KeralaNews

ഫാസിസ്റ്റിനെ കാണാൻ പോയി, ഹ്യൂമനിസ്റ്റിനെ കണ്ടു മടങ്ങി’യെന്ന് എഴുത്തുകാരൻ; അത് ലോകത്തോട് പറയാനുള്ള ആർജവം കാണിക്കണമെന്ന് മുഖ്യമന്ത്രി

ദില്ലി: തന്നെ ഫാസിസ്റ്റും പരുക്കനുമായി ചിത്രീകരിക്കുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലിയിൽ നാടകാചാര്യൻ ഓംചേരി എൻ.എൻ. പിള്ളയുടെ ആത്മകഥ ‘ആകസ്മികം’ പ്രകാശനം ചെയ്യുന്നതിനിടെയാണ് പിണറായി തന്റെ വ്യക്തിത്വത്തെക്കുറിച്ച്‌ പരോക്ഷമായി പരാമർശിച്ചത്. തീരുമാനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തതാണ് പിണറായി വിജയന്റെ രീതിയെന്ന അവതാരകന്റെ ആമുഖത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

താനായിട്ടൊന്നും പറയുന്നില്ലെന്ന് തുടങ്ങിയ പിണറായി, തന്നെക്കുറിച്ച്‌ ഓംചേരി എൻ.എൻ. പിള്ള ആത്മകഥയിലെഴുതിയ ഭാഗം സദസ്സിനെ വായിച്ചു കേൾപ്പിച്ചു: ‘പറഞ്ഞുകേട്ട ഫാസിസ്റ്റിനെ കാണാൻ കേരള ഹൗസിലേക്ക് ചെന്നു. തുറന്ന മനസ്സോടെ സൗഹൃദപൂർവം സംസാരിച്ച പിണറായിയെ ഫാസിസ്റ്റ് എന്ന് വിളിച്ചവരുടെ അവിവേകത്തെക്കുറിച്ചാണ് ഞാൻ ആലോചിച്ചത്. ഫാസിസ്റ്റിനെ കാണാൻ പോയി, ഹ്യൂമനിസ്റ്റിനെ കണ്ടു മടങ്ങി’ – കമുകറ ഫൗണ്ടേഷന്റെ പരിപാടിക്ക് എകെജി ഹാൾ ലഭ്യമാക്കുന്നതിനായി പിണറായിയെ കണ്ടതിനെക്കുറിച്ചായിരുന്നു ആത്മകഥയിൽ ഓംചേരിയുടെ പരാമർശം.

ആത്മകഥാഭാഗം വായിച്ചു നിർത്തിയശേഷം പിണറായി പറ!ഞ്ഞു: ‘സത്യം തിരിച്ചറിയാനും തിരുത്താനും അതു ലോകത്തോടു പറയാനുമുള്ള ആർജവം എല്ലാവരും കാണിക്കണം. അതിനുദാഹരണമാണ് ഓംചേരി എൻ.എൻ.പിള്ള’. സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close