Cover StoryFrom the EditorNationalNews

ഛത്തീസ്ഗഢിൽ ബിഎസ്പിക്ക് പണി പാളി, സ്ഥാനാർത്ഥി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

ഛത്തീസ്ഗഢില്‍ ബി എസ് പി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ബി എസ് പി സ്ഥാനാര്‍ത്ഥി കൈലേഷ് കുമാര്‍ സാഹു ആണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മത്സരരംഗത്ത് നിന്നും പിന്മാറിയിരിക്കുന്നത്. കോണ്‍ഗ്രസ്, ബിഎസ്പി, ബിജെപി എന്നിവര്‍ ഏറ്റുമുട്ടുന്ന റായ്പൂര്‍ മണ്ഡലത്തില്‍ ത്രികോണ മല്‍സരം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബിഎസ്പി സ്ഥാനാർത്ഥി സ്വയം പിന്‍മാറിയത് ബിജെപിക്കും ആശങ്ക ഇരട്ടിയാക്കി. ഇതോടെ,കോണ്‍ഗ്രസ് ജയം ഉറപ്പിച്ചിരിക്കുകയാണിപ്പോള്‍. ബിഎസ്പിയുടെ ഉന്നത നേതാക്കള്‍ അറിയാതെയാണ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചത്. തനിക്ക് പ്രചാരണത്തിന് വേണ്ടത്ര പിന്തുണ ബിഎസ്പിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് സാഹു പറഞ്ഞു. മാത്രമല്ല ഫണ്ടിന്റെ അഭാവമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. കൈലേഷ് കുമാര്‍ സാഹു കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭുപേഷ് ബാഗലിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ തൃപ്തനാണെന്ന് സാഹു പറഞ്ഞു. സ്ഥാനാര്‍ഥി പിന്മാറിയെങ്കിലും വോട്ട് മാറ്റി ചെയ്യരുതെന്ന് ബിഎസ്പി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാവരും ബിഎസ്പി ചിഹ്നത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്തണമെന്നും ബിഎസ്പി നേതൃത്വം ആവശ്യപ്പെട്ടു.

അതേസമയം, തങ്ങളുടെ സ്ഥാനാര്‍ഥിയെ പണം നല്‍കി വശത്താക്കിയെന്നാണ് കോണ്‍ഗ്രസിനെതിരെ ബിഎസ്പി ഉന്നയിച്ചിരിക്കുന്ന ആരോപണം. ബിജെപിയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ബിഎസ്പിക്ക് വോട്ട് പിടിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ഹേമന്ദ് പോയം പറഞ്ഞു. ജനാധിപത്യത്തിന്റെ മരണമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുതിരക്കച്ചവടമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെയും സാഹുവിനെതിരെയും കേസെടുക്കണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. ബിഎസ്പിയുടെ ആവശ്യത്തിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. മുഖ്യമന്ത്രി ബാഗലാണ് സംഭവത്തിന് പിന്നിലെന്ന് ബിജപി വക്താവ് ശിവരതന്‍ ശര്‍മ കുറ്റപ്പെടുത്തി. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കോണ്‍ഗ്രസ് തളളി. സ്വന്തം തീരുമാനപ്രകാരമാണ് സാഹു കോണ്‍ഗ്രസിന് പി്ന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
അദ്ദേഹം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതില്‍ തങ്ങളെന്ത് പിഴച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു. സാഹു കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close