Cover StoryNationalNews

അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല അയ്യപ്പനും-പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധം; മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല ശബരിമല അയ്യപ്പനും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധം. അത് പിതാവും പുത്രനും തമ്മിലുള്ള ബന്ധം പോലെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആചാരങ്ങള്‍ മാറ്റമിലാതെ തുടരാനുള്ള അവകാശം കവനന്റിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്ഷേത്രത്തിലെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടാരത്തിന് ഇടപെടേണ്ടി വന്നത്. ക്ഷേത്രം ഭക്തരുടേതാണെന്നും ശശികുമാര വര്‍മ്മ.

‘സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ രാജകുടുംബത്തിന് മുന്നോട്ടുവരേണ്ടിവരും.’ ശശികുമാര വര്‍മ്മ പറഞ്ഞു. ശബരിമലയിലെ വരുമാനത്തില്‍ കണ്ണുനട്ടുനില്‍ക്കുന്നവരല്ല തങ്ങള്‍. ആരോ ഇതില്‍ കണ്ണുനട്ട് ഇരിക്കുന്നുണ്ട്. അതു കണ്ടുപിടിക്കേണ്ട ജോലി തങ്ങള്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. 1949ലെ കവനന്റ് അനുസരിച്ച് അവകാശമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. കവനന്റില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. കടക്കെണികാരണം പന്തളം രാജ്യവും എല്ലാ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നടവരവും നേരത്തെ തന്നെ തിരുവിതാംകൂറിന് അടിയറവുവെച്ചിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല നട അടച്ച താക്കോല്‍ നല്‍കി പതിനെട്ടാം പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച തന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. ശബരിമല ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം തന്ത്രിയ്ക്കുണ്ടാകാം. പക്ഷേ ഭരണപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ബോര്‍ഡിനാണെന്ന് മറന്നുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close