KeralaNews

മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തില്‍ ആവേശം കൊണ്ടവര്‍ കേരളത്തിലെ കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്തുകയാണ്: സുധീരന്‍

കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി കര്‍ഷകകൂട്ടായ്മയ്ക്ക് നേരെ ഇന്നലെ പോലീസും സിപിഎമ്മും നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി വിഎം സുധീരന്‍ രംഗത്ത്. ഭരണകൂട ഭീകരതയും സിപിഎം നേതൃത്വത്തിന്റെ ഫാസിസ്റ്റ് ശൈലിയുമാണ് ഇത് സൂചിപ്പിക്കുന്നത്. ബഹുരാഷ്ട്ര കുത്തകയ്ക്ക് വേണ്ടി നന്ദിഗ്രാമില്‍ സിപിഎം ഭരണകൂടം കര്‍ഷക കൂട്ടക്കൊല നടത്തിയതിന്റെ പതിനൊന്നാം വാര്‍ഷികദിനത്തിലാണ് ഇതെല്ലാം നടന്നത് എന്നത് വലിയൊരു പ്രത്യേകതയാണ് എന്ന കാര്യവും സുധീരന്‍ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മുന്നേറ്റത്തിന്റെ പേരില്‍ ആവേശം കൊള്ളുകയും എന്നാല്‍ ഇവിടെ ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തി സമരം ചെയ്യുന്ന കര്‍ഷകരെ ജന്മിമുതലാളിത്ത മനോഭാവത്തോടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ട മുഖമാണ് ഇതില്‍ പ്രകടമാകുന്നത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി കര്‍ഷകകൂട്ടായ്മയ്ക്ക് നേരെ ഇന്നലെ പോലീസും സി.പി.എമ്മും നടത്തിയ അതിക്രമങ്ങള്‍ അനാവരണം ചെയ്യുന്നത് ഭരണകൂട ഭീകരതയും സിപിഎം നേതൃത്വത്തിന്റെ ഫാസിസ്റ്റ് ശൈലിയുമാണ്. ബഹുരാഷ്ട്ര കുത്തകയ്ക്ക് വേണ്ടി നന്ദിഗ്രാമില്‍ സി.പി.എം. ഭരണകൂടം കര്‍ഷക കൂട്ടക്കൊല നടത്തിയതിന്റെ പതിനൊന്നാം വാര്‍ഷികദിനത്തിലാണ് ഇതെല്ലാം നടന്നത് എന്നത് വലിയൊരു പ്രത്യേകതയാണ്.

നെല്‍വയല്‍ നികത്തുന്നതിനെതിരെ സമരം ചെയ്യുന്നവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുക, പോലീസ് നോക്കിനില്‍ക്കേ സമരപ്പന്തല്‍ കത്തിച്ചുകളയുക, സമരം ചെയ്യുന്നവരോട് ഇനി ചര്‍ച്ചയില്ലെന്ന മാടമ്ബി സ്വഭാവം ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുക ഇതൊക്കെ ജനാധിപത്യ ഭരണകൂടത്തിന്‍ കീഴില്‍ നടക്കാന്‍ പാടില്ലാത്തതാണ്.

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മുന്നേറ്റത്തിന്റെ പേരില്‍ ആവേശം കൊള്ളുകയും എന്നാല്‍ ഇവിടെ ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തി സമരം ചെയ്യുന്ന കര്‍ഷകരെ ജന്മിമുതലാളിത്ത മനോഭാവത്തോടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ട മുഖമാണ് ഇതില്‍ പ്രകടമാകുന്നത്.

കമ്മ്യൂണിസ്റ്റ് രീതികള്‍ കൈവിട്ട് ഫാസിസ്റ്റ്മുതലാളിത്ത ശൈലിയുമായി ജനങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്ന പിണറായി സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യ കേരളത്തിനും തീരാകളങ്കമാണ് വരുത്തിയിരിക്കുന്നത്.

ഇനിയെങ്കിലും വയല്‍ക്കിളി കര്‍ഷകകൂട്ടായ്മ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും രമ്യമായി പരിഹരിക്കാനും സാമാന്യനീതി ജനങ്ങള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ അത് മാപ്പര്‍ഹിക്കാത്ത അതിഗുരുതര വീഴ്ചയായിരിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close