Cover StoryFrom the EditorNationalNews

ഞാൻ നിങ്ങളെ സസ്പെൻസിൽ നിർത്തുകയാണ്,പ്രിയങ്ക ഗാന്ധി വാരാണസിയിലെ സ്ഥാനാർത്ഥിത്വം തളളിക്കളയാതെ രാഹുൽ ഗാന്ധി

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കുമെന്ന കാര്യം തളളിക്കളയാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.”ഞാൻ നിങ്ങളെ സസ്പെൻസിൽ നിർത്തുകയാണ്”ഇതു സംബന്ധിച്ച ചോദ്യങ്ങളോട് രാഹുൽ പ്രതികരിച്ചു.

അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തോട് എന്തു കൊണ്ട് വാരാണസിയിൽ ആയിക്കൂടാ എന്ന ചോദ്യം പ്രിയങ്ക ഗാന്ധി തിരിച്ചു ചോദിച്ചതോടെയാണ് ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾ പരന്നത്.ഞാനിക്കാര്യം സ്ഥിരീകരിക്കുകയോ തളളിക്കളയുകയോ ചെയ്യുന്നില്ലെന്ന് രാഹുൽ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിച്ചു.

“എന്‍റെ പാർട്ടി എന്നെ ആ ദൗത്യം ഏറ്റെടുക്കുകയാണെങ്കിൽ തീർച്ചയായും ഞാനതേറ്റെടുക്കും.”അമേത്തിയിൽ പ്രിയങ്ക പറഞ്ഞു.പ്രിയങ്ക സ്ഥാനാർത്ഥിയാകുന്നതോടെ ഒരു വലിയ പോരാട്ടമാണ് മോഡിയെ കാത്തിരിക്കുന്നത്.

കി‍ഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുളള ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് നിയമിച്ചതു മുതൽ ഉയരുന്ന ചോദ്യമാണ് പ്രിയങ്ക എവിടെ മത്സരിക്കുമെന്നത്.അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി, ജവഹർലാൽ നെഹ്രു.ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ ജന്മസ്ഥലമായ അലഹബാദ് എന്നിവയിൽ ഏതെങ്കിലും ഒന്നിലാവാനാണ് സാധ്യത എന്നാണ് പറഞ്ഞു കേട്ടത്.എന്നാൽ ഇപ്പോൾ പ്രിയങ്ക വാരാണസിയിൽ മത്സരിക്കും എന്നത് സംബന്ധിച്ച സൂചനയാണ് രാഹുൽ ഗാന്ധി നൽകിയത്.നരേന്ദ്രമോഡി-പ്രിയങ്ക ഗാന്ധി പോരാട്ടം യാഥാർത്ഥ്യമാവുകയാണെങ്കിൽ ആര് ജയിക്കും?കണക്കുകൾ പറയുന്ന കഥയിങ്ങനെ.

“കാശിയിലെ വോട്ടർമാർക്ക് പ്രിയങ്ക ഗാന്ധിയെ എംപിയായി വേണം” പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരാണസിയിൽ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററാണ് 2019ലെ ഏറ്റവും തീപാറുന്ന പോരാട്ടത്തിന്‍റെ സൂചന നൽകുന്നത്.ഒരാൾ പരിണിത പ്രജ്ഞനായ 68കാരനായ രാഷ്ടീയ നേതാവ് മറ്റൊരാൾ സജീവ രാഷ്ട്രീയത്തിലിറങ്ങിയിട്ട് ഏതാനും ദിവസങ്ങൾ ആയിട്ടുളള 47കാരിയായ രാഷ്ട്രീയക്കാരി.ഇവർ ഏറ്റുമുട്ടിയാൽ ആര് ജയിക്കും.കണക്കുകൾ കഥ പറയും.

ഉത്തർപ്രദേശിൽ ജയ-പരാജയങ്ങൾ നിർണയിക്കുന്നത് ജാതിരാഷ്ട്രീയമാണ്.ഏതൊക്കെ വിഭാഗങ്ങൾ ആർക്കൊപ്പം നിൽക്കുമെന്നതാണ് പ്രധാനം.2014ൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇപ്പോ‍ഴത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തോത്പിച്ചത് മൂന്ന് ലക്ഷത്തിൽ പരം വോട്ടിനാണ്.എന്നാൽ ഈ ചരിത്രം മതിയാകുമോ വാരാണസിയിൽ പ്രിയങ്ക ഗാന്ധി എതിരാളിയായി വരുമ്പോൾ നരേന്ദ്രമോഡിക്ക് ജയിക്കാൻ?

വാരാണസി മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചിത്രം പരിശോധിക്കാം.പ്രിയങ്ക ഗാന്ധി വാരാണസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വരികയാണെങ്കിൽ എസ്പി-ബിഎസ്പി സഖ്യം പിന്തുണ പ്രഖ്യാപിക്കുമെന്നതിൽ തർക്കമില്ല.വാരാണസിയിൽ ഏറ്റവും കൂടുതൽ ഉളളത് മുസ്ലിം വോട്ടാണ്.3 ലക്ഷം മുസ്ലീം വോട്ടർമാർ മോഡി ജയിച്ച മണ്ഡലത്തിൽ ഉണ്ട്.ഇതിൽ ഭൂരിഭാഗവും എസ്പി-ബിഎസ്പി പിന്തുണയുളള പ്രിയങ്ക ഗാന്ധിക്ക് പോകും.ഒന്നര ലക്ഷം യാദവന്മാരുണ്ട് മണ്ഡലത്തിൽ. ഇവർ എസ്പിയോടൊപ്പമായതിനാൽ ആ വോട്ടും പ്രിയങ്കക്കും കിട്ടും.ബിഎസ്പി പിന്തുണയുളളതിനാൽ എൺപതിനായിരം ദളിത് വോട്ടും പ്രിയങ്കക്ക് ലഭിക്കും.ഇങ്ങിനെ നോക്കിയാൽ അഞ്ച് ലക്ഷത്തി മുപ്പതിനായിരം വോട്ട് മണ്ഡലത്തിൽ പ്രിയങ്കക്ക് ഉറപ്പാണ്.

