KeralaNews

പോലീസ് വിവരങ്ങള്‍ അറിയിക്കാന്‍ ജില്ലകളില്‍ കേന്ദ്രീകൃത സംവിധാനം

ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പോലീസുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും നല്‍കുന്നത് കൂടുതല്‍ ഫലവത്താക്കുന്നതിന് ജില്ലകളില്‍ സംവിധാനമൊരുങ്ങുന്നു. സംസ്ഥാന തലത്തില്‍ പോലീസിന്റെ പബ്‌ളിക് റിലേഷന്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മാതൃകയില്‍ ഇനിമുതല്‍ ജില്ലാതലങ്ങളിലും ഇന്‍ഫര്‍മേഷന്‍ സെല്ലുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ഒരു ഡിവൈ.എസ്.പി യുടെ നേത്യത്വത്തില്‍ മാധ്യമ പ്രവര്‍ത്തനം, വിവരസാങ്കേതിക വിദ്യ, എന്നിവയില്‍ അഭിരുചിയും താല്പര്യവുമുള്ള രണ്ടു സിവില്‍ പോലീസ് ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് രൂപം നല്‍കുന്നത്. പോലീസ് സ്റ്റേഷനുകള്‍, ഡിവൈ.എസ്.പി ഓഫീസുകള്‍, ജില്ലാ പോലീസ് ആസ്ഥാനം എന്നിവിടങ്ങളില്‍ നിന്നുള്ള പത്രക്കുറിപ്പുകളും അറിയിപ്പുകളും ഈ കേന്ദ്രങ്ങള്‍ വഴിയേ നല്‍കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം എല്ലാ അറിയിപ്പുകളും info.pol@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ പോലീസ് ആസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ സെന്ററിലും അതതു ദിവസം നല്‍കണം. ഇതുകൂടാതെ സംസ്ഥാനാടിസ്ഥാനത്തില്‍ നല്‍കേണ്ട വിവരങ്ങള്‍ സംസ്ഥാന പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വഴി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അയച്ചുനല്‍കി അതുവഴി വിതരണം ചെയ്യണം.

പ്രധാനപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് ആവശ്യമെങ്കില്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് പത്രസമ്മേളനം വിളിക്കാവുന്നതാണ്. എന്നാല്‍ അതിനു താഴെയുള്ള ഉദ്യോഗസ്ഥര്‍ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ പത്രസമ്മേളനം നടത്തുന്നതിന് സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close