SportsTrending

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് ബുധനാഴ്ച്ച തുടക്കം

 

കൊല്ലം : ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിനു ബുധനാഴ്ച്ച കൊല്ലത്ത് തുടക്കമാകും. 25 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഏതെങ്കിലും തലത്തിലുള്ള ഹോക്കി ദേശീയ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ പുതിയതായി നിര്‍മ്മിച്ച കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനാകും.

ഫെബ്രുവരി 10 വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 42 ടീമുകള്‍ പങ്കെടുക്കും. ടീമുകളെ രണ്ടു വിഭാഗമാക്കിയാണ് മത്സരങ്ങള്‍ നടത്തുക. എ വിഭാഗത്തില്‍ ശക്തരായ ടീമുകളും ബി വിഭാഗത്തില്‍ മറ്റു ടീമുകളും. ബി വിഭാഗത്തില്‍ 4 ഗ്രൂപ്പുകളിലായി 22 ടീമുകള്‍ മത്സരിക്കും. ബി വിഭാഗത്തിലെ ഗ്രൂപ്പ് മത്സരങ്ങള്‍ ജനുവരി 29 നു സമാപിക്കും. ജനുവരി 30 നു ക്വാര്‍ട്ടര്‍ ഫൈനലും ഫെബ്രുവരി 1 നു സെമി ഫൈനലും നടക്കും. എ വിഭാഗം മത്സരങ്ങള്‍ ജനുവരി 31 നു ആരംഭിക്കും. ഫെബ്രുവരി 9 നു സെമി ഫൈനലും ഫെബ്രുവരി പത്തിന് ഫൈനലും നടക്കും.

23 നു രാവിലെ 6 നു ആദ്യ മത്സരത്തില്‍ ഭോപ്പാല്‍ മധ്യപ്രദേശിനെ നേരിടും. വൈകിട്ടു 6 നു ആതിഥേയരായ കേരളം തെലങ്കാനയെ നേരിടും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്, ത്രിപുര, സ്റ്റീല്‍ പ്ലാന്റ് ബോര്‍ഡ് എന്നിവരാണ് പൂള്‍ ബിയില്‍ കേരളത്തിന്റെ എതിരാളികള്‍.

ഓരോ ദിവസവും ഏറ്റവും നല്ല കളിക്കാര്‍ക്കുള്ള സ്റ്റാര്‍ ഓഫ് ദി ഡേ പുരസ്‌ക്കാരം നല്‍കുന്നതോടൊപ്പം കായിക താരങ്ങള്‍ക്കായി കലാ സാംസ്‌ക്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

താരങ്ങള്‍ക്കുള്ള താമസ സൗകര്യം സ്റ്റേഡിയത്തിലും സമീപത്തെ വൈ.എം.സി.എ ഹോസ്റ്റലിലുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കായികതാരങ്ങളെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്വീകരിച്ച് സ്റ്റേഡിയത്തില്‍ എത്തിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി വനിതാ പോലീസിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.

സമാപനച്ചടങ്ങ് ഫെബ്രുവരി 10 നു സാമൂഹ്യ,രാഷ്ട്രീയ, സാംസ്‌കാരിക,കായിക രംഗത്തെ പ്രമുഖരുടെ സാനിധ്യത്തില്‍ നടക്കും .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close