Cover StoryFrom the EditorKeralaNews

നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന മതില്‍: രമേശ് ചെന്നിത്തല 

തിരുവനന്തപുരം: കേരളീയ സമൂഹത്തില്‍ സാമുദായിക ധ്രൂവീകരണത്തിന് ഇടയാക്കിക്കൊണ്ട് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന വനിതാ മതില്‍ എന്ന വര്‍ഗ്ഗീയ മതില്‍ നവോത്ഥാന മൂല്യങ്ങള്‍ക്ക് കനത്ത മുറിവായിരിക്കും ഏല്പിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മതില്‍ നിര്‍മ്മാണവും വര്‍ഗ്ഗസമരത്തിന്റെ ഭാഗം തന്നെയാണെന്ന്  ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ സാമാന്യ ബോധത്തെയാണ് പരിഹസിക്കുന്നത്.

ആര്‍.എസ്.എസും ബി.ജെ.പിയും മുതലെടുപ്പ്  നടത്തുമെന്നതിനാല്‍ ഹൈന്ദവ സംഘടനകളെ മാത്രമേ താന്‍ മിതില്‍ നിര്‍മ്മാണത്തിനുള്ള  യോഗത്തിലേക്ക് വിളിച്ചുള്ളൂ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തുറന്നു പറഞ്ഞതാണ്. അങ്ങനെ സാമുദായികമായി ജനങ്ങളെ വേര്‍തിരിച്ചു നടത്തുന്നതാണോ പിണറായിയുടെ വര്‍ഗ്ഗ സമരം? അടിസ്ഥാന കമ്യൂണിസ്റ്റ് ആശയങ്ങളെ അവഹേളിക്കുകയാണ് പിണറായി ചെയ്യുന്നത്. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന് പകരം ജാതി സമൂഹ സര്‍വ്വാധിപത്യം കൊണ്ടു വരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രി തുറന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ഇത് വരെ ശബരിമലയുമായി ഇതിന് ബന്ധമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയും മതില്‍ നിര്‍മ്മാണത്തിന്റെ സംഘാടക സമിതിക്കാരും പറഞ്ഞു നടന്നതോ? അത് കൊണ്ടു തന്നെ ഇത് കാപട്യത്തിന്റെ മതിലാണ്.
സര്‍ക്കാര്‍ മെഷിനറിയും സര്‍ക്കാര്‍ പണവും ഒരു ലോഭവുമില്ലാതെ ധൂര്‍ത്തടിച്ചാണ് മതിലിന്റെ ഒരുക്കം നടന്നത്. ഭരണം കയ്യിലുണ്ടെന്ന് കരുതി പൊതു സംവിധാനവും പൊതു പണവും  ഇങ്ങനെ ധൂര്‍ത്തടിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ്. ഇതിന് പിണറായി സര്‍ക്കാര്‍ കണക്ക് പറയേണ്ടി വരും.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതോടെ തകരുന്നതല്ല കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍. കോണ്‍ഗ്രസിന്റെയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും പരിശ്രമങ്ങളുടെ ഫലമായി ദശാബ്ദങ്ങളിലൂടെ ഉരുത്തിരിഞ്ഞ കേരളത്തിന്റെ നവോത്ഥാനത്തിന് ഏത് കടന്നാക്രമങ്ങളെയും ചെറുക്കാനുള്ള ഉള്‍ക്കരുത്തുണ്ട്. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ ഉരുകിപ്പോകുന്നതല്ല അത്. ഇവിടെ സുപ്രീംകോടതി വിധി വരാത്ത താമസം ആരോടും കൂടിയാലോചിക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രം അത്  നടപ്പാക്കാന്‍ പിണറായി വിജയന്‍
എടുത്തു ചാടി കാണിച്ച അവിവേകമാണ് ഇപ്പോഴത്തെ  പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. സുപ്രീംകോടതി തുറന്ന കോടതിയില്‍ റിവ്യൂ ഹര്‍ജി കേള്‍ക്കാന്‍ തയ്യാറായിട്ടും വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടാതെ യുവതികളെ ഒളിച്ചു കടത്തുന്നതായി നാടകം കളിച്ചതാണ് പ്രശ്‌നം സൃഷ്ടിച്ചത്. അല്ലാതെ നവോത്ഥാന മൂല്യങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. പിണറായിയുടെ അവിവേകവും മുഷ്‌ക്കും മൂടിവയ്ക്കുന്നതിനുള്ള മൂടുപടമാണ് ഈ വനിതാ മതില്‍. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലടക്കം കാര്യങ്ങളില്‍ സര്‍ക്കരിനുണ്ടായ ദയനീയ വീഴ്ച മൂടി വയ്ക്കുന്നതിനും ഭരണ പരാജയം മറച്ചു വയ്ക്കുന്നതിനുമുള്ള ഉപാധി കൂടിയായിട്ടാണ് ഈ മതില്‍ നിര്‍മ്മിക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന് പേരില്‍ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനും  വര്‍ഗ്ഗീയത വളര്‍ത്താനും മാത്രം ഉതകുന്ന ഈ മതിലിനെ   ശക്തിയുക്തം എതിര്‍ത്ത് തോല്പിക്കേണ്ടത് സംസ്ഥാനത്ത് മതസാമുദായിക സൗഹാര്‍ദ്ദം പുലരണമെന്നാഗ്രഹിക്കുന്ന ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും കടമയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close