Cover StoryFrom the EditorNationalNews

എക്സിറ്റ്പോൾ ഫലങ്ങൾക്ക്‌ യാഥാർഥ്യവുമായി എത്ര ബന്ധമുണ്ട്?

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പലതും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വമ്പന്‍ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ഒരു പ്രവചനത്തിലും കാര്യമായ മുന്നേറ്റം പറയുന്നില്ല. മോദി പ്രഭാവം മാത്രമാണ് സര്‍വേകള്‍ പലതും സൂചിപ്പിച്ചത്. എന്നാല്‍ പ്രാദേശികമായി ബിജെപിക്കെതിരെ ശക്തമായ വികാരം തന്നെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഇതുവരെയുള്ള ഉപതിരഞ്ഞെടുപ്പുകളും സംസ്ഥാന തിരഞ്ഞെടുപ്പുകളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് അപ്രതീക്ഷിതമായി വന്‍ മുന്നേറ്റം തന്നെ ഉണ്ടാവുമെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. അതിലുപരി 2004ലെ കണക്കുകള്‍ മുഴുവന്‍ തെറ്റിയിരുന്നു. അന്ന് കോണ്‍ഗ്രസിനെ വരെ ഞെട്ടിക്കുന്നതായിരുന്നു, അവര്‍ക്ക് ലഭിച്ച സീറ്റുകള്‍. ഇത്തവണയും ബിജെപി അമിത ആത്മവിശ്വാസത്തിലാണ്. പക്ഷേ 2004ലേത് പോലെ തകര്‍ച്ച അവര്‍ക്കുണ്ടാവില്ല. എന്നാല്‍ 100 സീറ്റുകള്‍ തന്നെ ബിജെപിക്ക് കുറയാനുള്ള എല്ലാ സാധ്യതയുമുണ്ട്.

മോദി ഏറ്റവും കൂടുതല്‍ പ്രചരണം നടത്തിയ സംസ്ഥാന തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ തോല്‍വിയെ കുറിച്ച് പഠിക്കാതെയാണ് സര്‍വ്വേ നടത്തിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മോദി പ്രചാരണം നടത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി ദയനീയമായി പരാജയപ്പെടുകയായിരുന്നു. സര്‍വേകള്‍ പ്രവചിക്കുന്നത് പോലെ മോദി തരംഗം രാജ്യത്തില്ല. ആദ്യത്തെ കാരണം സര്‍വേകളില്‍ അഭിപ്രായം പറയുന്നവര്‍, കൃത്യമായി അത് പറയാറില്ല എന്നതാണ്. പല അഭിപ്രായങ്ങള്‍ പറയുന്നതില്‍ ഏറ്റവും സ്വീകാര്യമായ കാര്യങ്ങളാണ് സര്‍വേകള്‍ എടുക്കാറുള്ളത്. കൂട്ടായ ഒരു വോട്ടുബാങ്ക് ഉണ്ടാവുമ്പോള്‍ അതിനൊപ്പം ഒറ്റയ്ക്ക് ഒരുപാര്‍ട്ടി സ്വാഭാവികമായി നില്‍ക്കാന്‍ സാധിക്കില്ല. യുപിയില്‍ ബിജെപിക്ക് പകുതി സീറ്റുകള്‍ നഷ്ടമാകുമെന്ന കണക്കുകള്‍ പൂര്‍ണമായും വിശ്വസിക്കാം. യാദവ, ദളിത്, ഒബിസി വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയതും സമാജ് വാദി പാര്‍ട്ടി, ബിഎസ്പി സഖ്യം തൂത്തുവാരുമെന്നതിന്റെ സൂചനയാണ്.

മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗ്രാമീണ, കാര്‍ഷിക മേഖലകള്‍ പൂര്‍ണമായും ബിജെപിയെ കൈവിടും. ഇവിടെ കോണ്‍ഗ്രസ് 13 സീറ്റ് വരെ നേടും. കര്‍ഷക മേഖലയില്‍ രാഹുല്‍ ഗാന്ധിക്കുള്ള സ്വാധീനം സര്‍വേകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ന്യായ് പദ്ധതിയേക്കാള്‍ കാര്‍ഷിക ഹബ്ബ് സ്ഥാപിക്കുമെന്ന വാഗ്ദാനമാണ് ഏറ്റവും സ്വീകാര്യമായത്. താങ്ങുവില വര്‍ധിപ്പിക്കുന്നതും, കര്‍ഷക വായ്പ എഴുതി തള്ളിയതും ഇതിനൊപ്പം കോണ്‍ഗ്രസിന് വന്‍ നേട്ടമാകും. ഗുജറാത്ത്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ബീഹാര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവ ബിജെപി കൈവിടും. 140 സീറ്റുകളിലേക്ക് കോണ്‍ഗ്രസിന് എത്തിച്ചേരാന്‍ സാധിക്കും. യുപിഎ കക്ഷികള്‍ ചേരുമ്പോള്‍ ഇത് 200 കടക്കാന്‍ സാധ്യതയുണ്ട്. തമിഴ്നാട്ടിലെ 39 സീറ്റും കോണ്‍ഗ്രസ്, ഡിഎംകെ സഖ്യം നേടുമെന്ന് ഉറപ്പാണ്. ദിനകരന്‍ വിഭാഗം അണ്ണാ ഡിഎംകെയുടെ വോട്ടു പിളര്‍ത്തുന്നത് ഇതില്‍ നിര്‍ണായകമാണ്. കര്‍ണാടകത്തില്‍ ലിംഗായത്തുകള്‍ അടക്കം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വോട്ട് ചെയ്യും. 18 സീറ്റിലേക്ക് ഇവര്‍ എത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ 17 സീറ്റ് യുഡിഎഫിന് ലഭിക്കും. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും തന്നെ മുന്നില്‍ നില്‍ക്കും. ഇവരെല്ലാം പ്രതിപക്ഷ നിരയില്‍ നിര്‍ണായകമാകും.

എന്‍ഡിഎയില്‍ നിന്ന് രാംവിലാസ് പാസ്വാനെയും നിതീഷ് കുമാറിനെയും കൊണ്ടുവരുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ഈ മാസ്റ്റര്‍ സ്ട്രോക്കിന് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കുന്നത്. അതിന് പുറമേ ബിജെപിക്ക് ബദലായി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നിരയെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറാനുള്ള അവസാന ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ഇത് സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം യുപിഎയെ വിളിക്കുന്നതിന് വേണ്ടിയാണ്.കോണ്‍ഗ്രസ് നേടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഗ്രാമീണ മേഖലയിലുള്ള സ്വാധീനം വളരെ ശക്തമാണ്. കര്‍ഷക, ദളിത്, വോട്ടുകളായിരിക്കും കോണ്‍ഗ്രസിനെ പ്രധാനമായും പിന്തുണയ്ക്കുക. ഗുജറാത്തില്‍ ഹര്‍ദിക് പട്ടേല്‍, യുപിയില്‍ ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ സ്വാധീനവും കോണ്‍ഗ്രസിനെ മുന്നേറ്റത്തിലേക്ക് നയിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close