Cover StoryHealthLife

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

36 ഡോക്ടര്‍മാരെ പിരിച്ചു വിട്ടതിന് പിന്നാലെ വീണ്ടും നടപടി

തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെയടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാരും 15.01.2019 അപരാഹ്നത്തിന് മുമ്പായി സര്‍വീസില്‍ പുന:പ്രവേശിക്കേണ്ടതാണ്. അതിനുശേഷവും അനധികൃതാവധിയില്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

15ന് മുമ്പ് രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ടു വ്യവസ്ഥകള്‍ ഉള്‍പ്പെടെയുളള വ്യവസ്ഥകള്‍ക്കും അച്ചടക്കനടപടികളുടെ തീര്‍പ്പിനും വിധേയമായി അതാതു വകുപ്പ് മേധാവികള്‍/നിയമനാധികാരികള്‍ നിയമനം നല്‍കുകയും അതുസംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതുമാണ്. 15 ന് ശേഷം അനധികൃതാവധിയില്‍ തുടരുന്നവരെ സംബന്ധിച്ച തസ്തിക തിരിച്ചുള്ള വിശദാംശങ്ങള്‍ സ്ഥാപനമേധാവികള്‍/ ജില്ലാമേധാവികള്‍/നിയമനാധികാരികള്‍ എന്നിവര്‍ സമാഹരിച്ച് ക്രോഡീകരിച്ച് 31.01.2019നുളളില്‍ വകുപ്പ് തലവന്‍മാര്‍ക്ക് നല്‍കുന്നതാണ്. വകുപ്പ് തലവന്‍മാര്‍ അച്ചടക്കനടപടികള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ സഹിതം 10.02.2019നുളളില്‍ ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാരിനു ലഭ്യമാക്കുന്നതാണ്. ഇതിന്റെയടിസ്ഥാത്തിലാണ് നടപടികള്‍ സ്വീകരിക്കുക.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരിതത്തില്‍ നിന്നും കരകയറുന്നതിനായി മറ്റ് വകുപ്പുകളോടൊപ്പം ആരോഗ്യ വകുപ്പം പരമപ്രധാനമായ പങ്കാണ് നിര്‍വഹിച്ചത്. തുടര്‍ച്ചയായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ അനേകം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനും കാരണമാകുന്നുണ്ട്. നിപാ പോലുളള പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെട്ട സന്ദര്‍ഭങ്ങളിലുള്‍പ്പെടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുള്‍പ്പെടെയുളള ജീവനക്കാര്‍ സ്മത്യര്‍ഹമായ സേവനമാണ് കാഴ്ചവച്ചിട്ടുളളത്. എന്നിരുന്നാലും പ്രകൃതിദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നീ മേഖലകളില്‍ കൂടുതല്‍ മികവുറ്റ ആരോഗ്യ സേവന ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലും വകുപ്പിന് കീഴിലുളള സ്ഥാപനങ്ങളിലും നിയമിതരായ ഒരു വിഭാഗം ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പ്രളയാനന്തര കേരളം അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളേയും പകര്‍ച്ച വ്യാധികളേയും കാലാവസ്ഥാജന്യ രോഗങ്ങളെയും നേരിടുന്നതിനെയും നവകേരള നിര്‍മ്മാണത്തെയും പ്രതികൂലമായി ബാധിക്കുന്നെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പിലും വകുപ്പിനു കീഴിലുമുളള എല്ലാ സ്ഥാപനങ്ങളിലും നിയമിതരായ എല്ലാ വിഭാഗം ജീവനക്കാരുടേയും അനധികൃത ഹാജരില്ലായ്മയെതിരെ കര്‍ശനമായ അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ അടുത്തിടെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും സര്‍ക്കാര്‍ കര്‍ശന നടപടിയ്‌ക്കൊരുങ്ങുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close