MoviesTrending

ആമിർ മെലിയുന്നു; “ഗംപ്‌’ ആകാൻ

ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായ ചരിത്രപരമായ സംഭവങ്ങളെ കോർത്തിണക്കി 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ‌് ചിത്രം ‘ഫോറസ്റ്റ‌് ഗംപ‌ി’ന്റെ ഹിന്ദി പതിപ്പിൽ ആമിർ ഖാൻ നായകനാകും. ടോം ഹാങ്ക്‌സ്‌ ഗംപായി തകർത്തഭിനയിച്ച ചിത്രം നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിരുന്നു.

ആമിർ ഖാൻതന്നെയാണ‌്  54–-ാം പിറന്നാൾ ദിനത്തിൽ ഈ വിവരം പ്രേക്ഷകരിലെത്തിച്ചത‌്. ‘ലാൽ സിങ‌് ഛദ്ദ’ എന്നാണ‌് സിനിമയ്ക്ക‌് പേരിട്ടിരിക്കുന്നത‌്. ചിത്രീകരണം ഒക്ടോബറിൽ തുടങ്ങും. സിനിമയ്ക്ക‌ുവേണ്ടി തടി കുറയ്ക്കാൻ ഒരുങ്ങുകയാണെന്ന‌് ആമിർ അറിയിച്ചു. ആറുമാസംകൊണ്ട‌്  20 കിലോ കുറയ്ക്കാനാണ‌് ആമിർ ലക്ഷ്യമിടുന്നത‌്. ഇത‌് ആദ്യമായല്ല സിനിമയ്ക്ക‌ുവേണ്ടി ആമിർ ഖാൻ രൂപമാറ്റം വരുത്തുന്നത‌്. നേരത്തെ നിതേഷ‌് തിവാരി സംവിധാനംചെയ്ത ദംഗലിനുവേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്നു. ‘ലാൽ സിങ‌് ഛദ്ദ’യുടെ  ഷൂട്ടിങ‌് ഒക്ടോബറിൽ ആരംഭിക്കാൻതന്നെ കാരണം രൂപമാറ്റം വരുത്തുന്നതിനുള്ള തയ്യാറെടുപ്പിനാണെന്നും ആമിർ പറഞ്ഞു. ഫോറസ്റ്റ‌് ഗംപിന്റെ തിരക്കഥ ഞാനേറെ ഇഷ്ടപ്പെട്ടതാണ‌്. അതിന്റെ കഥതന്നെ സംഭവബഹുലമാണ‌്. അതിനാലാണ‌് റീമേക്കിൽ അഭിനയിക്കുന്നത‌്. യഷ‌്‌രാജ‌് ഫിലിംസ‌് നിർമിച്ച ‘തഗ‌്സ‌് ഓഫ‌് ഹിന്ദുസ്ഥാനി’ലാണ‌് ആമിർ അവസാനമായി അഭിനയിച്ചത‌്.

വിൻസ്റ്റൺ ഗ്രൂം  രചിച്ച  ഇതേ പേരുള്ള നോവൽ എറിക‌് റോത്ത‌് തിരക്കഥ ഒരുക്കി  റോബർട്ട‌് സെമെക്കിസാണ്‌ ‘ഫോറസ്റ്റ‌് ഗംപ‌്’ എന്ന പേരിൽ ഹോളിവുഡിൽ സംവിധാനം ചെയ്തത‌്. ചിത്രം മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച ചിത്രം എന്നിങ്ങനെ ആറ‌് ഓസ‌്കർ പുരസ‌്കാരം നേടി.

സീക്രട്ട‌് സൂപ്പർസ്റ്റാർ സംവിധായകൻ അദ്വൈത‌് ചന്ദനാണ‌് സിനിമ ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത‌്. ആമിർ ഖാനും വയാകോം മോഷൻ പ്രൊഡക‌്ഷനും ചേർന്ന‌ാണ‌് നിർമിക്കുന്നത‌്. പാരമൗണ്ടായിരുന്നു ഹോളിവുഡിൽ വിതരണം നടത്തിയത‌്. ഇവരിൽനിന്ന‌് വിതരണാവകാശം നേടിയതായും ആമിർ ഖാൻ അറിയിച്ചു. ചിത്രത്തിലേക്കുള്ള മറ്റ‌് അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

കാലിന്‌ സ്വാധീനമില്ലാത്ത കുട്ടിയായ ഫോറസ്‌റ്റ്‌ ഗംപിൽനിന്നാണ്‌ ചിത്രമാരംഭിക്കുന്നത്‌. കാലിന് സ്വാധീനമില്ലാത്ത ഗമ്പിനെ സാധാരണകുട്ടിയായി വളർത്താനുള്ള അമ്മയുടെ പരിശ്രമവും അവനിൽ ആത്മവിശ്വാസം നിറയ്‌ക്കുന്നതുമാണ്‌ ആദ്യാഭാഗങ്ങളിൽ.

സഹപാഠികളിൽനിന്നുള്ള കളിയാക്കലുകളിൽനിന്ന്‌ രക്ഷപ്പെടാനാണ്‌ ഗംപ്‌ ഓടിത്തുടങ്ങുന്നത്‌. ഒടുവിൽ വയ്യാത്ത കാലുംവച്ച്‌ ഏറെദൂരം ആരേക്കാളും നന്നായി ഓടാൻ അവനാകുന്നു. അവനിലെ ആത്മവിശ്വാസം ഉയരുന്നു.  ഗംപിന്റെ ജീവിതവും സമകാല രാഷ്ട്രീയവും ഇഴേചർന്ന ജീവിതയാത്രയാണ്‌ “ഫോറസ്‌റ്റ്‌ ഗംപ്‌’.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close