Cover StoryFrom the EditorNationalNews

ബിജെപിക്കൊപ്പം മറുകണ്ടം ചാടിയ എംഎൽഎമാരെ ഇനി കോൺഗ്രസിന് വേണ്ട,4 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ്

രാഷ്ട്രീയപരമായി വളരെ പ്രാധാന്യമുള്ള ഒരു നീക്കവുമായി കർണാടകയിൽ കോൺഗ്രസ്. ബിജെപിക്കൊപ്പം ചേർന്ന് പാർട്ടിയെ വഞ്ചിക്കാൻ ശ്രമിച്ച നാല് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്‌പീക്കറെ കണ്ടു. പാർട്ടി വിപ്പ് ലംഘിച്ചതിനാണ് അയോഗ്യരാക്കാൻ നിർദ്ദേശം.

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര, കെപിസിസി പ്രസിഡണ്ട് ദിനേശ് ഗുണ്ടു റാവു എന്നിവരാണ് സ്പീക്കറെ കണ്ടത്. ബജറ്റ് സമ്മേളനത്തിനു മുമ്പ് ഫെബ്രുവരി 8ന് വിളിച്ചുചേർത്ത പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഈ എംഎൽഎമാർ പങ്കെടുക്കാതിരുന്നത്.മുൻ മന്ത്രി രമേശ് ജാർക്കി ഹോളി, മഹേഷ് കുമതള്ളി അദാനി, ഉമേഷ് ജാദവ്, ബീ നാഗേന്ദ്ര എന്നിവരാണ് അയോഗ്യത ഭീഷണി നേരിടുന്നത്.

“നാലുപേർക്കും ഷോക്കോസ് നോട്ടീസ് നൽകിക്കഴിഞ്ഞു. പാർട്ടിയോടാണ് കൂറെന്നും പാർട്ടി വിടില്ലെന്നും നാലുപേരും മറുപടി നൽകി. എന്നാൽ ഇക്കാര്യം നേരിട്ടുവന്ന് പറയാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ പ്രതികരിച്ചിട്ടില്ല. ” സിദ്ധരാമയ്യ പറഞ്ഞു.

“ഞാനിക്കാര്യം പാർലമെന്ററി പാർട്ടി യോഗത്തിൽ വ്യക്തമാക്കി. ഇവർക്കെതിരെ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയെടുക്കണമെന്ന ആവശ്യം ഏകകണ്ഠമായായിരുന്നു. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ എംഎൽഎമാർക്ക് പരമാവധി അവസരങ്ങൾ നൽകിയിരുന്നു. എന്നാൽ ആ അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ എംഎൽഎമാർ ശ്രമിച്ചില്ല. ഈ സാഹചര്യത്തിലാണ് സ്പീക്കറെ കണ്ട് ഇവർക്കെതിരെ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.” സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന പ്രസിഡണ്ട് യെദ്യൂരപ്പയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നിർണായക നീക്കം. ഓഡിയോ തന്റേത് തന്നെയാണെന്ന് യെദ്യൂരപ്പ സമ്മതിച്ചിരുന്നു. കർണാടകയിലെ കുതിരക്കച്ചവടം സംബന്ധിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നേരത്തെ ഉത്തരവിട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close