Cover StoryFrom the EditorNationalNews

ഉത്തർപ്രദേശിൽ മഹാസഖ്യത്തേക്കാൾ കോൺഗ്രസിനെ ബിജെപി ലക്ഷ്യംവെക്കുന്നതെന്ത് കൊണ്ട്?

“യുപി വിജയം തരും”2019ൽ ബിജെപിയുടെ ഉത്തർപ്രദേശിലെ മുദ്രാവാക്യം ഇതാണ്.ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി-ആർഎൽഡി പാർട്ടികളുടെ മഹാസഖ്യം ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് സർവേകളുടെ അടക്കം പ്രവചനം.എന്നാൽ ഏവരേയും ആശ്ചര്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉന്നംവെക്കുന്നത് കോൺഗ്രസിനെയാണ്.അതെന്ത് കൊണ്ടാണ്?

രണ്ട് ലോകസഭാ സീറ്റുകളാണ് ഉത്തർപ്രദേശിൽ കോൺഗ്രസിനുളളത്.ഈ സംഖ്യയെ രണ്ടക്ക സംഖ്യയിലേക്കെത്തിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും ആകുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

80 സീറ്റുമായി ലോകസഭയിലേക്ക് ഏറ്റവുമധികം എംപിമാരെ അയക്കുന്ന ഉത്തർപ്രദേശിനെ ഹിന്ദി ഹൃദയഭൂമി എന്ന് തന്നെ വിളിക്കാം.ബിജെപിക്ക് ഉത്തർപ്രദേശിൽ ഉണ്ടാകുന്ന ഏതൊരു തിരിച്ചടിയും മഹാസഖ്യത്തിന് നേട്ടമാകുമെന്നാണ് രാഷ്ട്രീയ വിശകലനം നടത്തുന്ന ആരും പറയുക.എന്നാൽ ബിജെപി പ്രചാരണത്തിലെങ്കിലും മുഖ്യശത്രുവായി കാണുന്നത് കോൺഗ്രസിനേയാണ്.

മതപരമല്ല ജാതിപരമാണ് ഉത്തർപ്രദേശിലെ പോരാട്ടം.രാഷ്ടീയത്തേക്കാൾ ജാതി തെരഞ്ഞെടുപ്പിനെ നിർണയിക്കുന്ന സംസ്ഥാനം.ഇത്തവണത്തെ യുപിയിലെ പോരാട്ടത്തെ സവർണ വോട്ടുകൾക്ക് വേണ്ടിയുളള പോരാട്ടമായി വിശേഷിപ്പിക്കാം.മണ്ഡൽ-മസ്ജിദ് പ്രശ്നങ്ങൾക്ക് ശേഷം ഉത്തർപ്രദേശിലെ രാഷ്ട്രീയത്തിൽ സവർണ വോട്ടുകളെ വോട്ടുബാങ്കായി ആരും കണക്കാക്കിയിരുന്നില്ല.കോൺഗ്രസും പിന്നീട് ബിജെപിയും ഇവരുടെ പിന്തുണ ആർജിച്ചെങ്കിലും മറ്റ് ജാതി വിഭാഗങ്ങളുടെ ഏകശിലാ സ്വഭാവം ഈ വിഭാഗത്തിന് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

ഈ സാഹചര്യത്തിലാണ് കോൺഗ്രസ് യുപിയിലെ 73 സീറ്റുകളിൽ മത്സരിക്കുന്നതിനെ വിലയിരുത്തേണ്ടത്.22 ശതമാനം സവർണ വോട്ടുകൾ ഉത്തർപ്രദേശിലുണ്ടെന്നാണ് കണക്ക്.71 സീറ്റോടെ ബിജെപി തൂത്തുവാരിയ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ച 42 ശതമാനം വോട്ടിൽ ഭൂരിഭാവും ഈ 22 ശതമാനത്തിൽ നിന്നായിരുന്നു.എസ്പി-ബിഎസ്പി പാർട്ടികളുടെ വോട്ടുകൾ ഒന്നിച്ച് കൂട്ടുമ്പോൾ 42 ശതമാനം വരുമെങ്കിലും ആ പാർട്ടികൾ വെവ്വേറെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇനി കോൺഗ്രസ് പ്രചാരണത്തേയും സ്ഥാനാർത്ഥികളേയും പരിശോധിക്കാം.22 ശതമാനം വരുന്ന സവർണ വിഭാഗത്തെ ഉന്നംവെച്ചാണ് മിക്ക മണ്ഡലങ്ങളിലും കോൺഗ്രസിന്‍റെ സ്ഥാനാർത്ഥിത്വം.ഉദാഹരണത്തിന് ഗൗതം ബുദ്ധ നഗറിൽ അരവിന്ദ് കുമാർ സിംഗിനേയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിട്ടുളളത്.സിറ്റിംഗ് എംപി മഹേഷ് ശർമ്മയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.ബ്രാഹ്മണനെ താക്കൂർ എതിരിടുന്നു എന്നാണ് പ്രാദേശിക പ്രചാരണം.സവർണ വോട്ട് കോൺഗ്രസിനും ബിജെപിക്കുമായി പിളരുമ്പോൾ ബിഎസ്പിയാണ് ഇതിന്‍റെ നേട്ടം ഉണ്ടാക്കുക. അതുപോലെ തന്നെ ഗാസിയാബാദിൽ ബ്രാഹ്മണ സ്ഥാനാർത്ഥിയെയാണ് റിട്ടയേർഡ് ജനറൽ വികെ സിംഗിനെതിരെ കോൺഗ്രസ് നിർത്തിയിരിക്കുന്നത്.ഇതും സവർണ വോട്ടിനെ പിളർത്താനാണ്.ഇവിടെ എസ്പിയും ഒരു സവർണ സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്നത്.

