Cover StoryKeralaNews

സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകും: മുഖ്യമന്ത്രി

നവകേരള സൃഷ്ടിയില്‍ എല്ലാവര്‍ക്കും തുല്യാവകാശം

തിരുവനന്തപുരം: ആഗോളതലത്തില്‍ തന്നെ ഓട്ടിസം ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷനിലൂടെ ആരംഭിക്കുന്ന സ്‌പെക്ട്രം പദ്ധതി ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്ക് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓട്ടിസം ഉളളവരും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരമാകും. ചികിത്സ, തെറാപ്പി, വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം തുടങ്ങിയവ സംബന്ധിച്ചുള്ള ഇവരുടെ ആശങ്കകള്‍ വളരെ വലുതാണ്. സ്‌പെക്ട്രം പദ്ധതിയിലൂടെ സര്‍ക്കാര്‍ ഈ മേഖലയിലെ ഇടപെടലുകള്‍ക്ക് തുടക്കം കുറിയ്ക്കുകയാണ്. ഈ പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലുകോടി രൂപയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പെക്ട്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ശരണബാല്യം പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനവും നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചലച്ചിത്രതാരവും നര്‍ത്തകിയുമായ നവ്യ നായര്‍ തയ്യാറാക്കിയ ‘ചിന്നം ചിറുകിളിയേ’ എന്ന നൃത്താവിഷ്‌ക്കാരത്തിന്റെ വീഡിയോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്കും അനാഥര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റേയും വനിതാ ശിശുവികസന വകുപ്പിന്റേയും ഈ വകുപ്പുകളുടെ നിയന്ത്രണത്തിലൂടെയുള്ള സ്ഥാപനങ്ങളിലൂടെയും ഒട്ടനവധി സാമൂഹ്യക്ഷേമ പരിപാടികളും വനിതാ ശിശുവികസന പദ്ധതികളും ഫലപ്രദമായി നടത്തിവരികയാണ്. സമൂഹത്തിലെ ദുര്‍ബലരും, അശരണരും, അനാഥരും ആയ വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന കൂടുതല്‍ നൂതനമായ പദ്ധതികളാണ് ഈ വകുപ്പിലൂടെ നടപ്പാക്കി വരുന്നത്.

കുട്ടികളിലെ വളര്‍ച്ചാ വികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു അവസ്ഥയാണ് ഓട്ടിസം എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍. ഇത്തരക്കാരില്‍ തന്നെ ചിലര്‍ ചില പ്രത്യേക മേഖലകളില്‍ പ്രഗല്‍ഭരും പ്രതിഭാശാലികളും ആയി ഉയര്‍ന്നു വന്നിട്ടുള്ളതും കാണാന്‍ കഴിയും. ഓട്ടിസം ഉള്ള ഓരോ വ്യക്തിയും ഓരോ തരത്തിലുള്ള പെരുമാറ്റങ്ങളും സ്വാഭാവങ്ങളുമാണ് പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പൊതു ചികിത്സാരീതിയോ ഇടപെടലോ ഫലപ്രദമാവുകയുമില്ല.

മറ്റ് ഏതൊരു വൈകല്യത്തേയും പോലെ, ഓട്ടിസവും എത്രയും നേരത്തെ കണ്ടെത്തുകയും അനുയോജ്യമായ വ്യക്തിഗത ഇടപെടലുകള്‍ നടത്തുകയും ചെയ്താല്‍ ഇവരില്‍ വളരെയേറെ മാറ്റങ്ങള്‍ ഉണ്ടാകക്ാന്‍ കഴിയും. മാത്രവുമല്ല കൃത്യമായ തെറാപ്പികളിലൂടെയും പരിശീലനങ്ങളിലൂടെയും ഇവരിലെ കഴിവുകളെ പരിപോഷിപ്പിച്ച് മികവുറ്റതാക്കാനും കഴിയും. ഇതനുസരിച്ചുള്ള പദ്ധതികളാണ് സ്‌പെക്ട്രത്തിലൂടെ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം എന്നിവ പ്രതിരോധിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നാല് ജില്ലകൡ നടപ്പാക്കി വരുന്ന ശരണബാല്യം പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുകയാണ്. ഇതിലൂടെ കേരളത്തില്‍ നിന്നും ഇവ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.

നവകേരള സൃഷ്ടിക്കായി കേരളം പ്രയത്‌നിക്കുകയാണ്. ഭിന്നശേഷിക്കാര്‍, അവശ വിഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും പദ്ധതി ആവിഷ്‌ക്കരിക്കുക. അതിലൂടെ എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓട്ടിസം മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണം അവസാനിപ്പിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സ്വകാര്യ തെറാപ്പി സെന്ററുകളെ കുറിച്ച് വ്യാപകമായ പരാതി ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സ്‌പെക്ട്രം പദ്ധതിയുടെ ഭാഗമായി അവ നിരീക്ഷിക്കുകയും എംപാനല്‍ ചെയ്യുകയും ചെയ്യും. സാമൂഹ്യനീതി വകുപ്പും വനിത ശിശുവികസന വകുപ്പും ദുര്‍ബല വിഭാഗങ്ങള്‍ക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് വരുന്നത്. വളരെ നേരത്തെ ഭിന്നശേഷികള്‍ കണ്ടെത്തുന്നത് മുതല്‍ പുനരധിവാസം വരെയുള്ള വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. സ്വാഗതമാശംസിച്ച ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാബീവി, കെ.എസ്.എസ്.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍, സിനിമാ താരങ്ങളായ നവ്യ നായര്‍, മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close