From the EditorTrending

തമി‍ഴക രാഷ്ട്രീയത്തിൽ കമൽഹാസന് രജനീകാന്തിനേക്കാൾ സാധ്യതയുണ്ടെന്ന വിലയിരുത്തലിന് കാരണമിതാണ്

1992ലാണ് കമൽഹാസൻ ചിത്രം തേവർ മകൻ റിലീസ് ചെയ്തത്.ശിവാജി ഗണേശൻ അവതരിപ്പിക്കുന്ന പെരിയ തേവരുടെ നിര്യാണത്തെ തുടർന്ന് ഗ്രാമവാസികളുടെ നേതാവാകുന്ന തേവർമകനാകുകയാണ് ചിത്രത്തിൽ കമൽഹാസൻ.ഫെബ്രുവരി 19ന് തുടങ്ങിയ കമൽഹാസന്‍റെ സജീവ രാഷ്ട്രീയ സപര്യയ്ക്കും ഈ ചിത്രത്തിനും സാമ്യങ്ങളേറെയുണ്ടെന്ന വിലയിരുത്തൽ സജീവമാണ്.

മക്കൾ നീതി മയ്യം എന്നാണ് കമൽഹാസന്‍റെ പാർട്ടിയുടെ പേര്.ജന നീതി കേന്ദ്രം എന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാം,പീപ്പിൾസ് ജസ്റ്റിസ് സെന്‍റ്ർ എന്ന് ഇംഗ്ലീഷിലും.ഇതിലെ രണ്ടു വാക്കുകൾ,ജസ്റ്റിസ്,സെന്‍റർ,എന്നിവ പാർട്ടിയുടെ പേരിൽ ഇടം പിടിച്ചത് യാദൃശ്ചികമല്ല.101 വർഷം മുമ്പ് മദ്രാസ് സംസ്ഥാനത്ത് രൂപം കൊണ്ട പാർട്ടിയാണ് ജസ്റ്റിസ് പാർട്ടി.ഇതാണ് പിന്നീട് പെരിയാർ ഇവി രാമസ്വാമിയുടെ ദ്രാവിഡ ക‍ഴകം എന്ന പാർട്ടിയുടെ പ്രാഗ് രൂപം.പിന്നീടത് ഡിഎംകെയായി.

ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ പിൻഗാമി എന്ന മട്ടിൽ അറിയപ്പെടാനാണ് കമൽഹാസൻ ശ്രമിക്കുന്നത്.തമി‍ഴ് പാരമ്പര്യത്തിന്‍റെ ഈറ്റില്ലമായ മധുര തന്നെ തന്‍റെ പാർട്ടി പ്രഖ്യാപനത്തിന് തെരഞ്ഞെടുത്തതും യാദൃശ്ചികമല്ല.തേവർ സമുദായ ശക്തിദുർഗമായ മധുര ജെല്ലിക്കെട്ടിനും പ്രസിദ്ധമാണ്.

ആറു കൈകൾ കോർത്തു പിടിച്ചതാണ് കമൽഹാസന്‍റെ പാർട്ടിയുടെ ഛിഹ്നം.ഇത് പുതുച്ചേരി അടക്കമുളള 6 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കുറിക്കുന്നു.ചുവപ്പും വെളളയും കറുപ്പുമാണ് കൊടിയുടെ നിറം.ചെഗുവേരയുടെ ഫാനായ കമൽഹാസൻ തന്‍റെ പാർട്ടിയുടെ കൊടിയിൽ ഒരു നക്ഷത്രവും കുറിക്കുന്നു.

രജനീകാന്തിന് തൊട്ടു മുമ്പ് കമൽഹാസൻ പ്രത്യക്ഷ രാഷ്ട്രീയ ജീവിയായിരിക്കുന്നു.അടുത്ത് തന്നെ രജനിയും രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നുണ്ട്.എന്നാൽ തങ്ങളുടെ പാതകൾ വ്യത്യസ്തമാണെന്ന് ഇരുവരും പ്രഖ്യാപിച്ചു ക‍ഴിഞ്ഞു.രജനിയുടെ ആത്മീയ രാഷ്ട്രീയം ബിജെപി മനസോടെയാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്.ബിജെപിക്ക് ഒരു കാലത്തും തമി‍ഴ് മണ്ണിൽ കാലുറപ്പിക്കാനായില്ലെന്നത് ശ്രദ്ധേയമാണ്.

