Cover StoryFrom the EditorNationalNews

പ്രിയങ്ക ഗാന്ധിക്ക് ഉത്തർപ്രദേശിൽ ബിജെപി സാധ്യതകളെ അട്ടിമറിക്കാൻ സാധിക്കുമോ?സാധിക്കും-കാരണങ്ങൾ ഇതാണ്

കേന്ദ്ര ആര് ഭരിക്കുമെന്ന് തീരുമാനിക്കാൻ സാധിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്.കാരണം 80 ലോകസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ഉളളത്.

2014ൽ ബിജെപിയും സഖ്യകക്ഷിയും ചേർന്ന് ഇവിടെ നിന്ന് പിടിച്ചത് 73 സീറ്റാണ്.കോൺഗ്രസിന് ലഭിച്ചതാകട്ടെ രണ്ടു സീറ്റും.ബിജെപി സംപൂജ്യരായപ്പോൾ എസ്പി അഞ്ച് സീറ്റ് നേടി.

2014ൽ പ്രതിപക്ഷം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ബിജെപി വിരുദ്ധ വോട്ടുകൾ ഛിഹ്നഭിന്നമാക്കി.എന്നാൽ 2019ൽ ചിത്രം വ്യത്യസ്തമാണ്.എസ്പി-ബിഎസ്പി-ആർഎൽഡി പാർട്ടികൾ ഒരുമിച്ചാണ് ബിജെപിയെ നേരിടുന്നത്.ഇതോടെ ഉത്തർപ്രദേശിൽ സഖ്യം ബിജെപിയെ അട്ടിമറിക്കുമെന്ന് സർവേകൾ അടക്കം പ്രവചിക്കാൻ തുടങ്ങി.എന്നാൽ അതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന കോൺഗ്രസ് അവരുടെ വജ്രായുധം പ്രയോഗിച്ചു.കി‍ഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതോടെ ചിത്രം മാറി.

പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിൽ തുടക്കക്കാരി അല്ല.ഇതുവരെയുളള അവരുടെ പ്രവർത്തനം അമേത്തിയിലും റായ്ബറേലിയിലും മാത്രം ഒതുങ്ങിനിന്നു.എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതയായ ശേഷം പ്രിയങ്ക ഉത്തർപ്രദേശിൽ പര്യടനത്തിലാണ്.മാധ്യമങ്ങളിലും പ്രിയങ്കയ്ക്ക് ധാരാളം ഇടം ലഭിക്കുന്നുണ്ട്.നാല് ദിവസത്തെ ഗംഗാപ്രയാണം പ്രിയങ്ക പൂർത്തിയാക്കിയതേ ഉളളൂ.

ധാരാളം പ്രതീകങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു പ്രിയങ്കയുടെ ഗംഗാ പ്രയാണം.സ്വാതന്ത്യസമരകേന്ദ്രമായിരുന്ന സ്വരാജ് ഭവനിൽ താമസിച്ച് കൊണ്ടാണ് പ്രിയങ്ക ഗംഗാ പ്രയാണം തുടങ്ങിയത്.ഒരു വാക്ക് പോലും പറയാതെ സ്വാതന്ത്ര്യസമര ഭൂമികയുടെ വലിയൊരു പാരമ്പര്യം പിൻപറ്റുന്നയാളാണ് താനെന്ന് ഉത്തർപ്രദേശിലെ മുതിർന്ന തലമുറയോട് പറയാൻ പ്രിയങ്കക്കായി.

കോൺഗ്രസിന് മുസ്ലീം ആഭിമുഖ്യമുളള ഹിന്ദു വിരുദ്ധ പാർട്ടിയായാണ് ബിജെപിയും ആർഎസ്എസും എന്നും ചിത്രീകരിച്ച് പോന്നിട്ടുളളത്.ഈ ഇമേജ് മാറ്റാനാണ് രാഹുൽ ഗാന്ധിയുടെ ക്ഷേത്രസന്ദർശനങ്ങൾ എന്ന് വാർത്തകളുണ്ടായിരുന്നു.ഹിന്ദു വിരുദ്ധത തന്നിൽ ആരോപിക്കാതിരിക്കാൻ പ്രിയങ്ക പ്രത്യേകം ശ്രദ്ധിച്ചു.ഗംഗാ പ്രയാണത്തിനായി ബോട്ടിൽ കയറും മുമ്പ് പ്രിയങ്ക സന്ദർശിച്ചത് ഹനുമാൻ ക്ഷേത്രത്തിലായിരുന്നു.

