BusinessCover StoryTrending

മൂന്നര വർഷം;  പൊതുമേഖലാ ബാങ്കുകൾ പി‍‍ഴിഞ്ഞത് 10,000 കോടി 

ദില്ലി: പൊതുമേഖലാ ബാങ്കുകൾ മൂന്നര വർഷം കൊണ്ട് പിഴയിനത്തിൽ പിടിച്ചത് 10,000 കോടി രൂപ. അക്കൗണ്ടിൽ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും സൗജന്യ തവണകൾക്ക് പുറമേ എടിഎം ഇടപാടുകൾ നടത്തിയ ഇനത്തിലുമാണ് ഇത്രയും തുക ബാങ്കുകൾ നേടിയത്. പാർലമെന്റിൽ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വകാര്യ മേഖലയിലെ ബാങ്കുകളും മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വൻ തുക കൈക്കലാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പാര്‍ലമെന്റിൽ നല്‍കിയ മറുപടിയിൽ ഇക്കാര്യം പറയുന്നില്ല.

പാർലമെന്റിൽ ചോദ്യത്തിന് എഴുതിനൽകിയ മറുപടിയിൽ 2012ൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ നിർത്തലാക്കിയതായും 2017 ഏപ്രിലിൽ വീണ്ടും തുടങ്ങിയതായും പറയുന്നു.

2017 ഒക്ടോബറിൽ മിനിമം ബാലൻസ് തുക കുറച്ചതായും മറുപടിയിൽ വ്യക്തമാക്കുന്നു. ജൻധൻ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല. എന്നാൽ സ്വകാര്യ മേഖലയിലെ ബാങ്കുകൾ പിഴ ഈടാക്കുന്നത് തുടരുന്നുണ്ട്.

വിവിധ സേവനങ്ങള്‍ക്ക് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള അധികാരം ബാങ്കുകൾക്ക് റിസർവ് ബാങ്ക് നല്‍കുന്നുണ്ടെന്ന് മറുപടിയിൽ പറയുന്നു.

റിസർവ് ബാങ്ക് നിര്‍ദേശ പ്രകാരം രാജ്യത്തെ ആറ് മെട്രോ നഗരങ്ങളിലെ എടിഎമ്മുകളിൽ മാസത്തില്‍ മൂന്ന് സൗജന്യ ഇടപാടുകള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണിത്. മറ്റിടങ്ങളില്‍ ഇത് അഞ്ച് സൗജന്യ ഇടപാടുകളാണെന്നും അധികമായി വരുന്ന ഓരോ ഇടപാടിനും ഉപഭോക്താവില്‍നിന്ന് 20 രൂപ ഈടാക്കുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close