Cover StoryLifeMovies

ലൂസിഫർ കട്ട ലാലേട്ടൻ ആരാധകർക്ക് ആഘോഷം,അല്ലാത്തവർക്ക് ശരാശരി എന്റർടൈനർ

ലൂസിഫറിൽ രാഷ്ട്രീയത്തെ കുറിച്ച് ഒരു കഥാപാത്രം പറയുമ്പോൾ മസാല പടങ്ങൾ കണ്ടാലുളള ഗുണത്തെ പറ്റി ഒരു രാഷ്ട്രീയ നേതാവ് പറയുന്നുണ്ട്.മസാല പടത്തിന് കൈയ്യടി വീ‍ഴുന്നിടത്ത് നിന്ന് ജനത്തിന്‍റെ പൾസ് മനസിലാക്കാം എന്നാണ് നേതാവ് പറയുന്നത്.

ലൂസിഫർ എന്ന മോഹൻലാൽ,പൃഥ്വി രാജ്,മുരളീ ഗോപി ചിത്രത്തേയും ഇങ്ങനെ സംഗ്രഹിക്കാം.ലാലേട്ടൻ ആരാധകർക്ക് ലൂസിഫർ കൊലമാസാണ്.എന്നാൽ മറ്റുളളവർക്കോ ശരാശരി ചിത്രം.

മാസ് തന്നെയാണ് ലക്ഷ്യമെന്ന് സംവിധായകൻ കൃത്യമായി ചിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.കാലുയർത്തി പൊലീസുകാരന്‍റെ ചങ്കിൽവെയ്ക്കുന്ന സ്ഫടികം സീക്വൻസും നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന ഇരുപതാം നൂറ്റാണ്ടിലെ ഡയലോഗും പ‍ഴയ മാസ് മോഹൻലാലിനെ കാണിക്കും.

കേരളത്തിലാണ് പശ്ചാത്തലമെങ്കിലും ആഗോള അധോലോകങ്ങൾ കഥയിലേക്ക് പല രീതിയിൽ കടന്നു വരുന്നുണ്ട്.150 വർഷത്തെ പാരമ്പര്യമുളള ഐയുഎഫ് എന്ന പാർട്ടിയുടെ മുഖ്യമന്ത്രി പികെ രാംദാസ് എന്ന പികെആർ(സച്ചിൻ ഖേദ്കർ)അന്തരിക്കുന്നു.മക്കളായ പ്രിയദർശിനി(മഞ്ജു വാര്യർ),ജതിൻ ദാസ്(ടൊവിനോ തോമസ്) എന്നിവർക്ക് രാഷ്ട്രീയത്തിൽ താത്പര്യമില്ല.എന്നാൽ മരുമകൻ ബോബി(വിവേക് ഒബ്റോയ്) സംസ്ഥാനത്തെ കാൽചുവട്ടിൽ നിർത്തണമെന്ന മോഹക്കാരനാണ്,എന്നാൽ രാംദാസിന്‍റെ വിശ്വസ്ത അനുയായി സ്റ്റീഫൻ നെടുമ്പളളി ബോബിക്ക് തടസമാകുകയാണ്.

ഒരു രാഷ്ട്രീയ പ്രതികാര കഥയാണ് പശ്ചാത്തലമെങ്കിലും കണ്ണും പൂട്ടിയുളള മോഹൻലാലിന്‍റെ ആക്ഷൻ ആണ് ചിത്രത്തിന്‍റെ യുഎസ്പി.ഒരു വേള സംവിധായകൻ പൃഥ്വി രാജ് കഥ മറന്നുപോയെന്നു വരെ നമ്മൾ സംശയിക്കും.പശ്ചാത്തല സംഗീതമാകട്ടെ തലവേദന വരുത്തുന്നതും.

അവസാന ഭാഗത്ത് ഒരു ഡാൻസ് നമ്പരും ചേർത്തിട്ടുണ്ട്.സ്ത്രീ വിരുദ്ധ നിലപാട് തന്‍റെ സിനിമകളിൽ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി രാജിന്‍റെ കന്നി സംവിധാന സംരഭത്തിലാണ് ഇതെന്നതും കൗതുകകരമാണ്.

നായകൻ സ്റ്റീഫന്‍ എങ്ങിനാണ് ഇങ്ങനായതെന്ന് ചിത്രം വരച്ചു കാട്ടുന്നില്ല.ദൈവപുത്രന്‍റെ യാത്ര എങ്ങിനെയായിരുന്നുവെന്ന് അറിയില്ലല്ലോ എന്ന് തിരക്കഥാകൃത്ത് മുരളീ ഗോപി കഥാപാത്രത്തെ കുറിച്ച് തൊടുന്യായം പറയിപ്പിക്കുന്നുമുണ്ട്.

ചെറുതെങ്കിലും തന്‍റെ റോൾ മനോഹരമാക്കാൻ മഞ്ജു വാര്യറിനായി.ഗംഭീര തുടക്കത്തിൽ നിന്ന് കാ‍ഴ്ചക്കോലത്തിലേക്ക് ഒതുങ്ങിപ്പോയി വിവേക് ഒബ്റോയി.പൃഥ്വിരാജിന്‍റേയും ഇന്ദ്രജിത്തിന്‍റേയും കഥാപാത്രങ്ങൾ എന്തിനായിരുന്നു എന്ന ചോദ്യവും പ്രേക്ഷകന് ഉണ്ടാകാം.

രാഷ്ട്രീയക്കാരും മീഡിയയും മാഫിയയാണെന്നാണ് സിനിമ പറഞ്ഞുവെക്കുന്നത്.അധോലോക നായകരാകട്ടെ കൈയ്യടി വേണ്ടവരും.

പൃഥ്വി രാജ് എന്ന മോഹൻലാൽ ആരാധകൻ തന്‍റെ ആരാധന വ്യക്തമാക്കാൻ എടുത്ത ചിത്രമാണിതെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം.മോഹൻലാലിന്‍റെ ആസുരഭാവത്തിന്‍റെ കടുത്ത ആരാധകനോ ആരാധികയോ ആണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങൾ ഈ ചിത്രം കാണണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close