Cover StoryHealthLife

ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് ജനുവരി 1ന് പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ചരിത്രമെഴുതി 2018ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട്, അംഗീകൃത ചികിത്സാ സമ്പ്രദായമായ മോഡേണ്‍ മെഡിസിനില്‍ (ദന്ത ചികിത്സ ഉള്‍പ്പെടെ) 2019 ജനുവരി 1-ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തെ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളില്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണത്തിനുമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 2018ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് കേരള നിയമസഭ 2018 ഫെബ്രുവരി ഒന്നാം തിയതി പാസാക്കിയിരുന്നു. അതിന് മുമ്പ് സബ്ജക്ട് കമ്മിറ്റി ഏഴ് വ്യത്യസ്ത തീയതികളില്‍ തിരുവനന്തപുരം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്ന് പൊതുജനങ്ങളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചിരുന്നു. ഈ നിയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിനായി തയ്യാറാക്കിയ ചട്ടങ്ങള്‍ നിയമ വകുപ്പും കേരള നിയമസഭയുടെ വിഷയ നിര്‍ണയ സമിതിയും വിശദമായി ചര്‍ച്ച ചെയ്യുകയും അംഗീകാരം നല്‍കുകയും ചെയ്തു. ചട്ടങ്ങള്‍ ജനുവരി 1 ന് പ്രാബല്യത്തില്‍ വരുന്നതാണ്. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുംപെട്ട സ്ഥാപനങ്ങളും ഈ ആക്ടിന്റെ പരിധിയില്‍ വരുമെങ്കിലും ആദ്യഘട്ടത്തില്‍ മോഡേണ്‍ മെഡിസിനിലാണ് പ്രാബല്യത്തില്‍ വരുത്തുന്നത്. താത്ക്കാലികമായി 2 വര്‍ഷത്തേയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് നോക്കാതെ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സ്ഥാപനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് കൈവരിക്കേണ്ടതാണ്.

ഇത് സമ്പൂര്‍ണ ഓണ്‍ലൈന്‍ സമ്പ്രദായത്തിലാക്കുന്നതാണ്. രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കല്‍, കൈപ്പറ്റ് രസീത് നല്‍കല്‍, രജിസ്‌ട്രേഷന്‍ ഫീസ് അടക്കല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ രജിസ്റ്റര്‍, രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതും റദ്ദാക്കപ്പെട്ടതുമായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, ഓരോ സ്ഥാപനങ്ങളിലെയും സൗകര്യങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍, അപ്പീലുകള്‍, പരാതി പരിഹാരം എന്നിവയെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കും. സുതാര്യത ഉറപ്പുവരുത്തുന്നതിനായി പരിശോധനകളും വിലയിരുത്തലുകളും സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കുകയും ചെയ്യും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി കേരളം പാസാക്കിയ നിയമത്തില്‍ സ്ഥിരമായ രജിസ്‌ട്രേഷന് മുമ്പായി വ്യക്തമായ വിലയിരുത്തല്‍ പ്രക്രിയ സംബന്ധിച്ച് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കുകയും അതിനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഉടച്ചുവാര്‍ക്കുകയും ചെയ്യുന്നതില്‍ ലക്ഷ്യമിടുന്നതാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്.

ആരോഗ്യമേഖലയിലെ എല്ലാ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കാനും പരിരക്ഷണം നല്‍കാനുമുള്ള ആക്ടാണിത്. ഇതുവരെ നിയമപരമായ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്ക് ആക്ട് പ്രാബല്യത്തില്‍ വരുന്നതോടെ നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാനാകൂ. ഈ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

ഔദ്യോഗികമായി നിശ്ചയിക്കപ്പെടുന്ന നിശ്ചിത മാനദണ്ഡ പ്രകാരമല്ലാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാവില്ല. സ്ഥാപനങ്ങളെ അവയുടെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കും. ഇങ്ങനെ തരംതിരിക്കുന്ന സ്ഥാപനങ്ങളില്‍ ഗുണമേന്മയുള്ള ചികിത്സയും പരിശോധനയും നടക്കുന്നുണ്ടെന്ന് ആക്ടിലൂടെ ഉറപ്പുവരുത്തും. നിശ്ചയിച്ച ചികിത്സാ നിരക്ക് ഉള്‍പ്പെടെ പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന തരത്തില്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം. ചുരുക്കത്തില്‍ രോഗികളില്‍ നിന്നും പലതരത്തില്‍ പണം ഈടാക്കി ഗുണനിലവാരം ഇല്ലാത്ത ചികിത്സ നല്‍കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഈ ആക്ട് പ്രാബല്യത്തില്‍ വരുന്നതോടെ സാധിക്കും.

സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യിക്കാന്‍ മാത്രമല്ല അവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള കാതലായ നിര്‍ദേശങ്ങളും ആക്ടിലുണ്ട്. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ നിശ്ചിത മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ പരിശോധനയ്ക്ക് കൗണ്‍സിലിന് അവകാശം നല്‍കുന്നുണ്ട്. മാനദണ്ഡങ്ങളില്‍ നിന്നും ആശുപത്രികള്‍ വ്യതിചലിക്കുകയോ നിലവാരമുള്ള ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനവുമൊരുക്കും. പരാതി ശരിയെന്ന് കണ്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെ കൗണ്‍സിലിന് നിയമപരമായ അവകാശം ആക്ട് ഉറപ്പുവരുത്തിയിരുന്നു.

