Cover StoryKeralaNews

 വനിതാ മതിലിന് സര്‍ക്കാര്‍ പണവും  സര്‍ക്കാര്‍ സംവിധാനവും ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക്  കത്ത്  നല്‍കി

തിരുവനന്തപുരം:   നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ 2019 ജനുവരി 1 ന് കാസര്‍ കോട് മുതല്‍ തിരുവനന്തപുരം സംഘടിപ്പിക്കുന്ന  വനിതാ മതിലിന്  വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളും, സര്‍ക്കാരിന്റെ പണവും  ഉപയോഗിക്കുരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.  ഈ മതില്‍ സി പി എമ്മിന്റെയും, ഇടതുമുന്നണിയുടെയും രാഷ്ട്രീയ പരിപാടിയാണ്. ഇതിന് വേണ്ടി പൊതുഖജനാവിലെ പണം  ധൂര്‍ത്തടിക്കുന്നതും, സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുന്നതും ശരിയല്ല. സി പി എമ്മിനോ ഇടതു മുന്നണിക്കോ വേണമെങ്കില്‍ സ്വന്തം ചിലവില്‍  ഇത്തരത്തിലൊരു മതില്‍ സംഘടിപ്പിക്കാം. എന്നാല്‍ പൊതു ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ച്    സര്‍ക്കാര്‍ ഇത്തരത്തിലൊരു രാഷ്ട്രീയ പരിപാടി സംഘടിപ്പിക്കാന്‍ പാടില്ല.  ന്യുന പക്ഷ വിഭാഗങ്ങളെ ഇതില്‍ നിന്നൊഴിവാക്കുക വഴി സര്‍ക്കാര്‍  സമൂഹത്തില്‍  സാമുദായിക അസന്തലുതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.   ഇത് കേരളത്തില്‍  വലിയ സാമുദായിക ചേരിതിരിവിന് ഇടയാക്കും.
ശബരിമല സംബന്ധിച്ച സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും അജണ്ട നടപ്പാക്കാനുള്ള വളഞ്ഞ വഴിയാണിതെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയമായി ഒറ്റക്ക് നടപ്പിലാക്കി വിജയിപ്പിക്കാന്‍ സാധിക്കാത്ത പ്രസ്തുത അജണ്ട ഇത്തരത്തില്‍ നടപ്പിലാക്കുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഈ പരിപാടി സര്‍ക്കാര്‍ മെഷിനറി ഉപയോഗിച്ച്  നടത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ഇതിനായി ഒരു രൂപ പോലും സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് വിനിയോഗിക്കരുതെന്നും  രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം താഴെ-