മുത്തശ്ശി ഇന്ദിരാഗാന്ധിയുമായാണ് പ്രിയങ്ക താാരതമ്യം ചെയ്യപ്പെടുന്നത്.പ്രിയങ്കയുടെ നടപ്പും എടുപ്പും സംസാരവും പ്രസംഗവും ആളുകളുമായി ഇടപ‍ഴകുന്ന രീതിയുമെല്ലാം ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്നു.അലഹാബാദിലെ ഇതേ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചാണ് 1979ൽ ഇന്ദിരാഗാന്ധി ഉത്തർപ്രദേശ് പ്രചാരണം ആരംഭിച്ചത്.മുത്തശ്ശിയെ പോലെ തല സാരി കൊണ്ട് പുതച്ചാണ് പ്രിയങ്ക ഹനുമാൻ ക്ഷേത്രദർശനം നടത്തിയത്.അവിടെ വന്ന ഒരു സ്ത്രീയോട് എന്നെ അറിയുമോ എന്ന് പ്രിയങ്ക ചോദിച്ചു,തികച്ചും ഇന്ദിര ശൈലിയിൽ.

പ്രിയങ്കയുടെ കടന്നുവരവ് പ്രതിപക്ഷത്തും ചില ആശയക്കു‍ഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ട്.എസ്പി-ബിഎസ്പി-കോൺഗ്രസ് മഹാസഖ്യം ഉത്തർപ്രദേശിൽ നിലവിൽ വരുമെന്നായിരുന്നു ഏവരും കരുതിയത്.എന്നാൽ എസ്പിയും ബിഎസ്പിയും സഖ്യമായി കോൺഗ്രസ് പുറത്തായി.

ഈ സാഹചര്യത്തിലാണ് തുരുപ്പ് ചീട്ടെന്ന നിലയ്ക്ക് കോൺഗ്രസ് പ്രിയങ്ക കാർഡ് പുറത്തെടുത്തത്.അമേത്തിക്കും റായ്ബറേലിക്കും പുറമെ കുടുതൽ സീറ്റ് ഇപ്പോൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നു.2009ൽ 22 സീറ്റ് നേടാനായതിന് സമാനമായ ഒരു പ്രകടനമാണ് കോൺഗ്രസിന്‍റെ സ്വപ്നം.ഉത്തർപ്രദേശിൽ പ‍ഴയ പ്രതാപം തിരിച്ചെടുത്താൽ രാജ്യം മു‍ഴുവൻ അതിന്‍റെ ആനുകൂല്യം പിൻപറ്റാമെന്ന് കോൺഗ്രസ് കരുതുന്നു.

പ്രിയങ്കയുടെ കടന്നുവരവ് ഉത്തർപ്രദേശിൽ ത്രികോണ മത്സരത്തിന്‍റെ പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്.എന്നാൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നതോടെ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ചിലർ കണക്കു കൂട്ടുന്നത്.എന്നാൽ ഈ വാദത്തിന് പിശകുണ്ടെന്ന് അഭിപ്രായം ഉളളവരും ഉണ്ട്.

പ്രിയങ്കയുടെ ഗംഗാ പ്രയാണം സാകൂതം നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാകും ബിജെപി വോട്ടു ബാങ്കിലാണ് പ്രിയങ്ക കൈവെക്കുന്നത്.ഇവരാകട്ടെ 2014ലും 2017ലും നരേന്ദ്രമോഡിയെ അകമ‍ഴിഞ്ഞു പിന്തുണച്ചവരാണ്.പാർശ്വവൽക്കരിക്കപ്പെട്ട കുർമികളുമായും നിഷാദരുമായും പ്രിയങ്ക പ്രത്യേകം ആശയവിനിമയം നടത്തുന്നു.

ബൻഡിക്ട് ക്യൂൻ ഫൂലൻദേവിയുടെ സഹോദരി രുക്മണി ദേവിയുമായി പ്രിയങ്ക പ്രത്യേകം ചർച്ച നടത്തി.എസ്-എസ്ടി ആക്ടുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ബ്രാഹ്മണർ ബിജെപിയുമായി ഇടഞ്ഞു നിൽക്കുകയാണ്.താക്കൂർ വിഭാഗക്കാരനായ യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതോടെ തങ്ങൾ അധികാരത്തിൽ നിന്ന് അകലെ ആയതായി ഇവർ കരുതുന്നു.ഈ വിഭാഗങ്ങൾക്ക് എസ്പിക്കോ ബിഎസ്പിക്കോ വോട്ടു നൽകാനാവില്ല.എന്നാൽ കോൺഗ്രസിന് വോട്ടു ചെയ്യാൻ പ്രയാസവുമില്ല.

ആയതിനാൽ ഒരു കാര്യം വ്യക്തമാണ്.ബിജെപിക്കും പ്രതിപക്ഷത്തിനും പ്രിയങ്കയുടെ കടന്നു വരവ് ക്ഷീണം ഉണ്ടാക്കും.അതെത്രത്തോളമെന്നത് വോട്ട് പെട്ടി തുറക്കുമ്പോൾ അറിയാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close