Cover StoryFrom the EditorNationalNews

ബംഗാളിൽ കോൺഗ്രസ്‌ – സിപിഐഎം സഖ്യത്തിന് അരങ്ങൊരുങ്ങുന്നു, സംസ്ഥാന കോൺഗ്രസിൽ ഭൂരിപക്ഷവും സഖ്യത്തിന് അനുകൂലം

ലോകസഭ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മുമായി അനൗദ്യോഗിക സഖ്യമാവാമെന്ന ആശയത്തിന് ബംഗാൾ കോൺഗ്രസിൽ മുൻ‌തൂക്കം. ബംഗാൾ കോൺഗ്രസ്‌ നേതാക്കളിൽ ഭൂരിഭാഗവും സിപിഐഎമ്മുമായി സഖ്യമാകാമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഒറ്റയ്ക്ക് മത്സരിച്ചാൽ മതിയെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അന്തിമ തീരുമാനം രാഹുൽ ഗാന്ധി താമസിയാതെ എടുക്കുമെന്നാണ് കരുതുന്നത്.

ഈ മാസം തന്നെ സംസ്ഥാന നേതാക്കൾ യോഗം ചേരുമെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു. തീരുമാനം ഹൈക്കമാൻഡിനെ അറിയിക്കും.

“സിപിഐഎമ്മുമായി സഖ്യം വേണമെന്നാണ് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്. എന്നാൽ ഒറ്റക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗവും ഉണ്ട്. “നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു.

അതേസമയം പാർട്ടിയെ ശക്തിപ്പെടുത്താനാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. സഖ്യങ്ങളെ കുറിച്ച് വ്യാകുലപ്പെടാതെ സംഘടന ശക്തമാക്കുകയാണ് ആദ്യം വേണ്ടതെന്നു രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ പശ്ചിമ ബംഗാൾ കോൺഗ്രസ്‌ സംസ്ഥാന പ്രെസിഡന്റ് സോമൻ മിത്രയോടു പറഞ്ഞു.

കോൺഗ്രസ്‌ -സിപിഐഎം സംസ്ഥാന നേതാക്കൾ സഖ്യം സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. മൊത്തം 42 സീറ്റിൽ 18-20 സീറ്റ് വേണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. ബാക്കിയുള്ള സീറ്റുകൾ സിപിഐഎമ്മിനും ഇടതുമുന്നണിയിലെ മറ്റു കക്ഷികൾക്കും പങ്കിട്ടെടുക്കാം എന്നും കോൺഗ്രസ്‌ സൂചിപ്പിക്കുന്നു.

പൊതുതെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ -തൃണമൂൽ കോൺഗ്രസ്‌ വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാൻ തന്റെ പാർട്ടി ശ്രദ്ധിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി കൊൽക്കത്തയിൽ എത്തിയപ്പോൾ പറഞ്ഞിരുന്നു.

“ഞങ്ങളുടെ പാർട്ടി മൂന്ന് കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ഒന്ന്, ബിജെപിയെയും സഖ്യകക്ഷികളെയും തോൽപിക്കണം. രണ്ട്, സിപിഐഎമ്മിന്റെയും മറ്റു ഇടതു പാർട്ടികളുടെയും ശക്തി വർധിപ്പിക്കണം. മൂന്ന് ,കേന്ദ്രത്തിൽ മതേതര -ജനാധിപത്യ സർക്കാർ അധികാരത്തിൽ വരണം “യെച്ചുരി പറഞ്ഞു.

ഈ മാസം രാഹുൽ -യെച്ചുരി കൂടിക്കാഴ്ചയിൽ സഖ്യം സംബന്ധിച്ച കാര്യങ്ങൾ ഉരുത്തിരിയുമെന്നാണ് ഇരുപാർട്ടികളിലെയും സംസ്ഥാന നേതാക്കൾ കരുതുന്നത്. നിലവിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 34 എംപിമാരും കോൺഗ്രസിന് 4 എംപിമാരും ആണ് ഉള്ളത്. സിപിഐഎമ്മിനും ബിജെപിക്കും രണ്ട് വീതം എംപിമാർ ആണുള്ളത്.

മൂന്ന് തലത്തിൽ സിപിഐഎമ്മുമായി ധാരണ ഉണ്ടാക്കാനാണ് കോൺഗ്രസ്‌ ശ്രമം. കോൺഗ്രസ്‌ ജയിച്ച നാലിലും സിപിഐഎം വിജയിച്ച രണ്ടിലും അതത് പാർട്ടികൾ മത്സരിക്കും. രണ്ടാമത്, ബാക്കി വരുന്ന 36 സീറ്റുകളിൽ ആകും ചർച്ച. മൂന്നാമത് മണ്ഡലങ്ങളിലെ പാർട്ടികളുടെ ശക്തിക്കനുസരിച്ചായിരിക്കും സീറ്റ് വിഭജനം.

“ഒരു ഔദ്യോഗിക സഖ്യം ആയിരിക്കില്ല അത്. സീറ്റ് പങ്കുവെക്കൽ ആകുമത്. കുറച്ചു സീറ്റിൽ സിപിഐഎമ്മും സഖ്യകക്ഷികളും മത്സരിക്കും. ബാക്കിയുള്ളതിൽ കോൺഗ്രസും. “കോൺഗ്രസ്‌ നേതാവ് പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ വിജയം കോൺഗ്രസ്‌ പ്രവർത്തകർക്ക് ആവേശം നൽകുന്നുണ്ടെന്നും നേതാവ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close