KeralaNews

ഇടത്, വലത് മുന്നണികള്‍ കേരളത്തെ മറ്റൊരു സിറിയയാക്കി മാറ്റുമെന്ന് കുമ്മനം

കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെയും സര്‍ക്കാര്‍ ഭൂമി ഇനിയും കയ്യേറുമെന്ന മന്ത്രിയുടെയും പരസ്യ വെല്ലുവിളികള്‍ കേട്ടാണ് കേരളം അറുപത്തിയൊന്നാം പിറന്നാള്‍ ദിനം ആചരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അറുപത് വര്‍ഷത്തെ ഇടത് വലത് ഭരണത്തിന് ശേഷം കേരളം എവിടെയെത്തി നില്‍ക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ രണ്ട് വെല്ലുവിളികളും.

സാമൂഹ്യ വിരുദ്ധര്‍ക്കും നിയമലംഘകര്‍ക്കും ആരെ വേണമെങ്കിലും വെല്ലുവിളിക്കാം. എന്നാല്‍ ആ വെല്ലുവിളികളോട് ഭരണാധികാരികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. മലയാളികളുടെ ദൗര്‍ഭാഗ്യം എന്ന് പറയട്ടെ ഈ രണ്ട് വെല്ലുവിളികളോടും മൗനം പാലിക്കുകയാണ് കേരളത്തിലെ ഭരണാധികാരികള്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തീവ്രവാദികള്‍ക്കും അഴിമതിക്കാര്‍ക്കും കുടപിടിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്.

കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം അഖിലേന്ത്യാ അധ്യക്ഷ എഎസ് സൈനബയാണ്. ഇതിനായി മഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സത്യസരണിയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

ഇന്ത്യയിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കും ലൗവ് ജിഹാദ് പോലെയുള്ള മതപരിവര്‍ത്തനത്തിനും ഹവാലാ ഇടപാട് വഴി വിദേശ പണം സത്യസരണിക്ക് കിട്ടുന്നുണ്ടെന്ന ഞെട്ടിക്കുന്ന സത്യവും സൈനബ പറയുന്നുണ്ട്. ഒരു ദേശീയ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലാണ് ഇക്കാര്യങ്ങള്‍ സൈനബ വെളിപ്പെടുത്തിയത്. അതോടൊപ്പം തേജസ് ദിനപ്പത്രത്തിന്റെ ദുബായ് മേധാവിയുടെ വെളിപ്പെടുത്തലും ചാനല്‍ പുറത്തു വിട്ടിട്ടുണ്ട്.

ദേശ സുരക്ഷയെത്തന്നെ ബാധിക്കുന്ന വലിയൊരു വിവരം ഉത്തരവാദപ്പെട്ട ഒരു മാധ്യമ സ്ഥാപനം പുറത്തു വിട്ടിട്ടും ഇക്കാര്യം അറിഞ്ഞ ഭാവം പോലും പിണറായി വിജയനോ സംസ്ഥാന പൊലീസോ കാണിച്ചിട്ടില്ല. ഭാരതീയ ജനതാപാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ പുതിയതല്ല. സത്യസരണി കേന്ദ്രീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെപ്പറ്റി വളരെ മുന്‍പ് തന്നെ ബിജെപി ചൂണ്ടിക്കാണിച്ചതാണ്.

മുഖ്യമന്ത്രി പദമെന്ന ജീവിതാഭിലാഷം നേടാന്‍ പിണറായി വിജയന്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് സമീപ കാലത്ത് കേരളത്തില്‍ മതതീവ്രവാദം ശക്തിപ്പെടാന്‍ കാരണം. മതതീവ്രവാദികളെ കൂട്ടുപിടിച്ച് ഭരണത്തിലെത്തിയ സിപിഐഎമ്മിന് അവരെ എതിര്‍ക്കാന്‍ താത്പര്യമില്ല. മാത്രമല്ല ഭരണത്തുടര്‍ച്ചയെന്ന നടക്കാത്ത സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാനാണ് സിപിഐഎം ശ്രമം. അതാണ് ഭീകരവാദത്തോട് പോലും സന്ധിചെയ്യാന്‍ സിപിഐഎമ്മിനെ പ്രേരിപ്പിക്കുന്നത്.

കേരളത്തിലെ തീവ്രവാദികളുടെ നേഴ്‌സറിയാണ് സത്യസരണി. ഇത് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സത്യസരണിയ്‌ക്കെതിരെ ഹൈക്കോടതി പരാമര്‍ശം ഉണ്ടായിട്ടും അവിടെ പരിശോധന നടത്താന്‍ പൊലീസിന് അനുമതി നല്‍കാത്തത് ദുരൂഹമാണ്. സ്വര്‍ണ്ണകള്ളക്കടത്ത് തെറ്റല്ലെന്ന സിപിഐഎം നേതാക്കളുടെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടിവായിക്കണം.

