Cover StoryFrom the EditorNationalNews

ഭരണഘടന മാറ്റിയെഴുതുമെന്നു മഹാരാഷ്ട്ര ബിജെപി മന്ത്രി

ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് പാര്‍ട്ടി നേതാവും മഹരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രിയുമായ പങ്കജ മുണ്ടെ. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിലാണ് പങ്കജ മുണ്ടെ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തുവന്നു.
ബീഡില്‍ ബിജെപി സ്ഥാനാര്‍ഥി പ്രീതം മുണ്ടെയുടെ തെരഞ്ഞെടുപ്പു റാലിയിലാണ് പങ്കജ മുണ്ടെ നടത്തിയ പ്രസംഗം ഇങ്ങനെ: ”ലോക്സഭയില്‍ നമുക്കു ചെയ്യാനുള്ള ജോലി എന്തൊക്കെയെന്നു നോക്കൂ. ഡോ. ബിആര്‍ അംബേദ്കറാണ് ഭരണഘടന എഴുതിയത്. അതു നമുക്കു മാറ്റിയെഴുതണം. പുതിയ ബില്ലുകള്‍ അവതരിപ്പിക്കണം. പുതിയ നിയമങ്ങളുണ്ടാക്കണം. അതിനൊക്കെ കഴിവുള്ള ഒരാളെയാവണം നമ്മള്‍ ലോക്സഭയിലേക്ക് അയക്കേണ്ടത്”

പങ്കജ മുണ്ടെ ആരോപണ വിധേയയായ മിഠായി കുംഭകോണം പരാമര്‍ശിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് എന്‍സിപിയിലെ ധനഞ്ജയ് മുണ്ടെ പ്രസംഗത്തോടു പ്രതികരിച്ചത്. ഭരണഘടന മാറ്റി എഴുതല്‍ മിഠായി തിന്നുംപോലെ ചെയ്യാവുന്ന കാര്യമല്ലെന്ന് ധനഞ്ജയ മുണ്ടെ പറഞ്ഞു. ആരും അതിനെക്കുറിച്ച് സ്വപ്നം കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുണ്ടെയുടെ പ്രസംഗത്തിലൂടെ ബിജെപിയുടെ യഥാര്‍ഥ മുഖം പുറത്തായെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് കുറ്റപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close