06.12.2018

നവോത്ഥോന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ 2019 ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കാന്‍ ഡിസംബര്‍ 1ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഒരു വിഭാഗം സാമൂഹിക  സാമുദായിക നേതാക്കളുടെ യോഗം തീരുമാനമെടുത്തിരുന്നല്ലോ. തുടര്‍ന്ന് ഡിസംബര്‍ 5 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതിന്റെ മുഖ്യചുമതല സ്ത്രീകളുടെയും-കുട്ടികളുടേയും വകുപ്പിനെ ഏല്‍പ്പിച്ചതായും,, ജില്ലകളിലെ സംഘാടന ചുമതല ഓരോ മന്ത്രിമാര്‍ക്ക് നല്‍കിയതായും,  ജില്ലാതല സംഘാടക സമിതികള്‍ രൂപീകരിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മനസ്സിലാക്കുന്നു.
രാഷ്ട്രീയലക്ഷ്യം മുന്‍നിറുത്തി ആവിഷ്‌കരിച്ചിട്ടുള്ള പ്രസ്തുത പരിപാടിയെ പൂര്‍ണ്ണതോതിലുളള ഒരു സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റിയെന്നാണ് മേല്‍സൂചിപ്പിച്ച നടപടികള്‍ സൂചിപ്പിക്കുന്നത്. നവോത്ഥാനത്തിന്റെ പേരില്‍ നടത്തുന്ന ഈ പരിപാടി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനും സാമുദായിക ധ്രുവീകരണത്തിനും മാത്രമേ ഉപകരിക്കൂ. സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള ഏത് അടിസ്ഥാനപ്രശ്‌നങ്ങളെ മുന്‍നിറുത്തി, എന്ത് നവോത്ഥാന ആശയങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഈ വനിതാമതിലെന്ന കാര്യംപോലും സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. കേരളം നാളിതുവരെ ദര്‍ശിച്ച, കൈവരിച്ച നവോത്ഥാന പോരാട്ടങ്ങളേയും, നേട്ടങ്ങളേയും തകിടം മറിക്കുന്നതിന് മാത്രമെ ഈ വനിതാമതില്‍ ഉപകരിക്കൂ. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഹിന്ദു സംഘടനകളെ മാത്രം പങ്കെടുപ്പിച്ചതിലൂടെ ഈ സര്‍ക്കാര്‍ സ്‌പോന്‍സേര്‍ഡ് നവോത്ഥാന പ്രോഗ്രാമിന്റെ കള്ളി വെളിച്ചത്തായിട്ടുണ്ട്.  ഹൈന്ദവ സംഘടനകള്‍ മാത്രമല്ല ന്യൂനപക്ഷ വിഭാഗത്തിലെ നിരവധി നേതാക്കളും സംഘടനകളും കേരളത്തിന്റെ നവോത്ഥാനപോരാട്ടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്മരിക്കുന്നത് ചരിത്രത്തോടും നവോത്ഥാന പ്രസ്ഥാനത്തോടും കാട്ടുന്ന അവഹേളനമാണ്.
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായാണ് സ്ത്രീകളുടെ മതില്‍ ഒരുക്കുന്നതെങ്കില്‍ അത് സമൂഹത്തിലെ എല്ലാ വിഭാഗക്കാരുടെയും പങ്കാളിത്തത്തോടെയാകണം നടത്തേണ്ടത്. ന്യൂനപക്ഷ വിഭാഗക്കാരെ പാടെ ഒഴിവാക്കി ഒരു മതവിഭാഗക്കാരെ മാത്രം ഉള്‍പ്പെടുത്തി ഇത് സംഘടിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. അത് നമ്മുടെ മതേതര അടിത്തറ ദുര്‍ബലപ്പെടുത്തും..
ശബരിമലയിലെ യുവതീ പ്രവേശനവമായി ബന്ധപ്പെട്ട വിധിയുടെ പശ്ചാത്തലത്തിലാണ് ഈ മതിലെങ്കില്‍ അത് തുറന്ന് സമ്മതിക്കുന്നതിനുള്ള ധാര്‍മ്മിക ആര്‍ജ്ജവമെങ്കിലും സര്‍ക്കാര്‍ പ്രകടിപ്പിക്കണം. ഈ ഉദ്യമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ച് അതില്‍പങ്കെടുത്തവര്‍ക്ക് തന്നെ യാതൊരു ബോധ്യവുമില്ലെന്നാണ്  ഇതുമായി ബന്ധപ്പെട്ടവരുടെ പ്രതികരണങ്ങളില്‍ നിന്നും സൂചിപ്പിക്കുന്നത്. സംഘാടക സമിതിയോഗത്തില്‍ പങ്കെടുത്ത ചില സംഘടനകള്‍ സംരംഭത്തില്‍ നിന്ന് പി•ാറുകയും ചെയ്തിട്ടുണ്ട്.
ഇത് സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടെയും രാഷ്ട്രീയ പരിപാടിയാണെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. ശബരിമല സംബന്ധിച്ച സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും അജണ്ട നടപ്പാക്കാനുള്ള വളഞ്ഞ വഴിയാണിതെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയമായി ഒറ്റക്ക് നടപ്പിലാക്കി വിജയിപ്പിക്കാന്‍ സാധിക്കാത്ത പ്രസ്തുത അജണ്ട ഇത്തരത്തില്‍ നടപ്പിലാക്കുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഈ പരിപാടി സര്‍ക്കാര്‍ മെഷിനറി ഉപയോഗിച്ച്  നടത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ഇതിനായി ഒരു രൂപ പോലും സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് വിനിയോഗിക്കരുതെന്നും താല്‍പര്യപ്പെടുന്നു.

വിശ്വസ്തതയോടെ

രമേശ് ചെന്നിത്തല

ശ്രീ. പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close