NationalNews

മോദി തരംഗം രാജ്യത്ത് ഇപ്പോഴും തുടരുന്നുവെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ സര്‍വെ ഫലം

ന്യൂഡല്‍ഹി: അധികാരത്തിലേറി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സ്വീകാര്യതയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ സര്‍വെയില്‍ കണ്ടെത്തല്‍. വാഷിങ്ടണ്‍ ആസ്ഥാനമായ പ്യൂ റിസേര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

മൂന്ന് വര്‍ഷം കൊണ്ട് മോദി സര്‍ക്കാരിന്റെ മധുവിധു കാലം പൂര്‍ത്തിയാട്ടുണ്ടാകാമെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് സര്‍ക്കാരിനെ നയിക്കുന്ന മോദിയോടുമുള്ള പ്രിയം മാറ്റമില്ലാതെ തുടരുന്നുവെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

 

2464 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് 2017 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 10 വരെയാണ് പഠനം നടത്തിയത്. ദേശീയ നേതാക്കളുടെ സ്വാധീനത്തെ കുറിച്ചുള്ള പഠനത്തില്‍ 88 ശതമാനം പിന്തുണ നേടി പ്രധാനമന്ത്രി മോദി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 58 ശതമാനം പിന്തുണയുള്ളപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് 57 ശതമാനം പിന്തുണയാണുള്ളത്. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും തൊട്ടുപിന്നിലുണ്ട്.

 

നോട്ട് നിരോധനവും ജിഎസ്ടിയും സര്‍ക്കാരിന് സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിയെങ്കിലും അത് പ്രധാനമന്ത്രിയുടെ സ്വീകര്യതയെ ബാധിച്ചിട്ടില്ലെന്നാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണ്ടെത്തല്‍. രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് സ്വീകര്യതയ്ക്ക് നേരിയ തോതിലെങ്കിലും കുറവ് വന്നതെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

രാജ്യത്തിന്റെ സാമ്പത്തിക നിലയെ കുറിച്ച് അഭിപ്രായം ആരാഞ്ഞതില്‍ പത്തില്‍ എട്ട് പേരും മികച്ചതെന്നായിരുന്നു പ്രതികരിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ തൃപ്തികരമാണെന്ന് ആയിരുന്നു പഠനത്തില്‍ പങ്കെടുത്ത പത്തില്‍ ഏഴു പേരുടേയും പ്രതികരണം. മോദിക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടും കര്‍ണാടകവും അടക്കമുള്ളവ ഉണ്ടെങ്കിലും കേരളം ഉള്‍പ്പെട്ടിട്ടില്ല. ഇന്ത്യയ്ക്ക് പുറമേ പാകിസ്താനിലേയും ചൈനയിലേയും ഭരണാധികാരികളേക്കുറിച്ചും ഭരണനേട്ടങ്ങളെ കുറിച്ചും പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വ്വേ വിശകലനം ചെയ്യുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close