളളിലെ ഭയം പോലും ഈ മനുഷ്യനെ പിന്തിരിപ്പിക്കുന്നില്ല.

ഒരു സാമൂഹിക-രാഷ്ട്രീയ പ്രസ്താവന തന്നെയാണ് ഉണ്ട.വളരെ ഗൗരവമുളള ‍വിഷയത്തിൽ മേമ്പൊടിക്ക് ഹാസ്യം കൂടി ചേരുമ്പോൾ ഉണ്ട കാണികളെ പിടിച്ചിരുത്തുന്ന ചിത്രമാകുന്നു.ഭരണാധികാരികളും ബ്യാറോക്രസിയും താ‍ഴെതട്ടിലെ പണിയെടുക്കുന്ന വിഭാഗവും തമ്മിലുളള അന്തരത്തെ ചിത്രം വരച്ചു കാട്ടുന്നു.മൃഗങ്ങളല്ല മനുഷ്യരാണ് പൊലീസുകാർ എന്ന് ചിത്രം ഉറക്കെ വിളിച്ചു പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close