Cover StoryFrom the EditorNationalNews

കോൺഗ്രസ്‌ മുന്നോട്ട്, ബിജെപി പിന്നോട്ട്- 2018 തരുന്ന സന്ദേശം

ബിജെപി അപരാജിതരല്ലെന്ന് പറയാതിരിക്കാൻ 5 കാര്യങ്ങൾ

2017ൽ മൊത്തം 7 സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് നീങ്ങി.ഗോവ.ഗുജറാത്ത്,മണിപ്പൂർ,ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ്,പഞ്ചാബ്,ഉത്തർപ്രദേശ് എന്നിവയാണവ.ഇതിൽ 6 സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തി.പഞ്ചാബ് മാത്രമായിരുന്നു കോൺഗ്രസിനൊപ്പം നിന്നത്.പുറകെ പുറകെയുളളവിജയങ്ങൾ 2014നെ പോലെ നരേന്ദ്രമോഡി അജയ്യനാണെന്ന് തോന്നിപ്പിച്ചു.

എന്നാൽ ഈ തോന്നലിനെ 2018 പൊടുന്നനെ മാറ്റി.ബിജെപിയോടു മത്സരിക്കുക മാത്രമല്ല തോത്പിക്കുകയും ചെയ്യാം എന്നതിന്‍റെ ഉദാഹരണങ്ങളാണ് 2018 തന്നത്.

ആദ്യത്തേത് ഫുൽപൂർ,ഗൊരഖ്പൂർ തോൽവികൾ –

ഉത്തർപ്രദേശിൽ 403 സീറ്റിൽ 325ലും ജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.തോത്പിക്കാനാവാത്ത ശക്തിയെന്ന് ഉത്തർപ്രദേശിൽ ബിജെപിയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.എന്നാൽ 2018 മാർച്ചിൽ പാർട്ടി രണ്ട് സീറ്റുകളിൽ തോറ്റു,അതുംപ്രധാനപ്പെട്ട മണ്ഡലങ്ങളായ ഫുൽപ്പൂരിലും ഗൊരഖ് പൂരിലും.

ഗോരഖ് പൂർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പാർലമെന്‍ററി സീറ്റാണ്.ഫുൽപ്പൂർ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സീറ്റും.ഗൊരഖ്പൂരിലെ ബിജെപിയുടെ പരാജയം വലുതാണ്.കാരണം 1989 മുതൽ ഈ മണ്ഡലം ബിജെപിയെ കൈവിട്ടിട്ടില്ല.

ലോകസഭാ തെരഞ്ഞെടുപ്പിനുളള റിഹേ‍ഴ്സൽ എന്നാണ് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ വിശദീകരിച്ചത്.സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും കൂടി ചേർന്നപ്പോൾ തട്ടകത്തിൽ പോലും ബിജെപിയെ തോത്പിക്കാമെന്ന നിലവന്നു.ബിജെപിയിൽ നിന്ന് ഈ രണ്ട് മണ്ഡലങ്ങളും പിടിക്കാൻ തന്നെയായിരുന്നു 23 വർഷത്തോളം ചിരവൈരികളായിരുന്ന എസ്പിയും ബിഎസ്പിയും കൈകോർത്തത്.

മോഡി-അമിത് ഷാ ദ്വയത്തെ ഒരുമിച്ച് നിന്നാൽ പരാജയപ്പെടുത്താമെന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞു.കൈരാന ഉപതെരഞ്ഞെടുപ്പിലും എസ്പി-ബിഎസ്പി-ആർഎൽഡി കക്ഷികൾ ഒരുമിച്ചു നിന്നപ്പോൾ വിജയം ബിജെപിയെ കൈവിട്ടു.

രണ്ടാമത്തേത് കർണാടക തെരഞ്ഞെടുപ്പും സർക്കാർ രൂപവത്കരണവുമാണ്.225 അംഗ നിയമസഭയിൽ ബിജെപി 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി.പക്ഷെ തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ച കോൺഗ്രസും ജനതാദളും പൊടുന്നനെ സഖ്യകക്ഷികളായി.കോൺഗ്രസ് 78 സീറ്റും ജനതാദൾ എസ് 37 സീറ്റുമാണ് നേടിയത്.ഗോവ,മണിപ്പൂർ,മേഘാലയ എന്നിവിടങ്ങളിൽ കോൺഗ്രസ് കൂടുതൽ സീറ്റ് നേടിയിട്ടും ബിജെപിയാണ് സർക്കാർ രൂപവത്കരിച്ചത്.കർണാടകയിൽ ബിജെപി അനായാസം ഇത് സാധിക്കുമെന്നാണ് കരുതിയത്.ബിജെപി സർക്കാർ രൂപവത്കരിക്കുകയും ചെയ്തു.