രോഗം, രോഗനിര്‍ണയം, ചികിത്സ, ക്ഷതങ്ങള്‍, അസ്വാഭാവികത, ദന്തരോഗങ്ങള്‍, പ്രസവ ചികിത്സ എന്നിവയ്ക്കായി ആവശ്യമുള്ള കിടക്കകളോ സൗകര്യങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്ന ആശുപത്രി, മെറ്റേണിറ്റി ഹോം, നേഴ്‌സിംഗ് ഹോം എന്നിവയാണ് ക്ലിനിക്കല്‍ സ്ഥാപനങ്ങളായി കണക്കാക്കുന്നത്. സര്‍ക്കാരിന്റെ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഒരു വകുപ്പിന്റെ, ഒരു പൊതു അല്ലെങ്കില്‍ സ്വകാര്യ ട്രസ്റ്റിന്റെ, വ്യക്തിഗത സ്ഥാപനത്തിന്റെ അല്ലെങ്കില്‍ പങ്കാളിത്ത സ്ഥാപനത്തിന്റെ, സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ അല്ലാത്തതോ ആയ ഒരു കോര്‍പറേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത (സഹകരണ സംഘവും, സൊസൈറ്റി രജിസ്‌ട്രേഷന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്തവ) ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥയിലും നിയന്ത്രണത്തിലും നടത്തിപ്പിലുമുള്ള സ്ഥാപനങ്ങളുമാണ് ക്ലിനിക്കല്‍ സ്ഥാപനത്തില്‍ വരിക. ലബോറട്ടറിയുടെയോ മെഡിക്കല്‍ ഉപകരണങ്ങളുടെയോ സഹായത്തോടെ പത്തോളജി, ബാക്ടീരിയ, ജനിതക, റേഡിയോളജിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ രോഗനിര്‍ണയവും രോഗകാരണവും നടത്തുന്ന സ്ഥാപനങ്ങളും ഇതിലുള്‍പ്പെടും.

കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ മാത്രം നല്‍കുന്ന സ്ഥാപനങ്ങളും സായുധ സേനകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും നടത്തിപ്പിലുമുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ഈ ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല.

നിശ്ചയിക്കപ്പെട്ട മിനിമം നിലവാരം നിലനിര്‍ത്തുന്നത് കൂടാതെ സര്‍ക്കാരിന്റെയോ കൗണ്‍സിലിന്റെയോ ഉത്തരവുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതുണ്ട്. കൗണ്‍സില്‍ ആവശ്യപ്പെടുന്ന പ്രകാരമുള്ള റിപ്പോര്‍ട്ടുകളും കണക്കുകളും നല്‍കുന്നതിനും പൊതുജനസമക്ഷം ലഭ്യമാക്കുന്നതിനും ക്ലിനിക് സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്.

സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുക വഴി സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള നിര്‍ണായകമായ ചുവടുവെയ്പ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ വിവരങ്ങള്‍ കൂടി സര്‍ക്കാറിന് ലഭ്യമാകുന്നതോടെ ആരോഗ്യ സംവിധാനത്തെ സംബന്ധിച്ച് സമയാസമയങ്ങളില്‍ വിലയിരുത്തുവാന്‍ അവസരമൊരുങ്ങുകയാണ്. അതിനനുസരിച്ചുള്ള ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനാകും.

നിലവിലെ അവസ്ഥ

1. 2019 ജനുവരി 1 മുതല്‍ മോഡേണ്‍ മെഡിസിന്‍ വിഭാഗത്തില്‍ (ദന്തചികിത്സ ഉള്‍പ്പെടെ) ഈ നിയമം പ്രാബല്യത്തില്‍ വരും
2. കേരള നിയമസഭയുടെ വിഷയ നിര്‍ണയ സമിതി പാസാക്കിയത് പ്രകാരമുള്ള കരട് ചട്ടങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും
3. സംസ്ഥാന കൗണ്‍സിലും 14 ജില്ലകള്‍ക്ക് വേണ്ടിയുള്ള ജില്ല രജിസ്റ്ററിംഗ് അതോറിട്ടികളും ഉടന്‍ രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും
4. നിയമങ്ങളും ചട്ടങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിയായി നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്റര്‍ വെബ് പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമാക്കുന്നതിനും സ്ഥാപനങ്ങളുടെ വിലയിരുത്തലിനും അംഗീകാരം നല്‍കുന്നതിനുമായി പരിശീലനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ബന്ധപ്പെട്ടവര്‍ക്ക് എത്രയും പെട്ടന്ന് നല്‍കുന്നതാണ്.
5. ക്ലിനിക്കല്‍ സ്ഥാപനങ്ങളെ കാറ്റഗറിയായി തിരിക്കുന്നതിനും ക്ലാസിഫൈ ചെയ്യുന്നതിനും ഓരോ കാറ്റഗറിയ്ക്കും ആവശ്യമായ മിനിമം സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കുന്നതിനുമായുള്ള കമ്മിറ്റികള്‍ രൂപീകരിക്കും.
6. 2019 ജനുവരി മുതല്‍ ആധുനിക ചികിത്സാ സമ്പ്രദായത്തിലുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കുള്ള (ലബോറട്ടറികള്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍, ദന്തല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ) താത്ക്കാലിക രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്.
7. വിവിധ ജില്ലകളില്‍ ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. ഓരോ ജില്ലയിലേയും തീയതികളും കാറ്റഗറി തിരിച്ചുള്ള സ്ഥാപനങ്ങളുടെ വിവരങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖാന്തിരവും മറ്റ് മാധ്യമങ്ങള്‍ മുഖേനയും അറിയിക്കുന്നതാണ്.

www.clinicalestablishments.kerala.gov.in

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close