Cover StoryLifeMovies

മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി

ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസം കൂടിയാണ് 16, 17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ, ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമാങ്ക മഹോത്സവം. അറബി, യവന, ചീന, ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിന്റെ അധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. അതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പുരണ്ട മഹാ ഇതിഹാസമായി മാറിയത്. മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്യം ലോഗൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റായ മലബാർ മാന്വലിൽ ഉൾപ്പെടെ മാമാങ്ക ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മെഗാ സ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം, . മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്.

മാമാങ്കം സിനിമക്കു പിന്നിൽ ഇവരാണ്

നിർമ്മാണം. : വേണു കുന്നപ്പിള്ളി
സംവിധാനം : എം. പത്മകുമാർ

ഡി.ഒ.പി. : മനോജ് പിള്ള

സംഗീതം: എം. ജയചന്ദ്രൻ
ആക്ഷൻ കൊറിയോഗ്രാഫർ: ശ്യാം കൗശൽ

വി.എഫ്. എക്സ് : എം. കമല കണ്ണൻ
കോസ്റ്റ്വും: എസ്. ബി. സതീശൻ

മേക്കപ്പ്‌: എൻ. ജി. റോഷൻ
ബി.ജി. എം. : സഞ്ജീത് ബൽഹാര

പ്രൊഡക്ഷൻ കൺട്രോളർ : ഡിക്‌സൻ പൊടുത്താസ്.

പ്രധാന അഭിനേതാക്കൾ:

മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ
നായികമാർ :

പ്രാചി തെഹ്ലാൻ,
അനു സിതാര
കനിഹ, ഇനിയ,

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിട്ടുള്ളത്. മരടിൽ എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വെച്ചാണ് ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്. നിർമ്മാണ ചെലവ് അഞ്ചു കോടി കടന്നു.

മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കർ ഭൂമിയിലാണ്. പത്ത് കോടിയിലേറെ രൂപ ചെലവിട്ടാണ് പടു കൂറ്റൻ സെറ്റ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നു മാസം കൊണ്ട് നിർമ്മിച്ച കൂറ്റൻ സെറ്റ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്.

മാമാങ്കത്തിന്റെ സെറ്റുകൾ നിർമ്മിക്കാനായി 10 ടൺ സ്റ്റീൽ, രണ്ടായിരം ക്യുബിക് മീറ്റർ തടി, തുടങ്ങിയവ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്.
300 വർഷം മുമ്പത്തെ കാലഘട്ടം നിർമ്മിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ, തുടങ്ങിയവയും ടൺ ടൺ കണക്കിന് ഉപയോഗിച്ചിട്ടുണ്ട്‌.
40 ദിവസം നീണ്ടു നിൽക്കുന്ന അവസാന പാദ ചിത്രീകരണം പൂർണ്ണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലാണ്. ഇതിനായി പ്രതിദിനം 2000 ലിറ്റർ വിളക്കെണ്ണയാണ് ഉപയോഗിക്കുന്നത്.

നെട്ടൂരിലെ അവസാന ഘട്ട ചിത്രീകരണത്തിൽ 3000 ആളുകൾ വരെ പങ്കെടുക്കുന്ന രംഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ഡസൻ കണക്കിന് ആനകളും കുതിരകളും അവസാന ഘട്ട ചിത്രീകരണത്തിൽ പങ്കെടുക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close