Cover StoryFrom the EditorKeralaNews

ആന്റണിക്കും കെസി വേണുഗോപാലിനുമെതിരെ നീക്കം,കെപിസിസി ട്രഷറർ ജോൺസൺ എബ്രഹാമിന്‍റെ മുന്നറിയിപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എകെ ആന്‍റണിക്കും കെസി വേണുഗോപാലിനും എതിരെ ഒരു വിഭാഗം നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ കെപിസിസി ട്രഷറർ ജോൺസൺ എബ്രഹാം രംഗത്ത്.രാഷ്ട്രീയ ശത്രുക്കൾക്കെതിരെ ആയുധം നൽകുന്ന ഇക്കൂട്ടരെ കരുതിയിരിക്കണമെന്ന് ജോൺസൺ എബ്രഹാം മുന്നറിയിപ്പ് നൽകുന്നു.

ജോൺസൺ എബ്രഹാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് –

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത പരാജയം നേരിടേണ്ടി വന്നു.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നതു സംബന്ധിച്ച് അനശ്ചിതാവസ്ഥ നിലനില്ക്കുന്നു. ഈ അവസരം ഉപയോഗിച്ചുകൊണ്ട് പാർട്ടിയുടെ സ്നേഹിതൻമാരും അഭ്യൂദയകാംക്ഷികളും ആണെന്ന വ്യാജേന പാർട്ടിപ്രവർത്തകരിൽ നിരാശയും അന്യതാ ബോധവും വളർത്താനും കോൺഗ്രസ് പാർട്ടിയുടെ സമുന്നതരായ നേതാക്കളെ അധിക്ഷേപിക്കുന്നതിനും ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങളെ അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.

രാഷ്ട്രീയ വിശുദ്ധിയുടെയും,ധാർമ്മികതയുടെയും,സത്യസന്ധതയുടെയും ദേശീയ രാഷ്ട്രീയത്തിലെ വിളക്കുമരമാണ് എ.കെ ആന്റണി.

രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് മൂല്യ ബോധമുള്ള വിദ്യാഭ്യാസം നൽകുന്ന പാഠ്യപദ്ധതിയാണ് ആന്റണിയുടെ സുതാര്യമായ ജീവിതം.

മാനവികതയുടെയും അഴിമതി രഹിത രാഷ്ട്രീയത്തിന്റയും സൂര്യൻ ആന്റണിയുടെ വഴികളിൽ എന്നും ജ്വലിച്ചു നിന്നിട്ടുണ്ട്.

എ.കെ ആന്റണി എന്ന റോൾ മോഡൽ ദേശീയ രാഷ്ട്രീയത്തിലെ സമവാക്യങ്ങളിൽ എന്നും കോൺഗ്രസിന് മുതൽക്കൂട്ടാണ്.
അദ്ദേഹത്തിന്റെ വ്യക്തിത്വത്തെപറ്റിയുള്ള സൂഷ്മമായ വിലയിരുത്തലാണ്-അദ്ദേഹം വച്ചുപുലർത്തുന്ന ലാളിത്യവും, ജീവിത വിശുദ്ധിയും,സത്യസന്ധതയും,മാന്യതയും.

എ.കെ ആന്റണി തുറന്നുവിട്ട ചിന്താധാരകൾ ലക്ഷക്കണക്കിന് സാധാരണ കോൺഗ്രസ് പ്രവർത്തകരിൽ ദിശാബോധവും ആദർശത്തിന്റെ വഴിത്താരകളും സൃഷ്ടിച്ചിട്ടുണ്ട്.

മതനിരപേക്ഷത,ബഹുസ്വരത,സഹിഷ്ണുത എന്നീ ഗാന്ധിയൻ,നെഹ്റുവിയൻ ജനാധിപത്യ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന വർത്തമാനകാല സാഹചര്യത്തിൽ ഗാന്ധിയൻ മൂല്യങ്ങളുടെ കാലിക പ്രസക്തി തന്റെ ജീവിതത്തിലൂടെ നമ്മെ ഓർമിപ്പിക്കുന്നത് എ.കെ ആന്റണിയാണ്.

എ.ഐ.സി.സി യുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വിശ്വസ്തത ആർജ്ജിക്കുകയും ചെയ്ത കെ.സി വേണുഗോപാലിനെതിരെയും സമാനമായ ആക്രമണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഴിച്ചു വിട്ടിരിക്കുന്നു.

യുവജന,വിദ്യാർത്ഥി രാഷ്ട്രീയത്തിന് ദിശാബോധം നൽകിയ നേരിന്റേയും നെറിയുടെയും സമരോൽസുകതയുടെയും ഉൽപ്പന്നമാണ് കെ.സി

പതിനാറാം ലോക്സഭയിൽ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എന്നിവരോടൊപ്പം മുൻനിര പോരാട്ടക്കാരനായി സംഘ പരിവാർ രാഷ്ട്രീയത്തിനെതിരെ കഴിവ് തെളിയിച്ചപ്പോൾ മുതലാണ് കെ.സി യെയും ലക്ഷ്യമിട്ട് തുടങ്ങിയത്.

ഇന്ത്യ എന്ന ആശയവും,മതനിരപേക്ഷ സങ്കല്പങ്ങളും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും കൂടുതൽ അപകടത്തിലായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വിശ്വസ്തതയും, പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന എ.കെ ആന്റണിയുടെയും കെ.സി യുടെയും നേതൃത്വം അത്യന്താപേക്ഷിതവും അനിവാര്യമാണ് ഇവർക്കെതിരെ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ശക്തിയായി അപലപിക്കുന്നു.

പാർട്ടി അഭിമുഖീകരിക്കുന്ന നിർണ്ണായക പ്രതിസന്ധിയിൽ രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ ഉപകരണങ്ങളായി ജീർണ്ണതയുടെ രാഷ്ട്രീയം പേറുന്ന, കർട്ടന്റെ പിറകിൽ നിൽക്കുന്ന വിഡ്ഢികളുടെ ലോകത്തു ജീവിക്കുന്ന ഇത്തരം “പഴം തീനി വവ്വാലുകൾ” ക്കെതിരെതികഞ്ഞ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close