Cover StoryFrom the EditorNationalNews

ബിജെപിയെ അധികാരത്തിൽ എത്തിക്കില്ല, കർണാടകയിൽ ചടുല നീക്കവുമായി കോൺഗ്രസ്‌

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ശക്തമാക്കാനുള്ള നീക്കങ്ങളുമായി രാഹുല്‍ ഗാന്ധി. സഖ്യ ധാരണങ്ങള്‍ക്ക് വിരുദ്ധമായി പരാമര്‍ശങ്ങളോ കരുനീക്കങ്ങളോ നടത്തരുതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ഈ സാഹചര്യത്തില്‍ സഖ്യ സര്‍ക്കാരിന് മേലുള്ള ഭീഷണി ബിജെപി ശക്തമാക്കാനാണ് സാധ്യത. അതേ സമയം കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കര്‍ണാടകയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇരു പാര്‍ട്ടികളും. എന്നാല്‍ സീറ്റ് വിഭജനത്തിലെ പാളിച്ചയും താഴെത്തട്ടില്‍ തുടരുന്ന ജെഡിഎസ്-കോണ്‍ഗ്രസ് തര്‍ക്കങ്ങളും തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ എംഎല്‍എമാര്‍ കൂറുമാറാനുള്ള സാധ്യതയും ശക്തമാണ്. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് തടയിടാനാണ് സഖ്യകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ശക്തമാക്കിയത്. തിരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും കോണ്‍ഗ്രസിനൊപ്പം നിലനില്‍ക്കുമെന്നാണ് ദേവഗൗഡയുടെ നിലപാട്. കോണ്‍ഗ്രസിനും ബിജെപിയും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കുമെന്നും ദേവവഗൗഡ നേരത്തെ വ്യക്തമാക്കിയിരുന്നു. മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപികരിച്ച ശേഷം ഏകോപന സമിതി യോഗം വീണ്ടും ചേരുമെന്ന് പിസിപി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close