Cover StoryFrom the EditorNewsWorld

രാജീവ് ഗാന്ധി വധത്തിൽ എൽ ടി ടി ഇയുടെ പുതിയ വെളിപ്പെടുത്തൽ

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി എല്‍ ടി ടി ഇ രംഗത്ത്. രാജീവ് ഗാന്ധിയെ വധിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് എല്‍ ടി ടി ഇയുടെ വെളിപ്പെടുത്തല്‍.
എല്‍റ്റിറ്റിഇയുടെ വക്താക്കളായ കുബുരാന്‍ ഗോസ്വാമിയും ലതാന്‍ ചന്ദ്രലിംഗവും ഒപ്പു വെച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സംഘടനയ്ക്ക് രാജീവ്ഗാന്ധി വധക്കേസുമായി ബന്ധമില്ലെന്ന് തെളിവു സഹിതം സമര്‍ത്ഥിച്ചിട്ടും ആരോപണം തങ്ങളില്‍ കാലാകാലമായി കെട്ടിവെയ്ക്കുകയാണെന്നും കത്തില്‍ പറയുന്നു. ഇത്തരത്തിലുളള ആരോപണങ്ങള്‍ തങ്ങള്‍ക്കുനേരെ ഉന്നയിക്കപ്പെട്ടതുമൂലം തമിഴ് ജനത വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടതായും, നിരവധി പേര്‍ക്ക് നാട് ഉപേക്ഷിച്ച് പോകേണ്ടതായും വന്നിരുന്നു.

മുല്ലിവൈക്കലില്‍ 1,50,000 ആളുകള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് രാജീവ് ഗാന്ധിയെ വധിച്ചതെന്ന പ്രസ്താവനകള്‍ വേദനിപ്പിക്കുന്നതാണെന്ന് എല്‍ടിടിഇ പറയുന്നു. സര്‍ക്കാരിനെയും എല്‍റ്റിറ്റിഇയെയും തമ്മില്‍ തെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കുറ്റം തങ്ങളുടെ മേല്‍ ചുമത്തിയത്. എല്‍റ്റിറ്റിഇ ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനോ ആക്രമിക്കാനോ ശ്രമിച്ചിട്ടില്ല. ശ്രീലങ്കന്‍ നേതാക്കള്‍ക്കെതിരെയല്ലാതെ ഇന്ത്യയിലെ മറ്റു നേതാക്കളെ ലക്ഷ്യം വച്ച് തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര രംഗങ്ങളില്‍ ഇക്കാര്യത്തില്‍ എല്‍.ടി.ടി.ഇയെ കുറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുമെന്നും തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്ന്പ്രതീക്ഷിക്കുന്നതായി എല്‍ടിടിഇ പറയുന്നു. കൂടാതെ ഇന്ദിര ഗാന്ധിയുടെ കാലത്ത് ഇന്ത്യന്‍ ഗവണ്‍മെന്റാണ് എല്‍.ടി.ടി.ഇ ക്ക് പിന്തുണയും സഹായങ്ങളും ട്രെയിനിംഗും നല്‍കിയതെന്നും ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും എല്‍.ടി.ടി.യുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നും പ്രസ്താവനയില്‍ അവര്‍ വെളിപ്പെടുത്തുന്നു. അതേസമയം തടസങ്ങള്‍ നീക്കിയാല്‍ ഇന്ത്യയില്‍ തന്നെ ഇവര്‍ക്ക് ശക്തി പ്രാപിക്കാനും ജനാധിപത്യത്തിനെതിരെ പ്രവര്‍ത്തിക്കാനുമുളള എല്‍ ടി ടി ഇയുടെ പുതിയ തന്ത്രമാണിതെന്നും വിലയിരുത്തലുകളുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close