സ്വര്‍ണ്ണക്കടത്ത് വഴി കിട്ടുന്ന കള്ളപ്പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഏത് കൊച്ചു കുട്ടിക്കും അറിവുള്ളപ്പോഴാണ് അത് കുറ്റമല്ലെന്ന സിപിഐഎം നേതാക്കളുടെ പ്രസ്താവന. കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളും പൊലീസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളികളുമായി സെല്‍ഫി എടുത്ത് രസിക്കുന്ന ഇടത് വലത് നേതാക്കള്‍ രാജ്യത്തിന് ഭീഷണിയാണ്. മാത്രവുമല്ല ഇനിയും അവരെ സഹായിക്കുമെന്ന് പറയുന്ന ജനപ്രതിനിധികള്‍ മലയാളിയുടെ ഗതികേടല്ലാതെ മറ്റൊന്നുമല്ല.

നാടിനെയും നാട്ടാരേയും സംരക്ഷിക്കുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരമേറ്റ ജനപ്രതിനിധിയാണ് സര്‍ക്കാര്‍ ഭൂമി ഇനിയും കയ്യേറുമെന്ന് പരസ്യമായി പറയുന്നത്. ഇത് കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും സംഭവിക്കുമോയെന്നും കുമ്മനം ചോദിക്കുന്നു. അഴിമതിക്കെതിരെ ജനങ്ങളെ ജാഗരൂകരാക്കാന്‍ നടത്തുന്ന ജാഥയുടെ വേദിയിലായിരുന്നു ഈ വെല്ലുവിളി. ഭരണ മുന്നണിയിലെ രണ്ടാമനെ സാക്ഷി നിര്‍ത്തി നടത്തിയ ഈ വെല്ലുവിളിയ്‌ക്കെതിരെയും പ്രതികരിക്കാന്‍ നട്ടെല്ലുള്ള ഭരണാധികാരികള്‍ ഇല്ലാതെയായി എന്നത് മലയാളിയുടെ ദുര്യോഗമാണ്. സ്വന്തം മന്ത്രിസഭയിലെ ഒരംഗം പരസ്യമായി വെല്ലുവിളി നടത്തിയതും മുഖ്യമന്ത്രി കണ്ടില്ല, കേട്ടില്ല.

ഊരിപ്പിടിച്ച കത്തിക്ക് മുന്നിലൂടെ ഇരട്ടച്ചങ്കുമായി നടന്നു നീങ്ങി എന്ന ഗീര്‍വാണം മുഴക്കുന്നതല്ല ധീരനായ ഭരണാധികാരിയുടെ ലക്ഷണം. സമൂഹത്തിന് നേരെ ഉയരുന്ന ഓരോ വെല്ലുവിളിയേയും തനിക്ക് നേരെ ഉയരുന്ന ഭീഷണിയായി കരുതി ഭരണാധികാരി നേരിടണം. അതിനാണ് ചങ്കുറപ്പ് കാണിക്കേണ്ടത്. അല്ലാതെ നാല് വോട്ടിനു വേണ്ടി ഏത് കൊള്ളരുതായ്മയും കണ്ടില്ലെന്ന് നടിക്കലല്ല. പ്രബുദ്ധ കേരളം തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ എതിര്‍ക്കേണ്ട ബാധ്യത കേരളം ഭരിച്ചവര്‍ക്കും ഭരിക്കുന്നവര്‍ക്കുമാണ്.

എന്നാല്‍ അവര്‍ ഇന്ന് രാജ്യവിരുദ്ധരുടെ കയ്യിലെ കളിപ്പാവയായി മാറിയിരിക്കുന്നു. അതിനാല്‍ കേരളത്തെ രക്ഷിക്കാനുള്ള ബാധ്യത ഓരോ മലയാളിയും ഏറ്റെടുക്കണം. അഴിമതിക്കും തീവ്രവാദത്തിനും കൂട്ടു നില്‍ക്കുന്ന ഇടത് വലത് മുന്നണികളെ നോക്കിയിരുന്നാല്‍ കേരളം ഏറെ വൈകാതെ മറ്റൊരു സിറിയയായി മാറും. അതിന് അനുവദിച്ചു കൂടാ. നമ്മുടെ സുരക്ഷ നാം തന്നെ ഉറപ്പാക്കണം. അതിനുള്ള തീരുമാനമാണ് ഈ കേരളപ്പിറവി ദിനത്തില്‍ ഓരോ മലയാളിയും കൈക്കൊള്ളേണ്ടത്. കുമ്മനം പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close