Cover StoryFrom the EditorNationalNews

സുപ്രീം കോടതി വിധി കാക്കാതെ അയോധ്യയിൽ ക്ഷേത്രം പണിയാൻ നിയമനിർമ്മാണത്തിനു ആർ എസ് എസ് നിർബന്ധം പിടിക്കാൻ കാരണം എന്ത്?

അയോധ്യയിലെ തർക്കഭൂമി സംബന്ധിച്ച കേസ് സുപ്രീം കോടതി വിധി പറയാൻ ഇരിക്കുകയാണ്. അടുത്ത വർഷം കേസ് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും. ഇന്ത്യൻ ഭരണഘടനയിലും നിയമത്തിലും വിശ്വസിക്കുന്ന സാധാരണ പൗരൻ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് സുപ്രീം കോടതി കേസിന്റെ വിധി പറയട്ടെ എന്നാണ്. എന്നാൽ ആർ എസ് എസിന്റെ ആവശ്യം മറ്റൊന്നാണ്.

നിയമ നിർമ്മാണത്തിലൂടെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സാഹചര്യം ഒരുക്കണമെന്നാണ് ആർ എസ് എസ് ആവശ്യപ്പെടുന്നത്.മുംബൈയിൽ നടന്ന മൂന്ന് ദിവസത്തെ അഖിൽ ഭാരതീയ കാര്യകാരി മണ്ഡൽ ബൈട്ടക്കിന്റെ ഭാഗമായി ഒക്ടോബർ 31ന് ആർഎസ്എസ് ഒരു ആവശ്യം ഉന്നയിച്ചു. സർക്കാർ തർക്ക ഭൂമി ഏറ്റെടുത്ത് നിയമനിർമ്മാണം വഴി രാമക്ഷേത്രം നിർമ്മിക്കണം എന്നതായിരുന്നു ആവശ്യം. ക്ഷേത്ര നിർമ്മിതിയെ “ദേശീയ അഭിമാനം “എന്നാണ് ആർഎസ്എസ് വിശേഷിപ്പിക്കുന്നത്.

“രാമക്ഷേത്രം ഹിന്ദു, മുസ്ലിം വിഷയമല്ല. അത് ക്ഷേത്രവും പള്ളിയും എന്ന വിഷയവുമല്ല. അയോധ്യയിലെ രാമക്ഷേത്രം ദേശീയ അഭിമാനം ആണ്. “ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ പറയുന്നു. 2010ലെ അലഹബാദ് കോടതി വിധിയിൽ ബാബ്‌റി മസ്ജിദ് ഉണ്ടാകും മുമ്പ് അവിടെ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെന്നും മൻമോഹൻ വൈദ്യ കൂട്ടിച്ചേർക്കുന്നു.

“കാലങ്ങൾ പഴക്കമുള്ള തർക്കം തീർക്കാൻ കോടതി കൂടുതൽ സമയം എടുക്കുന്നു. ഈ സാഹചര്യത്തിൽ എത്ര കാലം ഇനി ജനം കാത്തിരിക്കും.?സർക്കാർ നിയമം നിർമ്മിക്കണമെന്നും ഭൂമി ഏറ്റെടുത്ത് ക്ഷേത്രം നിർമ്മിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. “മൻമോഹൻ വൈദ്യ ആവശ്യപ്പെട്ടു.

2019ലെ തെരഞ്ഞെടുപ്പ് കയ്യകലത്തിൽ നിൽക്കെ തീവ്ര വലതു പക്ഷ ഹിന്ദു സംഘടനകളാകെ ധൃതിയിലാണ്. എന്നാൽ ആദ്യ മുഗൾ ചക്രവർത്തി ബാബർ നിർമ്മിച്ച പള്ളി നാലു നൂറ്റാണ്ടുകളോളം അവിടെ നിലകൊണ്ടു എന്ന യാഥാർഥ്യം കാണാതിരിക്കുന്നതെങ്ങിനെ?

1992 ഡിസംബർ 6ന് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ആ ചരിത്ര മന്ദിരം തകർക്കപ്പെട്ടു. ആ സംഭവത്തിനു പത്തു ദിവസത്തിന് ശേഷം ജസ്റ്റിസ് മൻമോഹൻ സിംഗ് ലിബർഹാൻ കമ്മീഷൻ ഓഫ് എൻക്വയറിയെ നിയമിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കണം എന്നായിരുന്നു കേന്ദ്രസർക്കാർ നിർദേശം. എന്നാൽ 48 നീട്ടിക്കൊടുക്കലുകൾക്കൊടുവിൽ 8 കോടി രൂപ ചിലവിട്ട് കമ്മീഷൻ തൊള്ളായിരത്തിൽ അധികം പേജ് ഉള്ള റിപ്പോർട്ട്‌ 2009ൽ സമർപ്പിച്ചു. മുതിർന്ന ബിജെപി നേതാക്കളെയടക്കം നിരവധി പേരെ പ്രതിസ്ഥാനത്തു നിർത്തുന്നതായിരുന്നു റിപ്പോർട്ട്‌.

ബാബ്‌റി മസ്ജിദിന്റെ തകർച്ച ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് മേലുള്ള ആഘാതമായിരുന്നു. സുപ്രീം കോടതിയിലാണ് കേസ്. ജനക്കൂട്ടം നിയമം കയ്യിലെടുത്ത് ബാബ്‌റി മസ്ജിദ് പൊളിച്ചതാണ് കേസ്. രാജ്യത്തൊട്ടാകെ ഇതിനു പിന്നാലെ വർഗീയ കലാപം ഉണ്ടായി.

കേസിൽ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് ആർഎസ്എസ് നിയമനിർമ്മാണത്തിലൂടെ ക്ഷേത്ര നിർമ്മാണം എന്ന ആശയം നിർബന്ധപൂർവം മുന്നോട്ടു വെക്കുന്നത്. ഇവിടെ ഉയരുന്ന ചോദ്യം നാല് നൂറ്റാണ്ടിന്റെ ചരിത്രമുള്ള കാര്യത്തിൽ നാലു മാസം കാത്തിരിക്കാൻ ആർഎസ്എസ് തയ്യാറാകാത്തത് എന്ത് കൊണ്ട് എന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close