Cover StoryLifeSpecial

ആ ദിവസങ്ങളെ കുറിച്ച് നിങ്ങൾ ആണുങ്ങൾക്ക് വല്ലതും അറിയാമോ?

സ്ത്രീകൾ ജൈവപരമായി അനുഭവിക്കുന്ന ഒന്ന് ഇന്ന് വലിയ ചർച്ചകൾക്ക് വഴി തുറക്കുകയാണ്.

ജീവിതശൈലിയെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്ന ഒന്നായി ആർത്തവ ലക്ഷണങ്ങൾ മാറിയിട്ടുണ്ട്. എങ്കിലും സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. തങ്ങളുടെ ആൺ ബോസ്സുകളോട് ഇക്കാര്യങ്ങൾ തുറന്ന് പറയാൻ സ്ത്രീകൾ മടിക്കുമ്പോൾ ജോലി സ്ഥലത്തെ സമ്മർദ്ദം കൂടുന്നു.

ഞാൻ എന്റെ മുൻ ജോലിയുടെ ഭാഗമായി ആർത്തവ കാലത്ത് അതിരാവിലെ എഴുന്നേൽക്കുന്നതും ശക്തമായ വയറുവേദനയും തലവേദനയും കുറക്കാൻ വേദന സംഹാരികൾ ഉപയോഗിക്കുന്നതും ഓർക്കുകയാണ്. വേദന കടിച്ചമർത്തുമ്പോഴും പ്രേക്ഷകരെ നോക്കി ചിരിക്കുന്ന വൈരുദ്ധ്യത്തെ ഇപ്പോഴും പുഞ്ചിരിയോടെ അല്ല ഞാൻ ആലോചിക്കുന്നത്.

ഞാൻ ഇതൊന്നും എന്റെ ആൺ ബോസ്സിനോട് പറഞ്ഞിരുന്നില്ല. അതാണ്‌ ഇന്നത്തെ കേരളത്തിലെ സ്ഥിതി. നമ്മൾ അങ്ങിനെ അല്ലാതാവാനാണ് ആദ്യം ശ്രമിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു.

എന്റെ സുഹൃത്ത് ഒരു മാധ്യമ പ്രവർത്തക ഉണ്ട്. ആർത്തവ ദിനങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് അവൾ പറയാറുണ്ട്. ദേഷ്യം വരുന്നതിനെ കുറിച്ച്, ഛർദിക്കുന്നതിനെ കുറിച്ച്, ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയെ കുറിച്ച്.. അങ്ങിനെ അങ്ങിനെ അങ്ങിനെ. പക്ഷെ ഈ വിഷയത്തിൽ ഞാൻ എന്റെ ചാനലിൽ ഒരു വീഡിയോ ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ പേര് വെളിപ്പെടുത്തരുത് എന്നായിരുന്നു സുഹൃത്തിന്റെ അഭ്യർത്ഥന. സ്ഥാപനം ഇതിനെ എങ്ങനെ കാണും എന്നായിരുന്നു അവളുടെ ആശങ്ക.

കഴിഞ്ഞ ദിവസം ഒരു ചടങ്ങിന് പിരീഡ്‌സ് ആയതിനാൽ ഞാൻ എത്തില്ലെന്ന് ഒരു ആൺ സുഹൃത്തിനോട് പറഞ്ഞപ്പോൾ അയാൾക്ക് അതൊരു അത്ഭുതം ആയിരുന്നു. പക്ഷെ അതങ്ങനെ തന്നെ പറയണം എന്നെനിക്ക് തോന്നി, ഒരു തലവേദനയോ പനിയോ പോലെ. പീരീഡ്സ് കാലത്ത് ഞാൻ വല്ലാതെ മൂഡ്‌സ്വിങ്സിന് ഇരയാകാറുണ്ട് എന്നത് എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. എന്നാൽ എനിക്ക് മാത്രമല്ല ഇതെന്ന് അവർ പറയാറുണ്ട്.

വ്യായാമവും യോഗയും എല്ലാം കാര്യങ്ങളിൽ കുറച്ച് അയവ് വരുത്തുമെങ്കിലും ജോലിപരമായ കാര്യങ്ങളിൽ ഇതൊരു പ്രശ്നം തന്നെയാണ്. ചിലപ്പോൾ പെണ്ണുങ്ങൾ തന്നെ പെണ്ണുങ്ങളുടെ ശത്രുക്കൾ ആവാറുണ്ട്. ഒരു ഓഫിനോ അവധിക്കോ വേണ്ടി സത്യം പറഞ്ഞാൽ അത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്ന് അവർ പറയും. അങ്ങിനെയെങ്കിൽ ഒരു ഇല്ലാത്ത അസുഖം പറയണോ അതോ എനിക്ക് പിരീഡ്‌സ് ആണെന്ന് പറയണോ?

ആർത്തവം ഒരു ശാരീരിക പ്രക്രിയ ആണെന്ന് കരുതരുത്. അത് ശാരീരിക വിഷമതകൾ ഉണ്ടാക്കുന്നതോടൊപ്പം മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇതൊക്കെ സമൂഹത്തിന് പക്വത ആയിട്ടില്ല എന്ന് പറഞ്ഞ് മറച്ചുവെക്കണോ അതോ ചർച്ച ചെയ്യണോ? കേരളത്തിലെ മിക്ക വീടുകളിലും ആർത്തവത്തെ കുറിച്ച് ചർച്ച ചെയ്യാനേ ആവില്ലെന്നതാണ് വസ്തുത.

വീട്ടിൽ പാരസെറ്റമോൾ വാങ്ങുന്നത് പോലെ നാപ്കിൻ വാങ്ങാൻ അച്ഛനോടോ സഹോദരനോടോ ഭർത്താവിന്റെ അച്ഛനോടോ പറയാൻ ഇന്ന് ആവുന്നുണ്ടോ? സാധാരണ മരുന്നു നൽകുന്ന പോലെയല്ല മെഡിക്കൽ സ്റ്റോറുകളിൽ പോലും. നാപ്കിൻ ആളുകൾ കാണാതിരിക്കാൻ പൊതിഞ്ഞാണ് തരിക പോലും.

ആർത്തവ സംബന്ധമായ വേദനകളിലും മാനസിക പ്രശ്നങ്ങളിലും പെട്ട് ഉഴലുമ്പോൾ നിങ്ങളുടെ പുരുഷ സഹപ്രവർത്തകർ സഹായിക്കാറുണ്ടോ? അവരോട് എന്റെ പ്രശ്നം ഇതാണെന്ന് പറയാൻ നമുക്കാവുന്നുണ്ടോ? ഇത്രയും വിദ്യാഭ്യാസ നിലവാരം ഉണ്ടായിട്ടും കേരളത്തിൽ ആർത്തവം എന്നത് അറപ്പോടെ കാണുന്ന ഒന്നായത് എന്തു കൊണ്ടാകും?

ആർത്തവത്തെ കുറിച്ച് പരസ്യ ചർച്ചക്ക് നമ്മുടെ സമൂഹം തയ്യാറാകുന്ന കാലം ഉണ്ടാകും എന്നത് എനിക്കുറപ്പാണ്. തുറന്ന് പറയാൻ പറ്റിയാൽ തന്നെ സ്ത്രീകളുടെ ആർത്തവ പ്രശ്നങ്ങൾക്ക് ഒരു പരിധിയോളം പരിഹാരമാകും. കുടുംബങ്ങളിലും ജോലി സ്ഥലങ്ങളിലുമൊക്കെ ഇതിനായി അന്തരീക്ഷം ഒരുങ്ങണമെന്നു മാത്രം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close