ഇതിന് പുറമെ രണ്ടര ലക്ഷം വരുന്ന ബ്രാഹ്മാണന്മാരും ഒന്നര ലക്ഷം വരുന്ന ഭൂമിഹാറുകളും പരമ്പരാഗതമായി കോൺഗ്രസിന് വോട്ടു ചെയ്തവരും മന്ദിർ-മണ്ഡൽ വിഷയങ്ങളെ തുടർന്ന് ബിജെപിയെ പിന്തുണച്ചവരുമാണ്.ഇവർക്ക് കോൺഗ്രസിലേക്ക് തിരിച്ചു വരാൻ മറ്റ് തടസങ്ങൾ ഇപ്പോ‍ഴില്ല.എസ്പി-ബിഎസ്പി സ്ഥാനാർത്ഥികൾ ആണെങ്കിലേ ഇവർ കോൺഗ്രസ് സഖ്യത്തിന് വോട്ട് ചെയ്യാൻ മടിക്കൂ.

ബിജെപിയുടെ വോട്ട് ബാങ്ക് പരിശോധിക്കാം.2 ലക്ഷം വൈശ്യന്മാരുടെ വോട്ട് ബിജെപിക്കാണ്.ഒരു ലക്ഷം രജപുത്രന്മാടെ പിന്തുണയും ബിജെപിക്കാണ്.എൺപതിനായിരം വരുന്ന ചൗരസ്യ,അറുപത്തി അയ്യായിരം വരുന്ന കയസ്ഥ,രണ്ടര ലക്ഷം ബ്രഹ്മണർ,ഒന്നര ലക്ഷം ഭൂമിഹാർമാർ എന്നീ വോട്ടുകൾ ചേർത്താൽ മോഡിക്ക് ലഭിക്കുക എട്ടര ലക്ഷം വോട്ടാണ്.

ഒന്നു കൂടി പരിശോധിച്ചാൽ ഇങ്ങനെ വിലയിരുത്താനാവും.ബിജെപിയെ പിന്തുണക്കുന്ന രണ്ടര ലക്ഷം ബ്രാഹ്മണർക്ക് പ്രിയങ്കയോട് തൊട്ടുകൂടായ്മ ഉണ്ടാവില്ല.അപ്ന ദൾ ഉളളതുകൊണ്ട് ഒന്നര ലക്ഷം വരുന്ന കുർമികൾ മോഡിയെ പിന്തുണക്കാം.എസ്പി പിന്തുണയുളളതു കൊണ്ട് ഒന്നര ലക്ഷം യാദവരുടെ പിന്തുണ പ്രിയങ്കക്കാവും.ഒരു ലക്ഷം വരുന്ന രജപുത്രർ മോഡിക്ക് വോട്ടു ചെയ്യും.അറുപത്തി അയ്യായിരം കയസ്ത വിഭാഗക്കാർ മോഡിക്ക് വോട്ടുചെയ്യും.2 ലക്ഷം വരുന്ന വൈശ്യ വിഭാഗക്കാർ മോഡിക്ക് വോട്ടു ചെയ്യും.എൺപതിനായിരം ചൗരസ്യ വിഭാഗക്കാർ മോഡിക്ക് വോട്ടുചെയ്യും.ഒന്നര ലക്ഷം വരുന്ന, മോഡിക്ക് വോട്ടു ചെയ്തിരുന്ന ഭൂമിഹാറുകാർക്ക് പ്രിയങ്ക വന്നാൽ പുനർവിചിന്തനം ഉണ്ടായേക്കാം.ബിഎസ്പി പിന്തുണയുളളതു കൊണ്ട് എൺപതിനായിരം ദളിതുകൾ പ്രിയങ്കക്ക് വോട്ടുചെയ്യും.എസ്പി പിന്തുണയുളളതു കൊണ്ട് മൂന്ന് ലക്ഷം മുസ്ലീങ്ങൾ പ്രിയങ്കക്ക് വോട്ടുചെയ്യും.

ഇങ്ങിനെ നോക്കിയാൽ മോഡിയുടെ അടിസ്ഥാന വോട്ട് അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരവും പ്രിയങ്കയുടെ അടിസ്ഥാന വോട്ട് അഞ്ച് ലക്ഷത്തി മുപ്പതിനായിരവും ആണ് എന്ന് കാണാം.അപ്പോൾ വിധി നിർണയിക്കുക നാലു ലക്ഷം വരുന്ന മേൽജാതി വോട്ടുകളാണ്.ഇവ പരമ്പരാഗത കോൺഗ്രസ് വോട്ടുകളും ഇപ്പോൾ ബിജെപി വോട്ടുകളുമാണ്. നാല് ലക്ഷം വരുന്ന ബ്രാഹ്മണ-ഭൂമീഹാർ വോട്ടുകളിൽ സാരമായ വിളളൽ വീ‍ഴ്ത്താൻ പ്രിയങ്കക്കായാൽ 2019 ലോകസഭ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടക്കുക വാരാണസിയിൽ ആകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close