Cover StoryFrom the EditorNationalNews

മധ്യപ്രദേശ് പിടിക്കാമെങ്കിൽ ഉത്തർപ്രദേശും പിടിക്കാം, പാർട്ടി പ്രവർത്തകരോട് കയ്യും മെയ്യും മറന്നു പോരാടാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ്‌

29 വർഷമായി കോൺഗ്രസ്‌ ഉത്തർപ്രദേശിൽ അധികാരത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ട്. അതോടെ പാർട്ടി തളർച്ചയിൽ ആയി. പ്രവർത്തകർ അവരവരുടെ കൂടാരങ്ങളിലേക്കു മടങ്ങി. ഇന്നിപ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ നേരിട്ടേറ്റുമുട്ടി ബിജെപിയെ പരാജയപ്പെടുത്തിയ പശ്ചാത്തലത്തിൽ പുതിയൊരു കോൺഗ്രസ്‌ ഉയർത്തെഴുന്നേൽക്കുകയാണ്.അന്തരിച്ച നാരായൺ ദത്ത്‌ തിവാരിയാണ് ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രി. 1989 ഡിസംബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ വീഴ്ചയുടെ പടുകുഴിയിൽ ആയി.

ഉത്തർപ്രദേശിലെ ഇപ്പോഴത്തെ പ്രധാന കക്ഷികളായ ബിഎസ്പിയും എസ്പിയും സഖ്യം ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ കോൺഗ്രസ്‌ വേണമോ വേണ്ടയോ എന്നവർ പറയുന്നില്ല. 80ൽ 71 സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാങ്ങിയ ബിജെപിയെ എതിരിടുമ്പോൾ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന മുദ്രാവാക്യം ഉത്തർപ്രദേശിൽ ബിഎസ്പിയും എസ്പിയും മറന്നപ്പോഴൊക്കെ ബിജെപി സംസ്ഥാനം തൂത്തുവാരിയിരുന്നു.

മുസ്ലിം, ദളിത്, ബ്രാഹ്മണർ ഇതൊക്കെ ആയിരുന്നു ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ വോട്ടുബാങ്ക്. 18.5% വരുന്ന മുസ്ലിങ്ങൾ ഇന്ന് എസ്‌പിക്കൊപ്പമാണ്. 20.5% വരുന്ന ദലിതുകൾ ബിഎസ്‌പിക്കൊപ്പവും. 9.2% വരുന്ന ബ്രാഹ്മണർ ബിജെപിക്കൊപ്പവും പോയി.

എന്നാൽ കോൺഗ്രസ്‌ വിജയത്തിന്റെ പുതുവഴി തേടുകയാണ് ഉത്തർപ്രദേശിൽ. “ഞങ്ങൾ ബിജെപിയെ തോൽപിച്ചു എന്നത് മാത്രമല്ല, ശിവരാജ് സിംഗ് ചൗഹാനെ പോലുള്ള ജനസമ്മിതിയുള്ള നേതാവിനെ തോൽപ്പിച്ചു എന്നതാണ് പ്രസക്തി. “ലക്‌നോവിലെ ബിജെപി ആസ്ഥാനത്ത് ഉയർന്നു കേൾക്കുന്ന ശബ്ദം ഇതാണ്.

2009 ൽ ബിഹാറിലെ തെരഞ്ഞെടുപ്പിനോട് അടുത്ത് നിൽക്കുന്ന സാഹചര്യമാണ് ഉത്തർപ്രദേശിലേത്. ലാലുവും രാംവിലാസ് പാസ്വാനും കോൺഗ്രസിനെ ചവിട്ടി സീറ്റ് പങ്കിട്ടു. ഒടുവിൽ കോൺഗ്രസ്‌ ഒറ്റയ്ക്ക് മത്സരിച്ചു. ഫലമോ എൻഡിഎ അധികാരത്തിൽ എത്തി.

കോൺഗ്രസ്‌, എസ്പി, ബിഎസ്പി, രാഷ്ട്രീയ ലോക്ദൾ എന്നീ പാർട്ടികൾ ഒന്നിച്ചാൽ മുസ്ലിങ്ങൾ, ജാട്ടുകൾ, യാദവന്മാർ, ജാതവന്മാർ എന്നീ വിഭാഗങ്ങളെ ഒന്നിപ്പിക്കാം. ബിജെപിക്ക് 2014ൽ ലഭിച്ചത് 42.5% വോട്ടാണ്. മുകളിൽ പറഞ്ഞ പാർട്ടികൾ ഒന്നിച്ചാൽ സഖ്യത്തിന്റെ വോട്ടുശതമാനം 50ന് മുകളിൽ ആവും.

ഉത്തർപ്രദേശിൽ നിലവിലെ സാഹചര്യത്തെ കുറിച്ച് കോൺഗ്രസിന് നല്ല ബോധ്യം ഉണ്ട്. എസ്പിയെയും ബിഎസ്പിയെയും ഇക്കാര്യം ബോധ്യപ്പെടുത്താൻ കോൺഗ്രസ്‌ ശ്രമിക്കുന്നുമുണ്ട്. എന്നാൽ ദുരൂഹ സാഹചര്യങ്ങളാൽ എസ്പിയും ബിഎസ്പിയും ഇത് കേട്ട മട്ടില്ല. സഖ്യത്തിന് അവസാന നിമിഷം വരെ കാക്കാൻ തന്നെയാണ് കോൺഗ്രസ്‌ തീരുമാനം. അതേസമയം തന്നെ പാർട്ടിയെ ഊർജസ്വലമാക്കാൻ ബൂത്ത്തല പ്രവർത്തനം സജീവമാക്കാൻ പാർട്ടി നീക്കം തുടങ്ങി. ഒറ്റയ്ക്ക് ആയാലും പോരാടാൻ തന്നെയാണ് കോൺഗ്രസ്‌ തീരുമാനം. പുതിയ ദേശീയ സാഹചര്യം ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽക്കലിന് കാരണമാകുമെന്ന് പാർട്ടി വിശ്വസിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close