
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല. 15 വര്‍ഷം ബി ജെ പിയുടെ തട്ടകമായിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത് ബി ജെ പിക്ക് വന്‍ തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളില്‍ വിജയകൊടി പാറിച്ചതോടെ സഖ്യകക്ഷികള്‍ എന്‍ ഡി എ വിട്ട് യുപിഎയിലേക്ക് ചേക്കേറുകയാണ്.
അതേസമയം അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയില്‍ തന്നെ ബി ജെ പി നേരിടേണ്ടി വരുന്നത് വന്‍ തിരിച്ചടികളാണ് . സഖ്യകക്ഷിയായ ശിവസേന പോലും ബി ജെ പിക്ക് പിന്തുണ നല്‍കാത്ത സാഹചര്യമാണ് മഹാരാഷ്ട്രിയലുളളത് . 2014 ല്‍ 48 സീറ്റുകളില്‍ 40 ഉം എന്‍ഡിഎ നേടിയത് ശിവസേനയുമായി സഖ്യത്തിലായതോടെയാണ്.ശിവസേന സഖ്യം കൂടി ഇല്ലെങ്കില്‍ പാര്‍ട്ടിയുടെ നില പരുങ്ങലില്‍ ആകുമെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെയിലാണ് മുന്‍ റവന്യു മന്ത്രിയും മഹാരാഷ്ട്രയിലെ പ്രമുഖ ലവ പാടീല് സമുദായാംഗവുമായ ഏക്നാഥ് ഖദ്സെ ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി വിടുമെന്ന സൂചന നല്‍കിയത്. മഹാരാഷ്ട്രയിലെ ഭുസാവലില്‍ ലവ പാടീല് സമുദായത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാദ്സേ.ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഖാദ്സേ ഉന്നയിച്ചത്. ഒരേ പാര്‍ട്ടിയില്‍ ഒരാള്‍ കുറേ കാലം തുടരണമെന്ന് നിര്‍ബന്ധമില്ല. സമുദായത്തെ ശക്തിപ്പെടുത്തണമെങ്കില്‍ എല്ലാവരും അസമത്വത്തിനെതിരെ പോരാടണമെന്നും ഖാദ്സേ ആഹ്വാനം ചെയ്തു.
ജീവിത പോരാട്ടത്തിനിറങ്ങുമ്പോള്‍ രാഷ്ട്രീയം മാറ്റിവെയ്ക്കണം. അത് ബിജെപി ആയാലും കോണ്‍ഗ്രസ് ആയാലും ഖാദ്സേ വ്യക്തമാക്കി.