മീററ്റിലും സ്ഥിതി വ്യത്യസ്തമല്ല.എംപി രാജേന്ദ്ര അഗർവാളാണ് ബിജെപിയുടെ സ്ഥാനാർത്ഥി.കോൺഗ്രസാകട്ടെ ഹരീന്ദ്ര അഗർവാളിനേയും നിർത്തിയിരിക്കുന്നു.ബനിയ സവർണ വോട്ട് വിഭജിക്കപ്പെടുന്നതോടെ ബിഎസ്പി സ്ഥാനാർത്ഥി ഹാജി മൊഹമ്മദ് യാക്കൂബിന് ജയിക്കാനാകും.മഥുരയിൽ ബിജെപിയുടെ ഹേമ മാലിനിയെ നേരിടുന്നത് തീർത്ഥ പുരോഹിത സംഘത്തിന്‍റെ പ്രസിഡണ്ട് മഹേഷ് പഥക്കാണ്.ബ്രാഹ്മണ വോട്ടിൽ ആ‍ഴത്തിൽ സ്വാധീനമുളള വ്യക്തിയാണ് മഹേഷ് പഥക്ക്.

കി‍ഴക്കൻ ഉത്തർപ്രദേശിന്‍റെ കാര്യമെടുക്കാം.രാജേഷ് മിശ്രയും ദേവ്രത് മിശ്രയുമാണ് സലേംപൂറിലേയും ജൗൻപൂറിലേയും കോൺഗ്രസ് സ്ഥാനാർത്ഥികൾ.ബിജെപിയുടെ സവർണ വോട്ടുകളിൽ വിളളലുണ്ടാക്കാൻ ഇരുവർക്കുമാകും.ഗാസീപൂറിൽ ബിജെപിയുടെ മനോജ് സിൻഹയെ നേരിടുന്നത് കോൺഗ്രസിന്‍റെ അജിത്ത് കുശ്വാഹയാണ്.ഒന്നേ മുക്കാൽ ലക്ഷം കുശ്വാഹ വോട്ട് മണ്ഡലത്തിലുണ്ട്.അത് പരമ്പരാഗത ബിജെപി വോട്ടാണ് താനും.

ലഖ്നൗ ,വാരാണസി സീറ്റുകളിലും സവർണ വോട്ടുകൾ നിർണായകമാണ്.വാരാണസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.ലഖ്നൗവിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ നേരിടാൻ കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത് പ്രമുഖ ടെലിവിഷൻ അവതാരകൻ ആചാര്യ പ്രമോദ് കൃഷ്ണനെയാണ്.കൽക്കിപീഠിന്‍റെ തലവനായിരുന്ന ആചാര്യ പ്രമോദ് കൃഷ്ണ ആധ്യാത്മിക ഗുരു കൂടിയാണ്.ബിജെപിയുടെ വോട്ട് ബാങ്കിൽ വിളളൽ വരുമെന്നർത്ഥം.

വാരണാസിയിൽ മോഡിയെ തോത്പിക്കുക എളുപ്പമല്ല,എന്നാൽ അത് അസാധ്യമല്ല താനും.പ്രിയങ്ക ഗാന്ധി മോഡിയെ എതിരിടുമെന്ന് ശ്രുതിയുണ്ട്.ഇനി പ്രിയങ്ക വന്നില്ലെങ്കിൽ മോഡിയെ എതിരിടാൻ കോൺഗ്രസ് നിയോഗിക്കുക പ്രദേശത്തെ ഒരു പ്രമുഖ ക്ഷേത്രത്തിലെ പൂജാരിയെയാണ്.രണ്ടര ലക്ഷം ബ്രാഹ്മണരും മൂന്ന് ലക്ഷം മുസ്ലീങ്ങളുമുളള മണ്ഡലത്തിൽ അതോടെ കാര്യങ്ങൾ അപ്രവചനീയമാകും.

ജന്മം കൊണ്ട് രജപുത്രനായ യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നതോടെ തങ്ങൾ ത‍ഴയപ്പെടുകയാണെന്ന തോന്നൽ ബ്രാഹ്മണർക്കുണ്ട്.ബിജെപിയിലെ ബ്രാഹ്മണ നേതാക്കളായ മുര‍ളീ മനോഹർ ജോഷി.കൽരാജ് മിശ്ര എന്നിവർക്ക് പാർട്ടി സീറ്റ് നിഷേധിച്ചതും ബ്രാഹ്മണരെ ചൊടിപ്പിച്ചിട്ടുണ്ട്.

കോൺഗ്രസാണ് ഇക്കാര്യങ്ങളിലൂടെ നേട്ടമുണ്ടാക്കാൻ പോകുന്നത്,ഒപ്പം മഹാസഖ്യവും.ബിജെപിയുടെ 22 ശതമാനത്തോളം വരുന്ന സവർണ വോട്ടുകളിൽ വിളളൽ വീ‍ഴ്ത്തുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം.അങ്ങിനെയെങ്കിൽ ബിജെപി ഉത്തർപ്രദേശിൽ വീ‍ഴും.വെറുതെയല്ല നരേന്ദ്രമോഡിയും യോഗി അദിത്യനാഥും ഉത്തർപ്രദേശിലെ തങ്ങളുടെ പ്രമുഖ ശത്രുവായി കോൺഗ്രസിനെ കാണുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close