Cover StoryFrom the EditorNationalNews

ജമ്മു കാശ്മീരിൽ കോൺഗ്രസിന്റെ നിർണായക നീക്കം

ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കാന്‍ തീരുമാനം. സഖ്യചര്‍ച്ചകള്‍ക്കായി ഒമര്‍ അബ്ദുള്ളയും രാഹുല്‍ ഗാന്ധിയും തമ്മില്‍ ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
ബി ജെ പിക്ക് സ്വാധീനമുളള മേഖലയായ ജമ്മുവില്‍ കോണ്‍ഗ്രസിന് നിലവില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണയുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് സീറ്റുകളും ബിജെപി നേടിയിരുന്നു. കശ്മീരില്‍ കോണ്‍ഗ്രസ് നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണച്ചിരുന്നെങ്കിലും, മൂന്ന് സീറ്റുകളും പിഡിപിയാണ് നേടിയത്. ശ്രീനഗറില്‍ പിഡിപി സ്ഥാനാര്‍ത്ഥി താരിഖ് ഹമീദ് ഖറ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കശ്മീര്‍ കടന്നുപോകുന്നത്. നാഷണല്‍ കോണ്‍ഫറന്‍സിന് അനുകൂലമായ വികാരം കശ്മീരില്‍ നിലനില്‍ക്കുന്നുണ്ട്. വിജയിക്കാനുള്ള എല്ലാ സാധ്യതയും ഇവിടെയുണ്ട്. കോണ്‍ഗ്രസിന് ഇവരുടെ ഒപ്പം നിന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
ലഡാക്കാണ് ഇത്തവണ നിര്‍ണായകമായ മണ്ഡലം. കഴിഞ്ഞ തവണ ഇവിടെ ബിജെപിയാണ് വിജയിച്ചത്. തിരിച്ചുവരവിനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഗുലാം നബി ആസാദിനെയാണ് രാഹുല്‍ നിയോഗിച്ചത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഗുലാം നബി ആസാദിനാണ്. കഴിഞ്ഞ ദിവസം സഖ്യം പടിവാതില്‍ക്കല്‍ എത്തിയതായി രാഹുല്‍ പറഞ്ഞിരുന്നു.

ഇതിനുമുമ്പും കോണ്‍ഗ്രസുമായി പല അവസരങ്ങളില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. അതേസമയം എന്‍സിയിലെ ചില നേതാക്കള്‍ക്ക് സഖ്യത്തിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്്. എന്‍സിയുടെ വോട്ടുബാങ്ക് ഇതോടെ ഇല്ലാതാവുമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഒമര്‍ അബ്ദുള്ള സഖ്യത്തിന്റെ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രതിപക്ഷ മഹാസഖ്യത്തില്‍ അദ്ദേഹം നേരത്തെ ഭാഗമാണ്. അതുകൊണ്ട് ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് നിര്‍ദേശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close