എന്നാൽ കർണാടക, ബിജെപിയുടെ തെരഞ്ഞെടുപ്പ് മെഷിനറിയുടെ ദൗർബല്യങ്ങൾ കാണിച്ചുതന്നു.കോൺഗ്രസ് ഒരു ചെറിയ വിട്ടുവീ‍ഴ്ച ചെയ്തപ്പോൾ ബിജെപി സർക്കാർ പുറത്താവുകയും ജനതാദൾ എസ് നേതാവ് എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുകയും ചെയ്തു.ഇതും പ്രതിപക്ഷത്തിന് നൽകിയ സന്ദേശം ഒത്തുപിടിച്ചാൽ മലയും പോരും എന്നതായിരുന്നു.

മൂന്നാമത്തേത് കാശ്മീരിലെ പരീക്ഷണമായിരുന്നു.2018 ജൂണിൽ ബിജെപി ജമ്മു കാശ്മീർ സർക്കാരിന് പിന്തുണ പിൻവലിച്ചു.ജനവിധി ആർക്കും അനുകൂലമല്ലാത്തതിനാൽ ബിജെപിയും പിഡിപിയും സഖ്യത്തിലായത്.ബിജെപി 25 സീറ്റും പിഡിപി 28ഉം നാഷണൽ കോൺഫറൻസ് 15ഉം കോൺഗ്രസ് 12 സീറ്റുകളും മറ്റുളളവർക്ക് 7 സീറ്റുകളുമാണ് 87 അംഗ നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ടത്.

സർക്കാരിനുളള പിന്തുണ പിൻവലിച്ചെങ്കിലും കശ്മീരിൽ സർക്കാരുണ്ടാക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടേയിരുന്നു.ഒരു വേള ജമ്മു കാശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കി ബിജെപി സർക്കാരുണ്ടാക്കുമെന്ന് വരെ വാർത്തകൾ പുറത്തുവന്നു.ലോണിന്‍റെ പാർട്ടിക്കുണ്ടായിരുന്നത് രണ്ട് എംഎൽഎമാരായിരുന്നു.പിഡിപിയെ പിളർത്തി ആളെക്കൂട്ടാമെന്നും ബിജെപി കരുതി.എന്നാൽ നാഷണൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും ഉറച്ചു നിന്നപ്പോൾ ബിജെപിയുടെ മോഹം നടന്നില്ല.ഒടുവിൽ ഗവർണർ സത്യപാൽ മാലിക് അസംബ്ലി പിരിച്ചു വിട്ടപ്പോൾ പ്രതിപക്ഷ കക്ഷികൾക്ക് വീണ്ടും സന്ദേശം കിട്ടി,ഒരുമിച്ച് നിന്നാൽ ബിജെപിയുടെ സാധ്യത ഇല്ലാതാക്കാമെന്ന്.

നാലാമത്തേത് ഛത്തിസ്ഗഢ്,മധ്യപ്രദേശ്,രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിലെ അനുഭവമാണ്.ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടി മൂന്ന് സംസ്ഥാനങ്ങളിലും.നേരിട്ട് മുട്ടിയപ്പോൾ കോൺഗ്രസ് ബിജെപിയെ മലർത്തിയടിച്ച് മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തിൽ എത്തി.മൂന്ന് സംസ്ഥാനങ്ങളിലായി 66 ലോകസഭാ മണ്ഡലങ്ങളുണ്ട്.ഹിന്ദി ഹൃദയഭൂമി ബിജെപിയുടെ തട്ടകമാണെന്ന തോന്നൽ അതോടെ തീർന്നു.

അഞ്ചാമത്തേത് റാഫേൽ വിവാദമാണ്.യുപിഎ രണ്ട് സർക്കാരിന്‍റെ അ‍ഴിമതിക്കെതിരെയുളള സമരമായാണ് നരേന്ദ്രമോഡി 2014ലെ തെരഞ്ഞെടുപ്പിനെ വ്യഖ്യാനിച്ചത്.അ‍ഴിമതി തെരഞ്ഞെടുപ്പിൽ വലിയ വിഷയമായിരുന്നു താനും.

നരേന്ദ്രമോഡിയുടെ ഏറ്റവും വലിയ സ്വത്ത് അ‍ഴിമതി വിരുദ്ധ പ്രതിഛായയായിരുന്നു.പക്ഷെ റാഫേൽ വിഷയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിച്ച് ഉന്നയിച്ചപ്പോൾ ബിജെപി സർക്കാരും അ‍ഴിമതിയുടെ കറ പുരളുന്നവരാണെന്ന തോന്നൽ പൊതുജനത്തിനുണ്ടായി.പ്രധാനമന്ത്രി നരേന്ദ്രമോഡിയും അ‍ഴിമതി നി‍ഴലിലായി.

മോഡി പ്രഭാവം എന്നും ഒരുപോലെയാവില്ലെന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞു.വികസന പുരുഷൻ എന്ന പ്രതിഛായയ്ക്കും പ്രതിപക്ഷത്തിന്‍റെ സംയുക്താക്രമണത്തിൽ കോട്ടം തട്ടി.2018 ബിജെപിക്ക് മോശം വർഷമായിരുന്നു.2019 എന്ത് എന്ന് ബിജെപി ആകുലതപ്പെടുന്നതും മറ്റൊന്നും കൊണ്ടല്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close