പാർട്ടി പ്രഖ്യാപന വേദിയിലെ അരവിന്ദ് കെജ്രിവാളിന്‍റെ സാന്നിധ്യവും പിണറായി വിജയന്‍റെ ആശംസയും നൽകുന്ന സൂചന കമലിന്‍റെ പാർട്ടി അ‍ഴിമതി വിരുദ്ധ പ്രതിഛായ ആഗ്രഹിക്കുന്നു എന്നതാണ്.കമ്മ്യൂണിസ്റ്റു പാർട്ടിയോട് അനുഭാവം പലപ്പോ‍ഴായി പ്രഖ്യാപിച്ചിട്ടുളള കമൽഹാസൻ അറിയപ്പെടുന്ന നിരീശ്വരവാദിയുമാണ്.

എന്നാൽ അ‍ഴിമതി വിരുദ്ധ മുന്നേറ്റം തമി‍ഴ്നാട്ടിൽ സാധ്യമാണോയെന്ന് പല വിദഗ്ധരും ചോദിക്കുന്നു.വോട്ടു പോലും കാശാക്കി മാറ്റി ശീലമുളളവരാണ് തമി‍ഴ് ജനത.ഒരോട്ടിന് ഇപ്പോ‍ഴത്തെ നിരക്ക് ആറായിരം രൂപയിലെത്തി നിൽക്കുന്നു.എന്നാൽ ഇവിടെയാണ് കമൽഹാസൻ എംജിആർ മാതൃകയാണ് പിന്തുടരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്

എംജിആർ ഡിഎംകെയിൽ നിന്ന് പുറത്താവുന്നത് ഒരു അ‍ഴിമതി വിരുദ്ധ പോരാട്ടത്തിലൂടെയാണ്.അന്നത്തെ പാർട്ടി മുഖ്യമന്ത്രി കരുണാനിധിയുമായായിരുന്നു.പാർട്ടി അക്കൗണ്ടുകൾ സുതാര്യമാക്കണമെന്ന പരസ്യ പ്രഖ്യാപനത്തിലൂടെയാണ് എംജിആർ പാർട്ടി വിരുദ്ധനാകുന്നതും പുറത്താക്കപ്പെടുന്നതും.ഈ തരംഗം കമൽഹാസന് ആവർത്തിക്കാനായാൽ തമി‍ഴ്ജനത,പ്രത്യേകിച്ച് സ്ത്രീകൾ കമലിനോട് ചേർന്ന് നിൽക്കും.

ആരോഗ്യം,വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് കമൽഹാസൻ പിന്നീട് ഊന്നുന്നത്.ഉളളവനും ഇല്ലാത്തവനും തമ്മിൽ വ്യക്തമായ ചേരിചിരിവ് നിലനിൽക്കുന്ന തമി‍ഴ് സമൂഹത്തിൽ ഈ ഊന്നലുകൾ പ്രസക്തമാണ്.അ‍ഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ മധ്യവർഗത്തേയും ആരോഗ്യ-വിദ്യഭ്യാസ മേഖലകളിലെ ഇടപെടലിലൂടെ ദരിദ്ര ജനവിഭാഗങ്ങളേയും അഭിസംബോധന ചെയ്യാൻ കമൽഹാസനാകും.

വിരുമാണ്ടി,തേവർമകൻ എന്നീ ചിത്രങ്ങളിൽ കമൽ കൈകാര്യം ചെയ്തത് തേവർ സമൂഹത്തിന്‍റെ വിഷയങ്ങളാണ്.എഐഎഡിഎംകെയുടെ നട്ടെല്ലാണ് ഈ സമൂഹം.അതു കൊണ്ടു തന്നെയാണ് കമൽഹാസന്‍റെ രാഷ്ട്രീയ പ്രവേശത്തെ ഏറെ എതിർക്കുന്ന പാർട്ടി എഐഎഡിഎംകെ ആയത്.

രജനീ രാഷ്ട്രീയത്തിൽ ഇപ്പോ‍ഴും”ഓൺ” മൂഡിയായിട്ടില്ല.എന്നാൽ ഈ വർഷം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്ത വർഷം നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിലും ഒരു കൈ നോക്കി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സുസജ്ജമായി നേരിടാനാണ് കമൽഹാസൻ ശ്രമിക്കുന്നത്.

കമലിനേക്കാൾ ആരാധകവൃന്ദമുളളത് രജനീകന്തിനാണെന്നത് സുവ്യക്തം.എന്നാൽ രാഷ്ട്രീയത്തിൽ അസാധ്യമായി ഒന്നുമില്ല.2003 ലെ അൻപേ ശിവം എന്ന ചിത്രത്തിൽ കമൽഹാസൻ ഇങ്ങിനെ പറഞ്ഞുവെയ്ക്കുന്നുണ്ട്.

“അടുത്ത നിമിഷത്തിൽ ലോകം നിങ്ങൾക്കായി അത്ഭുതങ്ങൾ കാത്തുവെച്ചിരിക്കുന്നു.”ഈ അത്ഭുതം തന്നെയാണ് കമൽഹാസൻ ഉന്നംവെയ്ക്കുന്നതും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close