Uncategorized

ബിജെപി ഭരിക്കുന്ന ജാർഖണ്ഡിൽ കോൺഗ്രസ്‌ സ്ഥാനാർഥി ജയത്തിലേക്ക്, ഗുജറാത്തിൽ ഒരു സീറ്റ് പിടിച്ചെടുത്ത് ബിജെപി

ബിജെപി ഭരിക്കുന്ന ജാർഖണ്ഡിൽ കൊലേബിറ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥി വിജയത്തിലേക്ക്. 15 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ്‌ സ്ഥാനാർഥി നമൻ വിക്സെൽ കോങ്ങാരി എണ്ണായിരം വോട്ടിനാണ് മുന്നിട്ടു നിൽക്കുന്നത്. ബിജെപി സ്ഥാനാർഥിയാണ് രണ്ടാം സ്ഥാനത്ത്. ജാർഖണ്ഡ് പാർട്ടി ആണ് മൂന്നാം സ്ഥാനത്ത്. സിറ്റിംഗ് എംഎൽഎ ജാർഖണ്ഡ് പാർട്ടിയിലെ എനോസ് ഏക്ക കോടതി വിധിയെ തുടർന്ന് രാജി വച്ച ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മണ്ഡലം പിടിച്ചെടുക്കുകയാണ്. ബിജെപി ഭരണത്തിന്റെ വിലയിരുത്തൽ കൂടിയായാണ് ഈ ഉപതെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ്‌ സ്ഥാനാർഥി ഇതുവരെ മുപ്പത്തി ഒന്നായിരത്തി എണ്ണൂറ്റി മൂന്ന് വോട്ടും ബിജെപി ഇരുപത്തിമൂവായിരത്തി എണ്ണൂറ്റി അമ്പത് വോട്ടുമാണ് നേടിയത്. 15 വർഷമായി ഈ മണ്ഡലത്തിൽ കോൺഗ്രസ്‌ വിജയിച്ചിട്ടില്ല. രാജി വച്ച എംഎൽഎ എനോസ് എക്കയുടെ ഭാര്യ മെനോൻ ഇക്കയാണ് ഇവിടെ ജാർഖണ്ഡ് പാർട്ടി സ്ഥാനാർഥി. ജാർഖണ്ഡിലെ കരുത്തുറ്റ നേതാക്കളിൽ ഒരാളായ എക്ക അർജുൻ മുണ്ടെ, മധു ഖോട, ഷിബു സോറൻ മന്ത്രിസഭകളിൽ അംഗമായിരുന്നു.

അതേസമയം ഗുജറാത്തിലെ ജെസ്‌ഡാൻ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ജയിച്ചു. 19,000 വോട്ടുകൾക്കാണ് ജയം. കോൺഗ്രസ്‌ എംഎൽഎ കുൻവാർജി ബാവലിയ രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരികയായിരുന്നു.കുൻവാർജി തന്നെയാണ് ബിജെപി സ്ഥാനാർഥി. ഇദ്ദേഹമിപ്പോൾ ബിജെപി മന്ത്രിസഭയിലെ അംഗമാണ്. ഈ സീറ്റ് കൂടി ലഭിച്ചതോടെ ബിജെപിയുടെ സീറ്റ് നില മൂന്നക്കത്തിലേക്കെത്തി 100 ആയി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close