HealthLife

ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ്: പരിപാടികള്‍ക്ക് അന്തിമരൂപം

തിരുവനന്തപുരം: സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിലെ (ഐ.എ.സി. 2018) പരിപാടികള്‍ക്ക് അന്തിമരൂപമായി. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഗവ. ആയുര്‍വേദ കോളേജ് ആഡിറ്റോറിയത്തില്‍ നടന്ന ആയുഷ് മേഖലയിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പാള്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും യോഗത്തിലാണ് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കിയത്.

ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവകളുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാ രീതികള്‍ ലോകമെങ്ങും പരിചയപ്പെടുത്താനും അവയെ ശക്തിപ്പെടുത്താനുമാണ് ആയുഷ് കോണ്‍ക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സംരഭകരുമായി കേരളത്തിലെ ആയുഷ് മേഖലയ്ക്ക് പരസ്പര സഹകരണത്തിനുള്ള അവസരം സൃഷ്ടിക്കാനും കഴിയും.

അന്താരാഷ്ട്ര സെമിനാര്‍, നാഷണല്‍ ആരോഗ്യ എക്‌സ്‌പോ, ബിസിനസ് മീറ്റ്, എല്‍.എസ്.ജി. ലീഡേഴ്‌സ് മീറ്റ്, ആയുര്‍വേദ ഔഷധനയം ശില്‍പശാല, ആരോഗ്യവും ആഹാരവും ശില്‍പശാല, കാര്‍ഷിക സംഘമം, ആയുഷ് ഐക്യദാര്‍ഢ്യ സമ്മേളനം, ആയുഷ് സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ് എന്നിവയാണ് പ്രധാന പരിപാടികള്‍.

അന്താരാഷ്ട്ര സെമിനാര്‍

പൊതുജനാരോഗ്യ മേഖലയിലെ വിവിധ തലങ്ങളില്‍ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ഇടപെടലുകളും വിശാല സാധ്യതകളും എന്നതാണ് അന്താരാഷ്ട്ര സെമിനാറിന്റെ വിഷയം. മുഖ്യ വിഷയത്തിന്റെ ഭാഗമായി നിരവധി ഉപ വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടുന്ന സെമിനാറില്‍ അന്താരാഷ്ട്ര പ്രഗത്ഭരായ നിരവധി അക്കാദമിക് പണ്ഡിതര്‍, ക്ലിനീഷ്യന്മാര്‍, ഗവേഷകര്‍ എന്നിവര്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും. ഈ സെമിനാറിന്റെ ഫലപ്രദമായ പരിസമാപ്തിയുടെ ഭാഗമായി ചര്‍ച്ചകളുടെ സമഗ്ര രേഖ പ്രസിദ്ധപ്പെടുത്തുകയും മേഖലയുടെ വികസനത്തിനു വേണ്ടി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യും.

നാഷണല്‍ ആരോഗ്യ എക്‌സ്‌പോ

ആയുഷ് വൈദ്യശാസ്ത്ര മേഖലയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് എക്‌സ്‌പോയുടെ ഉദ്ദേശം. ആയുഷ് സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ സ്ഥാപിക്കുന്നതരത്തിലുള്ള ഹോം പവിലിയന്‍, ആയുഷ് മേഖലയിലെ നൂതന വികാസപരിണാമങ്ങള്‍, ഔഷധ നിര്‍മ്മാതാക്കള്‍, രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ അവരവരുടെ നേട്ടങ്ങളെയും മികവുകളെയും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന പവലിയനുകള്‍ എന്നിവ എക്‌സ്‌പോയില്‍ ഉണ്ടാകും. ഔഷധ നിര്‍മ്മാതാക്കള്‍ പുതിയതായി വികസിപ്പിച്ചെടുത്ത് പ്രൊപ്പറൈറ്ററി ലൈസന്‍സ് നേടിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് സൗകര്യവും എക്‌സ്‌പോയില്‍ ഒരുക്കുന്നുണ്ട്. ആയിരത്തിലേറെ ഔഷധികളെ ഉള്‍പ്പെടുത്തികൊണ്ട് ഔഷധസസ്യപ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിക്കും.

ബിസിനസ് മീറ്റ്

1) ഹെര്‍ബല്‍ ബസാര്‍: ഔഷധനിര്‍മ്മാതാക്കള്‍ക്ക് അവരുടെ മാര്‍ക്കറ്റ് വിപുലപ്പെടുത്തുന്നതിന് സഹായകമായി അന്താരാഷ്ട്രതലത്തിലുള്ള വില്‍പ്പനക്കാരുടെയും വാങ്ങുന്നവരുടെയും കൂടിച്ചേരലും അന്യോന്യമുള്ള ചര്‍ച്ചകളും ലോക വിപണിയില്‍ വിവിധ രാജ്യങ്ങളിലേയ്ക്ക് ഔഷധ ആയുഷ് അധിഷ്ഠിത ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച പ്രശ്‌നങ്ങളും പരിഹാര മാര്‍ശങ്ങളും സംബന്ധിച്ച് അവതരണങ്ങളും ‘ഹെര്‍ബല്‍ ബാസാര്‍’ എന്ന സെഷനില്‍ ഉണ്ടാകും.

2) ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍: കേരളത്തിലെ വിവിധ ആയുര്‍വേദ ചികിത്സാസ്ഥാപനങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും അന്താരാഷ്ട ആരോഗ്യ വിനോദസഞ്ചാര മാധ്യമപ്രതിനിധികളും പങ്കെടുക്കുന്നതാണ് ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍. ഈ സെഷനില്‍ ആയുഷ് ഹെല്‍ത്ത് ടൂറിസം മേഖലയില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഫലപ്രദമാക്കാം, അതിനുള്ള വിഭവസമാഹരണം സാധിക്കുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ടൂര്‍ ഓപ്പറേറ്റര്‍മാരും സേവനദാതാക്കളും തമ്മിലുള്ള ഒറ്റയ്ക്കും കൂട്ടായും ഉള്ള ചര്‍ച്ചകള്‍ പുതിയ ബിസിനസ്സ് സാധ്യതകള്‍ക്ക് വഴി തെളിക്കും.

എല്‍.എസ്.ജി. ലീഡേഴ്‌സ് മീറ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയ്യില്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി നടത്തപ്പെട്ട, തെരഞ്ഞെടുക്കപ്പെട്ട പൊതുജനാരോഗ്യ പ്രോജക്ടുകള്‍ പരിശോധിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനും പ്രാദേശിക ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വേദി ഒരുക്കുന്നു. മികച്ച പ്രോജക്ടുകള്‍ അവതരിപ്പിക്കപ്പെടുകയും അംഗീകാരം നല്‍കുകയും ചെയ്യും.

ആയുര്‍വേദ ഔഷധനയം ശില്പശാല

ആയുര്‍വ്വേദ ഔഷധനയം രൂപികരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കൊപ്പം ഇതര ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ഔഷധ നിര്‍മ്മാണ മേഖലയും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഔഷധസസ്യകൃഷി മുതല്‍ വിപണനം വരെയുള്ള വിവിധ തലങ്ങളും കര്‍ഷകരുടെയും വ്യവസായികളുടെയും വില്‍പ്പനക്കാരുടെയും ചികിത്സകരുടെയും പൊതുജനങ്ങളുടെയും ഭാഗത്തു നിന്നും ഈ മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും അഭിപ്രായങ്ങളും ചര്‍ച്ചചെയ്യപ്പെടുന്ന ഒരു ശില്പശാലയായിരിക്കും ഇത്. ആയുര്‍വേദ ഔഷധനയം രൂപീകരിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം സാക്ഷാതിക്കരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഈ ശില്പശാല.

ആരോഗ്യവും ആഹാരവും ശില്പശാല

രോഗങ്ങള്‍ അവയുടെ പ്രതിരോധം ചികിത്സ എന്നിവ നല്ല ഭക്ഷണം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ആരോഗ്യവും ആഹാരവും ശില്പശാല സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഹെല്‍ത്ത് ഫുഡ് ഫെസ്റ്റിവല്‍ ‘കിച്ചന്‍ ഫാര്‍മസി’ എന്ന പേരില്‍ സംഘടിപ്പിക്കും.

കാര്‍ഷിക സംഗമം

ഔഷധസസ്യ കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നവരെയും പങ്കെടുപ്പിച്ച് കൊണ്ട് കര്‍ഷകസംഗമം നടത്തും. സ്‌റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡാണ് ഇതിന് നേതൃത്വം നല്‍കുക.

ആയുഷ് ഐക്യദാര്‍ഢ്യസമ്മേളനം

ആയുഷ് വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ ശക്തിയും സാധ്യതകളും അനുഭവിച്ചറിഞ്ഞിട്ടുളള പൊതുസമൂഹത്തിന്റെ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയാണിത്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രമുഖരെ ആയുഷിനായി ഐക്യദാര്‍ഢ്യപ്പെടുത്തുന്ന ഈ പരിപാടി സമൂഹത്തില്‍ ആയുഷിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും.

ആയുഷ് സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ്

ഈ മേഖലയില്‍ പുതിയ ആശയങ്ങള്‍ വളര്‍ത്തുന്നതിനും അവയ്ക്ക് മൂലധനം കണ്ടെത്തുന്നതിനും വ്യവസായ സമൂഹത്തിന്റെ സഹായത്തോടെ നടത്തുന്ന സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ് കേരള വികസനത്തില്‍ ആയുഷിന്റെ നവസംരംഭകത്വം ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കും.

അനുബന്ധ പരിപാടികള്‍

ആയുഷ് വിദ്യാര്‍ത്ഥി സംഗമം, ആയുഷ് വിഭാഗങ്ങളിലേക്ക് ആശമാരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള ആലോചനായോഗങ്ങള്‍, ഔഷധ സസ്യപ്രചരണം, പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പ്രഭാഷണങ്ങള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ എന്നിവ ഇതോടൊപ്പം അനുബന്ധ പരിപാടികളായി സംസ്ഥാനത്തുടനീളം നടക്കും.

ഐ.എ.സി. 2018 പങ്കാളിത്തം

രജിസ്റ്റര്‍ ചെയ്ത 2000 പ്രതിനിധികള്‍, വിദഗ്ദ്ധരായ 500 പ്രത്യേക ക്ഷണിതാക്കള്‍, 100 ഗവേഷണ പ്രാധാന്യമുള്ള പ്രഭാഷണങ്ങള്‍, വ്യവസായി മേഖലയില്‍ നിന്നുമുള്ള 200 വിദഗ്ദ്ധര്‍, 50 സര്‍ക്കാര്‍, സ്വയംഭരണ ഏജന്‍സികള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നും 200 പ്രതിനിധികള്‍ എന്നിവര്‍ ഐ.എ.സി. 2018 ല്‍ പങ്കെടുക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close